ഈഡന്‍ ഇന്ന് മുതല്‍ 'പിങ്ക്' പൂന്തോട്ടം; ചരിത്ര പോരിന് മണി മുഴങ്ങാന്‍ മണിക്കൂറുകള്‍ മാത്രം

ഇന്ത്യന്‍ ക്രിക്കറ്റിലെ മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിന്റെ പിറവിക്ക് മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളു
ഈഡന്‍ ഇന്ന് മുതല്‍ 'പിങ്ക്' പൂന്തോട്ടം; ചരിത്ര പോരിന് മണി മുഴങ്ങാന്‍ മണിക്കൂറുകള്‍ മാത്രം

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിന്റെ പിറവിക്ക് മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളു. ഇന്ത്യയുടെ ആദ്യ ഡേ- നൈറ്റ് ടെസ്റ്റ് പോരാട്ടത്തിന് ഇന്ന് കൊല്‍ക്കത്തയിലെ വിഖ്യാതമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കമാകും. ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റാണ് ഇന്ന് മുതല്‍ ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റില്‍ അനായാസ വിജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ടെസ്റ്റും വിജയിച്ച് പരമ്പര നേടാനുള്ള ലക്ഷ്യത്തിലാണ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതലാണ് പോരാട്ടം. 

ഇന്ത്യയുടെ അവിശ്വസനീയ പ്രകടനങ്ങളും അവിസ്മരണീയ തിരിച്ചുവരവുകളും ഈഡനോളം കണ്ട മറ്റൊരു മൈതാനം ഇല്ല. അതുകൊണ്ടു തന്നെ ഇന്ത്യയുടെ നടാടെയുള്ള പകല്‍- രാത്രി ടെസ്റ്റിന്റെ അരങ്ങേറ്റത്തിന് ഇത്രയും യോജിക്കുന്ന മറ്റൊരു വേദിയില്ലെന്ന് നിസംശയം പറയാം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയും ചേര്‍ന്ന് മണി മുഴക്കുന്നതോടെ ചരിത്ര പോരിന് നാന്ദി കുറിക്കപ്പെടും. 

ഇന്ത്യന്‍ ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ചുവന്ന പന്തുകള്‍ രാത്രിയില്‍ തിരിച്ചറിയാത്തതിനാല്‍ പിങ്ക് പന്തുകളാണ് ഉപയോഗിക്കുന്നത്. ആദ്യ മണിക്കൂറുകളില്‍ പിങ്ക് പന്തുകള്‍ക്ക് മികച്ച സ്വിങ് ലഭിക്കുന്നതിനാല്‍ ഷമിയടക്കമുള്ള പേസര്‍മാര്‍ അപകടകാരികളാകും. കഴിഞ്ഞ മത്സരത്തില്‍ തകര്‍ന്നിടിഞ്ഞ ബംഗ്ലാദേശ് ബാറ്റിങ് നിര എത്രത്തോളം ചെറുത്ത് നില്‍പ്പ് കാണിക്കുമെന്നത് കണ്ടറിയണം. പന്ത് പഴകുന്നതോടെ റിവേഴ്‌സ് സ്വിങ് ലഭിക്കില്ല. ഈ സമയത്ത് ബാറ്റ്‌സ്മാന്‍മാര്‍ക്ക് നേട്ടമുണ്ടാക്കാനാകും.

സ്പിന്നര്‍മാര്‍ക്ക് ഗ്രിപ്പ് ലഭിക്കാനും ബുദ്ധിമുട്ടാകും. സന്ധ്യാ സമയമാണ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഏറെ നിര്‍ണായകമാകുക. പന്തിന്റെ സീം തിരിച്ചറിയുന്നതും പന്തിന്റെ അകലം കണക്കാകുന്നതും ബുദ്ധിമുട്ടാണ്. ഈ സമയത്ത് സ്പിന്നര്‍മാര്‍ക്ക് നേട്ടമുണ്ടാക്കാനാകും. ഉയര്‍ന്നു പൊങ്ങിയ പന്തുകള്‍ ക്യാച്ചെടുക്കാനും പ്രയാസമാകും. പിങ്ക് ബോളിന്റെ സ്വിങ് ബംഗ്ലാ പേസര്‍മാര്‍ മുതലാക്കിയാല്‍ മത്സരം ആവേശകരമാകും. ടോസ് നേടുന്നവര്‍ ആദ്യം ബാറ്റു ചെയ്യനാണ് സാധ്യത. രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്ക് പിങ്ക് ബോളില്‍ കളിച്ചുളള പരിചയം ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com