തന്ത്രമോതാന്‍ ആശാന്‍? ബയേണ്‍ മ്യൂണിക്കിനെ പരിശീലിപ്പിക്കാന്‍ വെങറെത്തുന്നു; അടുത്ത ആഴ്ച തീരുമാനം

ഇനി ആരാവും ബാവേറിയന്‍സിന് തന്ത്രംമെനയുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം
തന്ത്രമോതാന്‍ ആശാന്‍? ബയേണ്‍ മ്യൂണിക്കിനെ പരിശീലിപ്പിക്കാന്‍ വെങറെത്തുന്നു; അടുത്ത ആഴ്ച തീരുമാനം

മ്യൂണിക്ക്: കഴിഞ്ഞ ദിവസമാണ് ബുണ്ടസ് ലീഗ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് പരിശീലക സ്ഥാനത്ത് നിന്ന് നിക്കോ കോവാചിനെ പുറത്താക്കിയത്. കോവാചിന് പകരം ഇനി ആരാവും ബാവേറിയന്‍സിന് തന്ത്രം മെനയുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. 

മുന്‍ ആഴ്‌സണല്‍ പരിശീലകനും ഇതിഹാസവുമായ ആഴ്‌സന്‍ വെങറുടെ പേരായിരുന്നു പകരക്കാരുടെ പട്ടികയില്‍ മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നത് തന്നെ സംബന്ധിച്ച് ഏറെ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് വെങര്‍ തുറന്നു പറഞ്ഞിരുന്നു. വെങറെ പരിഗണിക്കുന്നില്ലെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ബയേണ്‍ അധികൃതരും നടത്തിയത്. 

ഇപ്പോഴിതാ, വെങര്‍ തന്നെ ബയേണിന്റെ അടുത്ത പരിശീലകനായേക്കുമെന്ന കൂടുതല്‍ വ്യക്തമായ ചിത്രമാണ് തെളിഞ്ഞു വരുന്നത്. ബയേണുമായി ചര്‍ച്ച നടത്തും എന്ന് വെങര്‍ തന്നെ ഔദ്യോഗികമായി വ്യക്തമാക്കി ഇപ്പോള്‍ രംഗത്തെത്തി. ബയേണ്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനായ കാള്‍ ഹെന്‍സ് റുമെനിഗെയുമായി താന്‍ സംസാരിച്ചതായി വെങ്ങര്‍ വ്യക്തമാക്കി. അടുത്ത ആഴ്ച വെങര്‍ ബയേണ്‍ അധികൃതരുമായി ചര്‍ച്ച നടത്തും. 

റുമനിഗെ തന്നെ വിളിച്ചിരുന്നു. ഏതാണ്ട് അഞ്ച് മിനുട്ടോളം മാത്രമാണ് സംസാരിച്ചത്. അടുത്ത ആഴ്ച ചര്‍ച്ച നടത്താമെന്ന തീരുമാനത്തിലാണ്. ബയേണിന്റെ കോച്ചാകുന്ന കാര്യം സമയമെടുത്ത് ചിന്തിക്കേണ്ട കാര്യമാണ് 70 കാരനായ വെങര്‍ പറഞ്ഞു. 

22 വര്‍ഷം തുടര്‍ച്ചയായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ആഴ്‌സണലിനെ പരിശീലിപ്പിച്ച വെങര്‍ കഴിഞ്ഞ വര്‍ഷമാണ് ടീമിന്റെ പടിയിറങ്ങിയത്. അതിന് ശേഷം ഒരു ടീമിന്റേയും സ്ഥാനം അദ്ദേഹം ഏറ്റെടുത്തിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com