പരുക്ക‌ുകൾ തിരിച്ചടിച്ചു; ഒഡിഷയോടും വിജയമില്ലാതെ ബ്ലാസ്റ്റേഴ്സ്; കൊച്ചിയിൽ ​ഗോൾരഹിത സമനില

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ തങ്ങളുടെ നാലാം പോരാട്ടത്തിൽ ​ഗോൾരഹിത സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്
പരുക്ക‌ുകൾ തിരിച്ചടിച്ചു; ഒഡിഷയോടും വിജയമില്ലാതെ ബ്ലാസ്റ്റേഴ്സ്; കൊച്ചിയിൽ ​ഗോൾരഹിത സമനില

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ തങ്ങളുടെ നാലാം പോരാട്ടത്തിൽ ​ഗോൾരഹിത സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഒഡിഷയ്‌ക്കെതിരായ മത്സരത്തിൽ പരുക്ക് കേരളത്തിന്റെ മുന്നേറ്റത്തെ കാര്യമായി തന്നെ ബാധിച്ചു. പരുക്ക് കാരണം ആദ്യ 23 മിനുട്ടിനുള്ളില്‍ തന്നെ രണ്ട് താരങ്ങളെ നഷ്ടമായതാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. 

35ാം മിനുട്ടില്‍ സഹലിനെ ബോക്‌സില്‍ വീഴ്ത്തയതിന് കേരളം പെനാല്‍റ്റിക്കായി അപ്പീല്‍ ചെയ്‌തെങ്കിലും റഫറി അനുവദിക്കാതിരുന്നതും കേരളത്തിന് തിരിച്ചടിയായി. 78ാം മിനുട്ടില്‍ റാഫിക്ക് പകരം ഓഗ്‌ബെച്ചെയെ കളത്തിലിറക്കിയെങ്കിലും സമനിലക്കുരുക്ക് പൊട്ടിക്കാന്‍ കേരളത്തിനായില്ല. 86ാം മിനുട്ടില്‍ ഓഗ്‌ബെചെയുടെ പാസില്‍ നിന്നുള്ള രാഹുലിന്റെ ഷോട്ട് ഗോളി ഫ്രാന്‍സിസ്‌കോ രക്ഷപ്പെടുത്തുകയും ചെയ്തതോടെ കേരളത്തിന് നിരാശ മാത്രമായി.

നേരത്തെ പ്ലെയിങ് ഇലവനിൽ ക്യാപ്റ്റൻ ബർതലോമ്യു ഒക്ബചെ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ഭഷ്യ വിഷ ബാധയേറ്റതിനെ തുടർന്നായിരുന്നു നായകൻ മാറി നിന്നത്. മെസി ബൗളിയെ ഏക സ്ട്രൈക്കറാക്കിയായിരുന്നു ഷാട്ടോരി തന്ത്രം മെനഞ്ഞത്. മലയാളി താരങ്ങളായ കെപി രാഹുൽ, സഹൽ അബ്ദുൽ സമദ് എന്നിവർ ആദ്യ ഇലവനിലുണ്ടായിരുന്നു. 

മത്സരത്തിനു മുമ്പ് ബ്ലാസ്റ്റേഴ്‌സിനെ വലച്ച പരിക്ക് മത്സരത്തിനിടയിലും ബ്ലാസ്റ്റേഴ്സിനെ വിടാതെ പിന്തുടരുകയായിരുന്നു. മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടില്‍ തന്നെ ഡിഫന്‍ഡര്‍ ജെയ്‌റോ റോഡ്രിഗസിന് പരിക്ക് കാരണം പിന്മാറേണ്ടി വന്നു. 23ാം മിനുട്ടില്‍ ഒഡിഷ താരം അഡ്രിയാന്‍ സന്റാനയുമായി കൂട്ടിയിടിച്ച ബ്ലാസ്റ്റേഴ്‌സ് താരം മെസി ബൗളി ബോധരഹിതനായത് സ്‌റ്റേഡിയത്തെ ആശങ്കയിലാഴ്ത്തി. 

ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച ഒരു കോര്‍ണര്‍ ഗോളിലേക്ക് തിരിച്ചുവിടാനുള്ള ശ്രമത്തിലിടെ മെസി, സന്റാനയുമായി കൂട്ടിയിടിക്കുകയായിരുന്നു. മെസി ബോധരഹിതനായതോടെ ആംബുലന്‍സ് മൈതാനത്തേക്കെത്തി. അഞ്ച് മിനുട്ടോളം മത്സരം നിര്‍ത്തി വയ്ക്കുകയും ചെയ്തു. അല്‍പ സമയത്തിനു ശേഷം മെസി ബോധം വീണ്ടെടുത്തത് ഏവര്‍ക്കും ആശ്വാസം നൽകി. മെസിയെ ഡഗ്ഔട്ടിലേക്ക് മാറ്റി. നേരത്തെ  ഓഗ്‌ബെച്ചെയെ കൂടാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തിനിറങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com