മഞ്ഞക്കുപ്പായം, കയ്യില്‍ പുതുപുത്തനൊരു പന്ത്; അവര്‍ ആഗ്രഹിച്ചതിനപ്പുറം കൊടുത്ത് കേരള ബ്ലാസ്റ്റേഴ്‌സ്‌

ബോളിനും ജഴ്‌സിക്കും വേണ്ടി പണം സ്വരൂപിക്കാന്‍ യോഗം കൂടിയവര്‍ ദാ, കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിനുള്ളില്‍ വരെ എത്തി
മഞ്ഞക്കുപ്പായം, കയ്യില്‍ പുതുപുത്തനൊരു പന്ത്; അവര്‍ ആഗ്രഹിച്ചതിനപ്പുറം കൊടുത്ത് കേരള ബ്ലാസ്റ്റേഴ്‌സ്‌

കൊച്ചി: ബോളിനും ജഴ്‌സിക്കും വേണ്ടി പണം സ്വരൂപിക്കാന്‍ യോഗം കൂടിയവര്‍ ദാ, കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിനുള്ളില്‍ വരെ എത്തി...അതും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രത്യേകം ക്ഷണിതാക്കളായി. ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞ ജേഴ്‌സി അണിഞ്ഞ നിരന്ന കുട്ടിപ്പട്ടാളത്തിന്റെ കയ്യിലേക്ക് പുതുപുത്തനൊരു പന്തും ബ്ലാസ്റ്റേഴ്‌സ് നല്‍കി...

പൊട്ടിപ്പോയ ഫുട്‌ബോളിന് പകരം മറ്റൊന്ന് വാങ്ങിക്കാനും, ജേഴ്‌സി വാങ്ങിക്കാനും ഫണ്ട് കണ്ടെത്താനാണ് നിലമ്പൂരിലെ കുട്ടിക്കൂട്ടം യോഗം ചേര്‍ന്നത്. തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ മിഠായി വാങ്ങാന്‍ ഉപയോഗിക്കുന്ന പണം മാറ്റിവെച്ച് ഫുട്‌ബോള്‍ വാങ്ങാന്‍ മാറ്റി വയ്ക്കാനായിരുന്നു ഇവരുടെ യോഗത്തിലെ തീരുമാനം...

ഫുട്‌ബോള്‍ വാങ്ങാന്‍ പണം സ്വരൂപിക്കാന്‍ യോഗം ചേര്‍ന്ന നിലമ്പൂരിലെ കുട്ടിപ്പട്ടാളം കേരള ബ്ലാസ്റ്റേഴ്‌സ്-ഒഡീഷ മത്സരം കാണാനെത്തിയപ്പോള്‍. ഫോട്ടോ: എ സനേഷ്‌
ഫുട്‌ബോള്‍ വാങ്ങാന്‍ പണം സ്വരൂപിക്കാന്‍ യോഗം ചേര്‍ന്ന നിലമ്പൂരിലെ കുട്ടിപ്പട്ടാളം കേരള ബ്ലാസ്റ്റേഴ്‌സ്-ഒഡീഷ മത്സരം കാണാനെത്തിയപ്പോള്‍. ഫോട്ടോ: എ സനേഷ്‌

ഓലമടലിന് മുകളില്‍ ഒരു ഉണങ്ങിയ മരക്കൊമ്പ് വളച്ചുവെച്ച് അത് മൈക്കാക്കി നടത്തിയ പ്രസംഗവം കുട്ടിപ്പട്ടാളത്തിന്റെ സംസാരവുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ഒറ്റദിനം കൊണ്ട് പടര്‍ന്ന് പിടിച്ചിരുന്നു. വീഡിയോ അങ്ങനെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രദ്ധയിലേക്കുമെത്തി. സമൂഹമാധ്യമങ്ങളില്‍ സജീവമായ പ്രശാന്ത് നിലമ്പൂര്‍ പങ്കുവെച്ച വീഡിയോ കണ്ട ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍ കുട്ടിപട്ടാളത്തെ ബ്ലാസ്റ്റേഴ്‌സിന്റെ ഒഡീഷയ്‌ക്കെതിരായ മത്സരം കാണാന്‍ കൊച്ചിയിലേക്ക് ക്ഷണിച്ചു...

ഈ കുട്ടിക്കൂട്ടം തങ്ങള്‍ക്ക് പ്രചോദനമാണ് എന്നാണ് ഇവരെ ക്ഷണിച്ചുകൊണ്ട് ബ്ലാസ്‌റ്റേഴ്‌സ് പറഞ്ഞത്. അവര്‍ സ്വപ്‌നം കണ്ടത് എന്താണോ അത് അവര്‍ക്ക് നല്‍കുമെന്നും ബ്ലാസ്‌റ്റേഴ്‌സ് അറിയിച്ചിരുന്നു. ഒഡീഷയ്‌ക്കെതിരെ സമനില കുരുക്ക് വഴങ്ങി നിരാശരാക്കിയെങ്കിലും കുട്ടിക്കൂട്ടത്തെ ഗ്യാലറിയില്‍ എത്തിച്ച് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ഹൃദയം തൊട്ടു.

നേരത്തെ, സ്‌പെയിന്‍ സ്വദേശിയായ ഫുട്‌ബോള്‍ കോച്ച്, സിനിമാ താരം ഉണ്ണി മുകുന്ദന്‍ ഉള്‍പ്പെടെ നിരവധി പേര്‍ കുട്ടിപ്പട്ടാളത്തിന് പന്തും ജേഴ്‌സിയുമായെല്ലാം എത്തിയിരുന്നു. നിരവധി ക്ലബുകളും കുട്ടിക്കൂട്ടത്തിന് സമ്മാനങ്ങളുമായി എത്തുന്നുണ്ട്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com