മൂന്ന് പേര്‍, കോഹ് ലിയുടെ പ്രിയപ്പെട്ടവരാണ് ഇവര്‍, രോഹിത്തിന് വെറുക്കപ്പെട്ടവരും

നായകനായിരിക്കെ രോഹിത് പിന്തുണയ്ക്കാതിരിക്കുകയും, കോഹ് ലി പിന്തുണയ്ക്കുകയും ചെയ്യുന്ന താരങ്ങളുണ്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍
മൂന്ന് പേര്‍, കോഹ് ലിയുടെ പ്രിയപ്പെട്ടവരാണ് ഇവര്‍, രോഹിത്തിന് വെറുക്കപ്പെട്ടവരും

രോഹിത്തിനെ ചൂണ്ടി സ്പളിറ്റ് ക്യാപ്റ്റന്‍സി പരീക്ഷിക്കണം എന്ന മുറവിളി ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് മുകളിലുണ്ട്. ട്വന്റി20യില്‍ കോഹ് ലിയെ മാറ്റി നായകത്വം രോഹിത്തിന് നല്‍കണം എന്ന വാദം ശക്തമാണ്. കോഹ് ലിക്ക് വിശ്രമം അനുവദിക്കുമ്പോഴോ, പരിക്ക് പറ്റുമ്പോഴോ നായകത്വത്തിലേക്ക് എത്തിയ രോഹിത് തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. രണ്ട് നായകന്മാരും വിജയം കാണുമ്പോള്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ട കളിക്കാരില്‍ ചിലരെ ഇവര്‍ എപ്പോഴും പിന്തുണയ്ക്കുന്നു.

ഏതൊരു നായകനെ എടുത്താലും അത്തരം നീക്കങ്ങള്‍ കാണാം. അങ്ങനെ, നായകനായിരിക്കെ രോഹിത് പിന്തുണയ്ക്കാതിരിക്കുകയും, കോഹ് ലി പിന്തുണയ്ക്കുകയും ചെയ്യുന്ന താരങ്ങളുണ്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍, മൂന്ന് പേര്‍ ഇവരാണ്...

കെ എല്‍ രാഹുല്‍

ടീം മാനേജ്‌മെന്റിന്റെ അകമഴിഞ്ഞ പിന്തുണയാണ് രാഹുലിന് കിട്ടിക്കൊണ്ടിരുന്നത്. നായകന്‍ കോഹ് ലിയും രാഹുലിന് ഒപ്പം നിന്നു. എന്നാല്‍ അവരുടെ പിന്തുണയ്ക്ക് മികച്ച കളി പകരം കൊടുക്കാന്‍ രാഹുലിനായില്ല. എന്നിട്ടും, കരീബിയന്‍ ടൂറിന് മുന്‍പ് മാത്രമാണ് രാഹുലിനെ ഒഴിവാക്കിയത്.

പരിക്കോ, വിശ്രമമോ കാരണം കോഹ് ലി മാറി നില്‍ക്കുമ്പോള്‍ രാഹുലിന് ടീമിലേക്കെത്താന്‍ പ്രയാസമാണ്. രണ്ട് വര്‍ഷത്തിന് ഇടയില്‍ രോഹിത്തിന് കീഴില്‍ 10 ട്വന്റി20 മാത്രമാണ് രാഹുല്‍ കളിച്ചത്. ഇതേ കാലയളവില്‍, കോഹ് ലിക്ക് കീഴില്‍ 10 ട്വന്റി20യും 14 ടെസ്റ്റും, 12 ഏകദിനവും രാഹുല്‍ കളിച്ചു. രാഹുലിനെ പ്രശംസിച്ചാണ് എന്നും കോഹ് ലിയില്‍ നിന്ന് വാക്കുകള്‍ വന്നിരിക്കുന്നതും.

വിജയ് ശങ്കര്‍

2019ലാണ് വിജയ് ശങ്കര്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നത്. നിദാഹസ് ട്രോഫിയില്‍ രോഹിത്തിന് കീഴിലാണ് വിജയ് ശങ്കര്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. പക്ഷേ അത് മാറ്റി നിര്‍ത്തിയാല്‍ രോഹിത്തിന് കീഴില്‍ 5 മത്സരങ്ങള്‍ മാത്രമാണ് വിജയ് കളിച്ചത്. ഒരു ഏകദിനവും.

എന്നാല്‍ കോഹ് ലിക്ക് കീഴില്‍ വിജയ് ശങ്കറിന് നിരന്തരം അവസരം ലഭിച്ചു. ഇതിലൂടെ ലോകകപ്പ് ടീമിലും ഇടം ലഭിച്ചിരുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും എടുത്തു കാട്ടത്തക്ക മികച്ച കളി വിജയ് ശങ്കറില്‍ നിന്ന് വന്നിട്ടില്ല. വിജയ് ടീമിലുണ്ടാവുന്നത് സന്തോഷം നല്‍കുന്നതാണെന്ന് കോഹ് ലി പറഞ്ഞിട്ടുണ്ട്. നായക സ്ഥാനത്ത് രോഹിത്തിന് അധികം അവസരം ലഭിച്ചിട്ടില്ലെങ്കില്‍ പോലും വിജയ് ശങ്കറെ ലഭിച്ച സമയം വിജയ് ശങ്കര്‍ക്ക് കൂടുതല്‍ പരിഗണന രോഹിത് നല്‍കിയിട്ടില്ല.

രവീന്ദ്ര ജഡേജ

ധോനിയുടെ ആയുധമായതിന് പുറമെ ജഡേജയ്ക്ക് കോഹ് ലിയുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്. ധോനിക്ക് കീഴില്‍ ലഭിച്ച അത്രയും അവസരങ്ങള്‍ കോഹ് ലിക്ക് കീഴില്‍ ജഡേജയ്ക്ക് ലഭിച്ചിട്ടില്ലെങ്കിലും, സൗരാഷ്ട്ര ഓള്‍ റൗണ്ടറെ വലിയ പ്രാധാന്യത്തോടെയാണ് കോഹ് ലി കൈകാര്യം ചെയ്തത്. എന്നാല്‍ കോഹ് ലിക്ക് കീഴില്‍ ലഭിച്ച അത്ര അവസരം പോലും രോഹിത്തിന് കീഴില്‍ ജഡേജയ്ക്ക് ലഭിച്ചിട്ടില്ല.

രോഹിത്ത് നായകനായ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ജഡേജ കളിച്ചത്. ഏഷ്യാ കപ്പിലായിരുന്നു അത്. രോഹിത് ട്വന്റി20 ടീമിനെ നയിക്കുമ്പോള്‍ ജഡേജയുടെ സ്ഥാനം പുറത്തായിരുന്നു. രോഹിത്തിനേക്കാള്‍ കൂടുതല്‍ അവസരം കോഹ് ലി ജഡേജയ്ക്ക് നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com