എല്ലാവരും പൂജ്യത്തിന് പുറത്ത്; ആകെ കിട്ടിയത് ഏഴ് റണ്‍സ്; എതിരാളിയുടെ വിജയം 754 റണ്‍സിന്!

ആദ്യം ബാറ്റ് ചെയ്ത ടീം അടിച്ചെടുത്തത് 39 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 761 റണ്‍സ്
എല്ലാവരും പൂജ്യത്തിന് പുറത്ത്; ആകെ കിട്ടിയത് ഏഴ് റണ്‍സ്; എതിരാളിയുടെ വിജയം 754 റണ്‍സിന്!

മുംബൈ: ആദ്യം ബാറ്റ് ചെയ്ത ടീം അടിച്ചെടുത്തത് 39 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 761 റണ്‍സ്! വിജയം തേടിയിറങ്ങിയ എതിരാളികളുടെ പോരാട്ടം ക്ഷണ നേരത്തില്‍ തീര്‍ന്നു. എതിരാളികള്‍ പുറത്തായത് വെറും ഏഴ് റണ്‍സില്‍! ആദ്യം ബാറ്റ് ചെയ്ത ടീം വിജയിച്ചത് 754 റണ്‍സിന്!. 

മുംബൈയിലെ ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ് പോരാട്ടമായ ഹാരിസ് ഷീല്‍ഡിന്റെ ആദ്യ റൗണ്ട് നോക്കൗട്ട് മത്സരത്തിലാണ് ഈ അവിശ്വസനീയതകള്‍. ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ സ്‌കൂളും സ്വാമി വിവേകാനന്ദ ഇന്റര്‍നാഷണല്‍ സ്‌കൂളും തമ്മിലാള്ള പോരാട്ടമാണ് ചരിത്രമായത്. 

ആദ്യം ബാറ്റ് ചെയ്ത വിവേകാനന്ദ 39 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 761 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ സ്‌കൂളിന്റെ പോരാട്ടം ആറോവറില്‍ വെറും ഏഴ് റണ്‍സില്‍ അവസാനിച്ചു. ടീമിലെ ഒരാള്‍ പോലും റണ്ണെടുത്തില്ല. എല്ലാവരും സംപൂജ്യരായി മടങ്ങി. ലഭിച്ച ഏഴ് റണ്‍സും എക്‌സ്ട്രാ ഇനത്തില്‍. ആറ് വൈഡും ഒരു ബൈ റണ്ണും. 

വിവേകാനന്ദയ്ക്കായി മീറ്റ് മയെകര്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി. 134 പന്തുകള്‍ നേരിട്ട് 56 ഫോറും ഏഴ് സിക്‌സും സഹിതം താരം 338 അടിച്ചെടുത്ത് പുറത്താകാതെ നിന്നു. മൂന്ന് മണിക്കൂര്‍ സമയത്തില്‍ ആറോവറിന്റെ കുറവ് വന്നതിനാല്‍ വെല്‍ഫെയര്‍ സ്‌കൂളിന് 156 റണ്‍സ് പെനാല്‍റ്റിയായി എതിരാളിക്ക് നല്‍കേണ്ടി വന്നതും തിരിച്ചടിയായി. 

വിവേകാനന്ദയ്ക്കായി മീഡിയം പേസര്‍ അലോക് പാല്‍ മൂന്നോവറില്‍ മൂന്ന് റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തി. ക്യാപ്റ്റന്‍ വരോദ് വാസ് മൂന്ന് റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ റണ്‍ ഔട്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com