രോഹിതിന് വിശ്രമം, സഞ്ജുവിനെ പരിഗണിക്കുമോ? ധവാന്‍ പുറത്തേക്ക്; ഇന്ത്യന്‍ ടീം നാളെ

വെസ്റ്റിന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന പരിമിത ഓവര്‍ ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ നാളെ അറിയാം
രോഹിതിന് വിശ്രമം, സഞ്ജുവിനെ പരിഗണിക്കുമോ? ധവാന്‍ പുറത്തേക്ക്; ഇന്ത്യന്‍ ടീം നാളെ

കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന പരിമിത ഓവര്‍ ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ നാളെ അറിയാം. എംഎസ്‌കെ പ്രസാദ് അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയുടെ അവസാന ടീം തിരഞ്ഞെടുപ്പ് കൂടിയാണ് നാളെ നടക്കാനിരിക്കുന്നത്. അടുത്ത മാസം പുതിയ സെലക്ഷന്‍ കമ്മിറ്റി സ്ഥാനമേല്‍ക്കും. 

മൂന്ന് മത്സരങ്ങളടങ്ങിയ ടി20, ഏകദിന പോരാട്ടമാണ് വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ കളിക്കാനൊരുങ്ങുന്നത്. ഡിസംബര്‍ ആറ്, എട്ട്, 11 തീയതികളിലാണ് മൂന്ന് ടി20 മത്സരങ്ങള്‍. ആറ് മുംബൈയിലും എട്ടിന് തിരുവനന്തപുരത്തും 11ന് ഹൈദരാബാദിലുമാണ് മത്സരങ്ങള്‍. ഡിസംബര്‍ 15ന് ചെന്നൈയിലും 18ന് വിശാഖപട്ടണത്തും 22ന് കട്ടക്കിലുമാണ് ഏകദിന പോരാട്ടങ്ങള്‍.    

വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ടീമില്‍ ഇടം കിട്ടിയ രോഹിത് അവിടെ മിന്നി തിളങ്ങിയിരുന്നു. ഈ വര്‍ഷം ഐപിഎല്‍ അടക്കം 60ഓളം മത്സരങ്ങളാണ് രോഹിത് കളിച്ചത്. 

ഫോം ഇല്ലാതെ ഉഴലുന്ന ഓപണര്‍ ശിഖര്‍ ധവാനെ ഒഴിവാക്കിയേക്കും. ടെസ്റ്റില്‍ മികച്ച ഫോമില്‍ കളിച്ച മായങ്ക് അഗര്‍വാളിന് മൂന്നാം ഓപണര്‍ എന്ന രീതിയില്‍ ടീമിലേക്ക് പരിഗണിച്ചേക്കും.

റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരില്‍ ആര് എന്നതും ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യമാണ്. അതിനിടെ ലോകകപ്പിന് ശേഷം ഇന്ത്യക്കായി കളിക്കാനിറങ്ങാതിരുന്ന മഹേന്ദ്ര സിങ് ധോനി പരിശീലകനം കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു. ധാരാളം അവസരം ലഭിച്ചിട്ടും അതൊന്നും മുതലാക്കാന്‍ സാധിക്കാതിരുന്ന പന്തിന്റെ ടീമിലെ സ്ഥാനം ഇപ്പോള്‍ കൈയാലപ്പുറത്തെ തേങ്ങ പോലെ നില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ധോനി തന്നെ ടീമിലെത്തുമോ അതോ പന്തിനെ നിലനിര്‍ത്തുമോ എന്നും കണ്ടറിയണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com