മൂന്ന് ഓള്‍റൗണ്ടര്‍മാരെ ഇറക്കിയത് സഞ്ജുവിനെ അവഗണിക്കാന്‍ വേണ്ടി മാത്രം? രോഹിത്തിന് നേരെ ചോദ്യമുയരുന്നു

ദുബെയുടെ സ്ഥാനത്ത് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായ സഞ്ജു വന്നാല്‍ ലഭിക്കുന്ന മുന്‍തൂക്കവും രോഹിത് പരിഗണിച്ചില്ല
മൂന്ന് ഓള്‍റൗണ്ടര്‍മാരെ ഇറക്കിയത് സഞ്ജുവിനെ അവഗണിക്കാന്‍ വേണ്ടി മാത്രം? രോഹിത്തിന് നേരെ ചോദ്യമുയരുന്നു

ന്യൂഡല്‍ഹി: ശിവം ദുബെ, കെ എല്‍ രാഹുല്‍...ബംഗ്ലാദേശിനെതിരെ ആദ്യ ട്വന്റി20യിലെ പ്ലേയിങ് ഇലവനില്‍ ഇവര്‍ രണ്ട് പേരും ഉള്‍പ്പെട്ടപ്പോള്‍ സഞ്ജുവിനെ തഴഞ്ഞു. രാഹുല്‍ സ്‌കോര്‍ ചെയ്തത് 17 പന്തില്‍ 15 റണ്‍സ്. ദുബെ നാല് പന്തില്‍ ഒരു റണ്‍സ്. സഞ്ജുവിനെ തഴഞ്ഞ് പ്ലേയിങ് ഇലവനില്‍ ടീം മാനേജ്‌മെന്റ് ഉള്‍പ്പെടുത്തിയവര്‍ മോശം പ്രകടനം നടത്തിയതിന് പിന്നാലെ ടീം മാനേജ്‌മെന്റിന്റേയും ബിസിസിഐയ്ക്കും പൊങ്കാലയിടുകയാണ് ആരാധകര്‍. 

2014ല്‍ ഇംഗ്ലണ്ടിനെതിരായ ടീമിലേക്കായിരുന്നു സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. അന്ന് ഒരു മത്സരത്തില്‍ പോലും സഞ്ജു പ്ലേയിങ് ഇലവനിലേക്ക് എത്തിയില്ല. അതേ വര്‍ഷം തന്നെ സിംബാബ്വെയ്‌ക്കെതിരായ പരമ്പരയിലെ ഒരു കളിയില്‍ സഞ്ജുവിനെ കളിപ്പിച്ചു. പക്ഷേ, രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ രണ്ടാമതൊരു വട്ടം ഇറങ്ങാന്‍ നാല് വര്‍ഷം പിന്നിടുമ്പോഴും സഞ്ജുവിനായില്ല. 

ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി20യില്‍ തന്നെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാനുള്ള മികവ് സഞ്ജു ഡൊമസ്റ്റിക് ക്രിക്കറ്റില്‍ പുറത്തെടുത്തിരുന്നു. എന്നാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ ഫോം കണ്ടെത്തിയ കെ എല്‍ രാഹുലിനെ ബാറ്റിങ് ഓര്‍ഡറില്‍ മൂന്നാമത് ഇറക്കി. കോഹ് ലിക്ക് പകരം ടീമിലേക്ക് എത്തിയ സഞ്ജുവിന് അര്‍ഹിച്ച ബാറ്റിങ് പൊസിഷനായിരുന്നു അതെന്ന് വ്യക്തം. 

പിന്നെയുള്ളത് ആറാം സ്ഥാനം. അതാവട്ടെ ഓള്‍ റൗണ്ടര്‍ ടാഗുമായി വരുന്ന ശിവം ദുബെയ്ക്ക് നല്‍കി. സഞ്ജുവിനെ തഴഞ്ഞ് ശിവം ദുബെയെ വരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയ മാനേജ്‌മെന്റിന്റെ തീരുമാനമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ശിവം ദുബെ, ക്രുനാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിങ്ങനെ മൂന്ന് ഓള്‍ റൗണ്ടര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്.

ബൗളിങ്ങില്‍ ദുബെ എറിഞ്ഞത് മൂന്ന് പന്തുകള്‍ മാത്രം. ആ മൂന്ന് പന്തില്‍ വഴങ്ങിയത് 9 റണ്‍സും. ദുബെയുടെ സ്ഥാനത്ത് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായ സഞ്ജു വന്നാല്‍ ലഭിക്കുന്ന മുന്‍തൂക്കവും രോഹിത് പരിഗണിച്ചില്ല. രണ്ടാം ട്വന്റി20യിലേക്ക് എത്തുമ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ വിളികാത്ത് രണ്ട് ബാറ്റ്‌സ്മാന്മാരുണ്ട്. സഞ്ജുവും മനീഷ് പാണ്ഡേയും. 

രണ്ടാം ട്വന്റി20യില്‍ ദുബെയ്ക്ക് പകരം ഇവരിലൊരാളെ  പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള മനസ് ടീം മാനേജ്‌മെന്റ് കാണിക്കുമോയെന്ന് വ്യക്തമല്ല. ദുബെയെ ഒഴിവാക്കിയാല്‍ തന്നെ സഞ്ജുവിന് പരിഗണിക്കുക എന്ന അത്ഭുതം നടക്കാനുള്ള സാധ്യതയും കുറവാണെന്ന് വ്യക്തം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com