'എറിയാത്ത നോബോള്‍'; അന്ന് അക്തര്‍, ഇന്ന് പൊള്ളാര്‍ഡ്; ചിരിപടര്‍ത്തി വിന്‍ഡീസ് ക്യാപ്റ്റന്‍ (വീഡിയോ)

അഫ്ഗാനിസ്ഥാന്‍- വെസ്റ്റിന്‍ഡീസ് മൂന്നാം ഏകദിന മത്സരത്തിനിടെ ആരാധകര്‍ക്ക് രസകരമായ നിമിഷം സമ്മാനിച്ചിരിക്കുകയാണ് വിന്‍ഡീസ് ക്യാപ്റ്റന്‍ പൊള്ളാര്‍ഡ്
'എറിയാത്ത നോബോള്‍'; അന്ന് അക്തര്‍, ഇന്ന് പൊള്ളാര്‍ഡ്; ചിരിപടര്‍ത്തി വിന്‍ഡീസ് ക്യാപ്റ്റന്‍ (വീഡിയോ)

ലഖ്‌നൗ: മൈതാനത്ത് എന്നും രസകരമായ നിമിഷങ്ങള്‍ സമ്മാനിക്കുന്നതില്‍ വെസ്റ്റിന്‍ഡീസ് താരങ്ങള്‍ക്കുള്ള വിരുത് പ്രസിദ്ധമാണ്. ചില്ലറ നേരമ്പോക്കുകളുമായി അവര്‍ ആരാധകരെ കൈയിലെടുക്കുമ്പോള്‍ മത്സരത്തിന്റെ പിരിമുറുക്കത്തില്‍ നിന്ന് എതിര്‍ ടീം താരങ്ങള്‍ക്ക് പോലും അല്‍പ്പം ആശ്വാസം കിട്ടാറുണ്ട്. 

അഫ്ഗാനിസ്ഥാന്‍- വെസ്റ്റിന്‍ഡീസ് മൂന്നാം ഏകദിന മത്സരത്തിനിടെ ആരാധകര്‍ക്ക് രസകരമായ അത്തരമൊരു നിമിഷം സമ്മാനിച്ചിരിക്കുകയാണ് വിന്‍ഡീസ് ക്യാപ്റ്റന്‍ കെയ്‌റന്‍ പൊള്ളാര്‍ഡ്. അഫ്ഗാന്‍ ഇന്നിങ്‌സിനിടെ അമ്പയറിന്റെ നോബോള്‍ വിളിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

ഇന്നിങ്‌സ് 24 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് എന്ന നിലയിലായിരുന്നു അഫ്ഗാനിസ്ഥാന്‍. അസ്ഗര്‍ അഫ്ഗാന്‍ 17 പന്തില്‍ ഒന്‍പത് റണ്‍സുമായി ക്രീസില്‍. നജീബുല്ല സാദ്രാന്‍ 13 പന്തില്‍ 16 റണ്‍സുമായി നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍. 25ാം ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത് പൊള്ളാര്‍ഡായിരുന്നു. ബൗള്‍ ചെയ്യാനായി ഓടിയെത്തിയ പൊള്ളാര്‍ഡ് പക്ഷേ പന്തെറിഞ്ഞില്ല. പകരം അത് ഡെഡ് ബോളായി. 

പൊള്ളാര്‍ഡ് പന്തെറിയാത്തതിന്റെ കാരണം കമന്റേറ്റര്‍മാരാണ് ചിരിയോടെ വിവരിച്ചത്. റണ്ണപ്പിനു ശേഷം പൊള്ളാര്‍ഡ് ആക്ഷനെടുത്ത് ബൗള്‍ ചെയ്യാനൊരുങ്ങവേ അമ്പയര്‍ നോബോളിന്റെ സൂചന നല്‍കി. പൊള്ളാര്‍ഡിന്റെ കാല്‍പ്പാദം വര കടന്ന സാഹചര്യത്തിലാണ് അമ്പയര്‍ നോ എന്ന് ഉറക്കെ വിളിച്ചത്. സാധാരണ ഗതിയില്‍ ആക്ഷനിലുള്ള ബൗളര്‍മാര്‍ പന്ത് റിലീസ് ചെയ്യുന്നതാണ് പതിവെങ്കിലും പൊള്ളാര്‍ഡ് പന്ത് കൈവിട്ടില്ല. ഇതോടെ നോബോളാകേണ്ടിയിരുന്ന പന്ത് അമ്പയറിന് ഡെഡ് ബോള്‍ വിളിക്കേണ്ടി വന്നു. അമ്പയര്‍ ചെറു ചിരിയോടെയാണ് ഡെഡ് ബോള്‍ വിളിച്ചതും. 

മുന്‍പ് പാകിസ്ഥാന്‍ പേസ് ബൗളര്‍ ഷൊയ്ബ് അക്തറും സമാന രീതിയില്‍ നോബോളില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിനിടെയായിരുന്നു അക്തര്‍ പന്ത് വിടാതെ ആക്ഷന്‍ മാത്രം കാണിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com