കരീബിയൻ ചുഴലിയിൽ കടപുഴകി പാകിസ്ഥാൻ; വിൻഡീസ് വിജയം അനായാസം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st May 2019 06:33 PM  |  

Last Updated: 31st May 2019 06:33 PM  |   A+A-   |  

D75W23pXoAAO2AK

 

ലണ്ടന്‍: ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ വെറും 105 റണ്‍സിന് പുറത്തായപ്പോള്‍ വിന്‍ഡീസ് 13.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 108 റണ്‍സെടുത്താണ് വിജയിച്ചത്. ഏഴ് വിക്കറ്റിനാണ് വിന്‍ഡീസ് വിജയം.

വെറ്ററന്‍ ഓപണര്‍ ക്രിസ് ഗെയ്‌ലിന്റെ അര്‍ധ ശതകമാണ് വിന്‍ഡീസ് ജയം എളുപ്പമാക്കിയത്. ഗെയ്ല്‍ മൂന്ന് സിക്‌സും ആറ് ഫോറും സഹിതം 34 പന്തില്‍ 50 റണ്‍സുമായി മടങ്ങി. ഷായ് ഹോപ് (11), ഡാരന്‍ ബ്രാവോ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. മൂന്ന് പേരെയും മടക്കിയത് മുഹമ്മദ് ആമിര്‍ ആണ്. 

നാലാമനായി ക്രീസിലെത്തിയ നിക്കോളാസ് പൂരന്‍ (19 പന്തില്‍ 34), ഹെറ്റ്‌മേയര്‍ (ഏഴ്) എന്നിവര്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. നിക്കോളാസ് പൂരന്‍ രണ്ട് സിക്‌സും നാല് ഫോറും പറത്തി.

നേരത്തെ ടോസ് നേടി വിൻഡീസ് ബൗളിങ് തിര‍ഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ ഓപണർ ഇമാം ഉൾ ഹഖ് രണ്ട് റൺസുമായി മടങ്ങി. പിന്നാലെയെത്തിയ ബാബർ അസം മറ്റൊരു ഓപണർ ഫഖർ സമാന് പിന്തുണ നൽകിയതോടെ പാക്കിസ്ഥാൻ ട്രാക്കിലായെന്ന് തോന്നിപ്പിച്ചു. എന്നാൽ ആന്ദ്രെ റസ്സൽ ബൗളിങിനെത്തിയതോടെ പാക്കിസ്ഥാന്റെ ബാറ്റിങും ആടിയുലഞ്ഞു. 16 പന്തിൽ 22 റൺസെടുത്ത ഫഖർ സമാനെ റസ്സൽ ക്ലീൻ ബൗൾഡാക്കി. പിന്നാലെയെത്തിയ ഹാരിസ് സൊഹൈലിനേയും റസ്സൽ പുറത്താക്കി. എട്ട് റൺസായിരുന്നു ഹാരിസിന്റെ സമ്പാദ്യം. കരുതലോടെ മുന്നേറിയ ബാബർ അസമിനെ ഓഷെയ്ൻ തോമസ് വിക്കറ്റ് കീപ്പർ ഷായ് ഹോപിന്റെ കൈകളിലെത്തിച്ചു. 

ആദ്യ രണ്ട് ഓവറിൽ 20 റൺസ് വഴങ്ങിയ ക്യാപ്റ്റൻ ജാസൻ ഹോൾഡർ മൂന്നാം ഓവർ എറിയാനെത്തി ആ ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി പാക്കിസ്ഥാനെ ഞെട്ടിച്ചു. എട്ട് റൺസെടുത്ത പാക് നായകൻ സർഫ്രാസ് അ​ഹമ്മദിനെയും ഒരു റൺസെടുത്ത ഇമദ് വാസിമിനെയുമാണ് ഹോൾഡർ കൂടാരം കയറ്റിയത്. ഷ​ദബ് ഖാൻ നേരിട്ട ആദ്യ പന്തിൽ തന്നെ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തേക്കുള്ള വഴി കണ്ടു. ഒഷെയ്ൻ തോമസിനാണ് വിക്കറ്റ്. പിന്നാലെ വന്ന ഹസൻ അലിയെ ​ഹോൾഡർ ക്രിസ് ​ഗെയിലിന്റെ കൈകളിലെത്തിച്ചു. ഒരറ്റത്ത് പിടിച്ചുനിൽക്കാൻ ശ്രമം നടത്തിയിരുന്ന മുഹമ്മദ് ഹഫീസിനെ ഒഷെയ്ൻ തോമസ് പുറത്താക്കി. 16 റൺസായിരുന്നു താരം എടുത്തത്. 

പത്താമനായി ക്രീസിലെത്തിയ വഹാബ് റിയാസിന്റെ മിന്നൽ ബാറ്റിങാണ് പാക് സ്കോർ 100 കടത്തിയത്. താരം 11 പന്തിൽ രണ്ട് സിക്സും ഒരു ഫോറും സഹിതം 18 റൺസെടുത്തു. വഹാബിനെ പുറത്താക്കി ഒഷെയ്ൻ തോമസ് പാക് ഇന്നിങ്സിന് തിരശ്ശീലയിടുകയായിരുന്നു.