നേടേണ്ടത് 142 റണ്‍സ്;  പിന്തള്ളുക ബ്രാഡ്മാനേയും കാംബ്ലിയേയും; മായങ്കിനെ കാത്ത് റെക്കോര്‍ഡുകള്‍ 

സമീപ കാലത്ത് ഇന്ത്യന്‍ ടീമില്‍ മികച്ച നേട്ടം സ്വന്തമാക്കിയ താരമാണ് യുവ ഓപണര്‍ മായങ്ക് അഗര്‍വാള്‍
നേടേണ്ടത് 142 റണ്‍സ്;  പിന്തള്ളുക ബ്രാഡ്മാനേയും കാംബ്ലിയേയും; മായങ്കിനെ കാത്ത് റെക്കോര്‍ഡുകള്‍ 

കൊല്‍ക്കത്ത: സമീപ കാലത്ത് ഇന്ത്യന്‍ ടീമില്‍ മികച്ച നേട്ടം സ്വന്തമാക്കിയ താരമാണ് യുവ ഓപണര്‍ മായങ്ക് അഗര്‍വാള്‍. എട്ട് ടെസ്റ്റ് മത്സരങ്ങളിലെ 12 ഇന്നിങ്‌സുകള്‍ കളിച്ച താരം മൂന്ന് സെഞ്ച്വറികളും മൂന്ന് അര്‍ധ സെഞ്ച്വറികളും കുറിച്ചു കഴിഞ്ഞു. 71.50 എന്ന മികച്ച ശരാശരിയും താരത്തിന് സ്വന്തം. 

ഇന്ന് ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് കൊല്‍ക്കത്തയില്‍ തുടങ്ങാനിരിക്കെ അപൂര്‍വ റെക്കോര്‍ഡിനരികിലാണ് മായങ്ക്. 12 ഇന്നിങ്‌സുകളില്‍ നിന്നായി 858 റണ്‍സാണ് മായങ്ക് ഇതുവരെ നേടിയത്. 1000 ടെസ്റ്റ് റണ്ണുകള്‍ പൂര്‍ത്തിയാക്കാന്‍ താരത്തിന് 142 റണ്‍സ് കൂടി മതി. 

ഈ ടെസ്റ്റില്‍ മായങ്ക് 1000 റണ്‍സ് തികച്ചാല്‍ ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡുകളിലൊന്നിനൊപ്പം  എത്തും. ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 142 റണ്‍സ് നേടിയാല്‍ 13 ഇന്നിങ്‌സുകളില്‍ 1000 ടെസ്റ്റ് റണ്‍സുകള്‍ തികയ്ക്കുന്ന താരമെന്ന ഡോണ്‍ ബ്രാഡ്മാന്റെ നേട്ടത്തിനൊപ്പമാണ് മായങ്കും എത്തുക. ബ്രാഡ്മാനും തന്റെ 13ാം ഇന്നിങ്‌സിലാണ് 1000 ടെസ്റ്റ് റണ്‍സ് തികച്ചത്. 

142 റണ്‍സ് നേടിയാല്‍ ഏറ്റവും കുറച്ച് ഇന്നിങ്‌സുകളില്‍ നിന്ന് 1000 ടെസ്റ്റ് റണ്ണുകള്‍ പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോര്‍ഡും മായങ്കിന് സ്വന്തമാക്കി. 14 ഇന്നിങ്‌സുകളില്‍ നിന്ന് 1000 ടെസ്റ്റ് റണ്‍സ് നേടിയ മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലിയെ പിന്തള്ളിയാണ് മായങ്കിന് നേട്ടം സ്വന്തമാകുക. 

കഴിഞ്ഞ വര്‍ഷം മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു മായങ്കിന്റെ ടെസ്റ്റ് അരങ്ങേറ്റം. അരങ്ങേറ്റം മുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് മായങ്ക് പുറത്തെടുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com