ഈഡനിലെ ഡേ നൈറ്റ് ടെസ്റ്റിന് ധോനിയും? ഭാവിയിലേക്കുള്ള തയ്യാറെടുപ്പോ?

ലോകകപ്പിന് ശേഷം ധോനി ഇന്ത്യക്കായി കളത്തിലിറങ്ങിയിട്ടുമില്ല. താരത്തിന്റെ ഭാവി സംബന്ധിച്ച ഒരു തീരുമാനങ്ങളും ഇതുവരെ വന്നിട്ടില്ല
ഈഡനിലെ ഡേ നൈറ്റ് ടെസ്റ്റിന് ധോനിയും? ഭാവിയിലേക്കുള്ള തയ്യാറെടുപ്പോ?

കൊല്‍ക്കത്ത: ലോകകപ്പ് ക്രിക്കറ്റിന് പിന്നാലെ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയുടെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങളായിരുന്നു ചുറ്റിലും. അതിപ്പോഴും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി തന്നെ നില്‍ക്കുന്നുണ്ട്. ലോകകപ്പിന് ശേഷം ധോനി ഇന്ത്യക്കായി കളത്തിലിറങ്ങിയിട്ടുമില്ല. താരത്തിന്റെ ഭാവി സംബന്ധിച്ച ഒരു തീരുമാനങ്ങളും ഇതുവരെ വന്നിട്ടില്ല. 

നിലവില്‍ ബംഗ്ലാദേശുമായുള്ള മത്സരത്തിന്റെ തിരക്കിലാണ് ഇന്ത്യന്‍ ടീം. ബംഗ്ലാദേശിന്റെ പര്യടനത്തിന്റെ ഭാഗമായി ടി20 പരമ്പരയാണ് ഇപ്പോള്‍ നടക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങി. 

ടി20 പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യ- ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്കും തുടക്കമാകും. ഇതുവരെ പകല്‍- രാത്രി ടെസ്റ്റ് കളിക്കാന്‍ ഇന്ത്യ ഒരുക്കമായിരുന്നില്ല. ഈ മാസം 22 മുതല്‍ 26 വരെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ പകല്‍ രാത്രി ടെസ്റ്റ് പോരാട്ടം അരങ്ങേറുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. 

ചരിത്രമാകാന്‍ പോകുന്ന ഈ ടെസ്റ്റ് പോരാട്ടത്തിന്റെ കമന്ററി ബോക്‌സില്‍ ധോനിയുമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുകയാണിപ്പോള്‍. ഇന്ത്യയും ബംഗ്ലാദേശും ആദ്യമായാണ് പിങ്ക് പന്തില്‍ പകല്‍ രാത്രി ടെസ്റ്റിനിറങ്ങുന്നത്. 

ടെസ്റ്റ് പോരാട്ടത്തിന്റെ ടെലിവിഷന്‍ പാര്‍ട്ണര്‍മാരായ സ്റ്റാറിന്റെ അധികൃതര്‍ ചരിത്ര ടെസ്റ്റിലേക്ക് മുന്‍ ഇന്ത്യന്‍ നായകരെ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ്. ടെസ്റ്റിന്റെ ആദ്യത്തെ രണ്ട് ദിവസമാണ് മുന്‍ ക്യാപ്റ്റന്‍മാരെ പങ്കെടുപ്പിക്കാന്‍ സ്റ്റാര്‍ മുന്‍കൈയെടുക്കുന്നത്.

മുന്‍ ക്യാപ്റ്റന്‍മാരായ രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ എന്നിവര്‍ക്കൊപ്പം ധോനിയേയും പങ്കെടുപ്പിക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ധോനിയെ ക്ഷണിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം അദ്ദേഹം ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com