ആഞ്ഞടിച്ച് ചാഹര്‍, ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞു; ടി20 പരമ്പര ഇന്ത്യയ്ക്ക്

ഹാട്രിക് ഉള്‍പ്പെടെ ആറ് വിക്കറ്റ് നേടിയ ചാഹറിന്റെ ബോളിങും കെകെ എല്‍ രാഹുല്‍ (52), ശ്രേയസ് അയ്യര്‍ (62) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്
ആഞ്ഞടിച്ച് ചാഹര്‍, ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞു; ടി20 പരമ്പര ഇന്ത്യയ്ക്ക്

നാഗ്പൂര്‍; ബംഗ്ലാദേശിന് എതിരായ മൂന്നാം ടി20 യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ദീപക് ചാഹറിന്റെ സൂപ്പര്‍ ബൗളിങ്ങിന്റെ കരുത്തിലാണ് ഇന്ത്യ 30 റണ്‍സിന്റെ വിജയം സ്വന്തമാക്കിയത്. ഇതോടെ ടി20 പരമ്പര ഇന്ത്യ നേടി. ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 19.2 ഓവറില്‍ 144 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. ഹാട്രിക് ഉള്‍പ്പെടെ ആറ് വിക്കറ്റ് നേടിയ ചാഹറിന്റെ ബോളിങും കെകെ എല്‍ രാഹുല്‍ (52), ശ്രേയസ് അയ്യര്‍ (62) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. ബംഗ്ലാദേശിന് 19.2 ഓവറില്‍ 144ന് എല്ലാവരും പുറത്തായി. മുഹമ്മദ് നയീമിനൊഴികെ മറ്റാര്‍ക്കും ബംഗ്ലാദേശ് നിരയില്‍ തിളങ്ങാനായില്ല.48 പന്തില്‍ 81 റണ്‍സ് നേടിയ മുഹമ്മദ് നയീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ ലിറ്റന്‍ദാസ് (9), സൗമ്യ സര്‍ക്കാര്‍ (പൂജ്യം) എന്നിവരുടെ വിക്കറ്റുകള്‍ ബംഗ്ലാദേശിന് തുടക്കത്തിലെ നഷ്ടമായി. മൂന്നാം ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ ദീപക് ചാഹറാണ് ഇരുവരെയും പുറത്താക്കിയത്. തുടര്‍ന്ന് ഒത്തുചേര്‍ന്ന മുഹമ്മദ് നയീം, മുഹമ്മദ് മിഥുന്‍ എന്നിവര്‍ സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും ടീം സ്‌കോര്‍ 110ല്‍ നില്‍ക്കെ മുഥുനെ ബംഗ്ലാദേശിന് നഷ്ടമായി. 29 പന്തില്‍ 27 റണ്‍സ് എടുത്ത മിഥുനെ ചാഹറാണ് പുറത്താക്കിയത്.

തൊട്ടടുത്ത ഓവറിന്റെ ആദ്യ പന്തില്‍ മുഷ്ഫിഖുര്‍ റഹിമിനെ റണ്‍ എടുക്കും മുന്നേ ശിവം ദുബൈയും പുറത്താക്കി. 48 പന്തില്‍ 81 റണ്‍സ് നേടിയ മുഹമ്മദ് നയിമിനെയും അഫിഫ് ഹൊസൈനേയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ദുബൈ വീണ്ടും ഇന്ത്യന്‍ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചു. പിന്നാലെ എത്തിയവര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാന്‍ സാധിക്കാതിരുന്നതോടെ മത്സരവും പരമ്പരയും ഇന്ത്യ സ്വന്തമാക്കി. 

ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും ശിഖര്‍ ധവാനേയും തുടക്കത്തില്‍ നഷ്ടമായ ഇന്ത്യയെ ശ്രേയസ് അയ്യര്‍ (33 പന്തില്‍ 62), കെഎല്‍ രാഹുല്‍ (35 പന്തില്‍ 52) എന്നിവരുടെ ഇന്നിങ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രോഹിത് ശര്‍മ (രണ്ട്), ശിഖര്‍ ധവാന്‍ (19), ഋഷഭ് പന്ത് (ആറ്) എന്നിങ്ങനെയാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ സ്‌കോറുകള്‍. മനീഷ് പാണ്ഡെ (13 പന്തില്‍ 22), ശിവം ദുബെ (എട്ട് പന്തില്‍ 9) എന്നിവര്‍ പുറത്താകാതെ നിന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com