ചരിത്ര വിജയവുമായി ബംഗ്ലാദേശ് ; ഇന്ത്യയെ തോല്‍പ്പിച്ചത് ഏഴുവിക്കറ്റിന് ; രോഹിതിന് റെക്കോര്‍ഡ്

ബംഗ്ലദേശിനെതിരായ മത്സരത്തോടെ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ട്വന്റി20 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള താരമെന്ന റെക്കോര്‍ഡ് രോഹിത് ശര്‍മ സ്വന്തമാക്കി
ചരിത്ര വിജയവുമായി ബംഗ്ലാദേശ് ; ഇന്ത്യയെ തോല്‍പ്പിച്ചത് ഏഴുവിക്കറ്റിന് ; രോഹിതിന് റെക്കോര്‍ഡ്

ന്യൂഡല്‍ഹി : ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരെ ചരിത്ര ജയം സ്വന്തമാക്കി ബംഗ്ലദേശ്. ന്യൂഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് ബംഗ്ലാദേശ് ഇന്ത്യയെ മുട്ടുകുത്തിച്ചത്. ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശ് നേടുന്ന ആദ്യ ജയമാണിത്. ഇന്ത്യ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

43 പന്തില്‍ 60 റണ്‍സുമായി പുറത്താകാതെ നിന്ന മുഷ്ഫിഖുര്‍ റഹീമാണ് ബംഗ്ലദേശിന്റെ വിജയശില്‍പ്പി. തകര്‍പ്പന്‍ സിക്‌സറോടെയാണ് ബംഗ്ലാദേശിന് മുഷ്ഫിഖര്‍ ചരിത്ര ജയം സമ്മാനിച്ചത്. സൗമ്യ സര്‍ക്കാര്‍ 39 റണ്‍സ് നേടി. മുഹമ്മദ് നയീം 28 പന്തില്‍ 26 റണ്‍സ് നേടി. ഏഴു പന്തില്‍ 15 റണ്‍സുമായി ബംഗ്ലദേശ് ക്യാപ്റ്റന്‍ മഹ്മൂദുല്ല പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ദീപക് ചഹര്‍, ഖലീല്‍ അഹമ്മദ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറിന് 148 റണ്‍സെടുത്തു. 42 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 41 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ 13 പന്തില്‍ 22 റണ്‍സും, ഋഷഭ് പന്ത് 26 പന്തില്‍ 27 റണ്‍സുമെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (5 പന്തില്‍ 9), കെ.എല്‍. രാഹുല്‍ (17 പന്തില്‍ 15),  ശിവം ദുബെ (1) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍.

ബംഗ്ലദേശിനെതിരായ മത്സരത്തോടെ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ട്വന്റി20 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള താരമെന്ന റെക്കോര്‍ഡ് രോഹിത് ശര്‍മ സ്വന്തമാക്കി. മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയെയാണ് രോഹിത് പിന്നിലാക്കിയത്. രോഹിത് ശര്‍മ 99 രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി ഇറങ്ങിയപ്പോള്‍, ധോണി കളിച്ചത് 98 മത്സരങ്ങളില്‍. ട്വന്റി 20യില്‍ നിന്നുമാത്രം നാല് സെഞ്ചുറികളും 17 അര്‍ധ സെഞ്ചുറികളുമുള്‍പ്പെടെ 2,443 റണ്‍സാണ് രോഹിത് ശര്‍മ ഇതുവരെ നേടിയിട്ടുള്ളത്.

ഓള്‍ റൗണ്ടര്‍ ശിവം ദുബെ രാജ്യാന്തര ട്വന്റി20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഇന്നലെ അരങ്ങേറി. അതേസമയം ടീമിലുള്ള മലയാളി താരം സഞ്ജു വി. സാംസണ് പ്ലേയിങ് ഇലവനില്‍ ഇടം നേടാന്‍ സാധിച്ചില്ല. നവംബര്‍ ഏഴിന് രാജ്‌കോട്ടിലാണ് രണ്ടാം ട്വന്റി20 മത്സരം നടക്കുക. മൂന്നാം മത്സരം നവംബര്‍ 10ന് നാഗ്പൂരില്‍ നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com