പോണ്ടിങ്ങിനെ പിന്നിലാക്കി, പട്ടികയില്‍ മറ്റൊരു ഇന്ത്യന്‍ നായകനുമില്ല; പിങ്ക് ബോള്‍ ടെസ്റ്റില്‍ കോഹ് ലിക്ക് തകര്‍പ്പന്‍ റെക്കോര്‍ഡ്‌

ബംഗ്ലാദേശിനെതിരായ ഡേ നൈറ്റ് ടെസ്റ്റില്‍ 32 റണ്‍സ് പിന്നിട്ടപ്പോഴാണ് കോഹ് ലിയെ തേടി റെക്കോര്‍ഡ് എത്തിയത്
പോണ്ടിങ്ങിനെ പിന്നിലാക്കി, പട്ടികയില്‍ മറ്റൊരു ഇന്ത്യന്‍ നായകനുമില്ല; പിങ്ക് ബോള്‍ ടെസ്റ്റില്‍ കോഹ് ലിക്ക് തകര്‍പ്പന്‍ റെക്കോര്‍ഡ്‌

കൊല്‍ക്കത്ത: പരമ്പര തൂത്തുവാരുമെന്ന് വ്യക്തമാക്കുന്ന പ്രകടനമാണ് ചരിത്രം കുറിച്ച പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് വന്നത്. ഡേ നൈറ്റ് ടെസ്റ്റിലെ ആദ്യ ദിനം എതിരാളികള്‍ക്ക് മേല്‍ ആധിപത്യം ഉറപ്പിക്കുന്നതിനൊപ്പം മറ്റൊരു റെക്കോര്‍ഡിലേക്കും ഇന്ത്യന്‍ നായകന്‍ എത്തി. അതിവേഗത്തില്‍ 5000 റണ്‍സ്.

നായകനായി ടെസ്റ്റില്‍ കോഹ് ലി വാരിക്കൂട്ടിയ റണ്‍സ് 5000 പിന്നിട്ടു. ബംഗ്ലാദേശിനെതിരായ ഡേ നൈറ്റ് ടെസ്റ്റില്‍ 32 റണ്‍സ് പിന്നിട്ടപ്പോഴാണ് കോഹ് ലിയെ തേടി റെക്കോര്‍ഡ് എത്തിയത്. നായകനായി 5000 ടെസ്റ്റ് റണ്‍സിലേക്ക് എത്തുന്ന ആദ്യ ഇന്ത്യന്‍ താരവുമായി കോഹ് ലി. 

86 ഇന്നിങ്‌സുകളില്‍ നായകനായി ബാറ്റേന്തിയാണ് കോഹ് ലി 5000 റണ്‍സ് പിന്നിട്ടത്. ടെസ്റ്റില്‍ നായകനായി നിന്ന് 5000 റണ്‍സ് പിന്നിട്ട മറ്റ് ആറ് താരങ്ങളേക്കാള്‍ വേഗത്തിലാണ് കോഹ് ലി ഈ നേട്ടത്തിലേക്ക് എത്തിയത്. 5000 ടെസ്റ്റ് റണ്‍സ് തികയ്ക്കാന്‍ 53 ടെസ്റ്റുകളാണ് കോഹ് ലിക്ക് വേണ്ടിവന്നത്. ഓസീസ് നായകനായിരുന്ന റിക്കി പോണ്ടിങ്ങിന് വേണ്ടിവന്നത് 54 ടെസ്റ്റുകളും, 97 ഇന്നിങ്‌സും. 

ബാക്കിയുള്ള നാല് നായകന്മാര്‍ക്കും ഈ നേട്ടത്തിലേക്കെത്താന്‍ 100ല്‍ കൂടുതല്‍ ഇന്നിങ്‌സ് വേണ്ടിവന്നു. 130 ഇന്നിങ്‌സില്‍ നിന്ന് 5000 റണ്‍സ് കണ്ടെത്തിയ സ്റ്റീഫന്‍ ഫ്‌ലെമിങ്ങാണ് ലിസ്റ്റില്‍ ഏറ്റവും പിന്നില്‍. 106 ഇന്നിങ്‌സില്‍ നിന്ന് 5000 റണ്‍സ് കണ്ടെത്തിയ ക്ലിവ് ലോയ്ഡ്, 110 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലേക്കെത്തിയ ഗ്രെയിം സ്മിത്ത്, 116 ഇന്നിങ്‌സില്‍ നിന്ന് 5000 കണ്ടെത്തിയ അലന്‍ ബോര്‍ഡര്‍ എന്നിവരാണ് ലിസ്റ്റിലുള്ള മറ്റ് നായകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com