ചൂടുവെള്ളം കൊണ്ടു വരട്ടേയെന്ന് ഗര്‍ഭിണിയായ ആരാധിക; ഓണേഴ്‌സ് ബോക്‌സിലിരുന്ന് മത്സരം കാണാന്‍ ക്ഷണം; അമ്പരപ്പിച്ച് ബംഗളൂരു

ആരാധകരെ കൂടെ നിര്‍ത്തുന്ന അവരുടെ മനോഭാവത്തിന്റെ മറ്റൊരു ഉദാഹരണം
ചൂടുവെള്ളം കൊണ്ടു വരട്ടേയെന്ന് ഗര്‍ഭിണിയായ ആരാധിക; ഓണേഴ്‌സ് ബോക്‌സിലിരുന്ന് മത്സരം കാണാന്‍ ക്ഷണം; അമ്പരപ്പിച്ച് ബംഗളൂരു

ബംഗളൂരു: ഇന്ത്യയുടെ ഫുട്‌ബോള്‍ ഭൂപടത്തിലേക്ക് സമീപ കാലത്ത് കടന്നു വന്ന ടീമുകളിലൊന്നാണ് ബംഗളൂരു എഫ്‌സി. കുറഞ്ഞ സമയം കൊണ്ട് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ ടീമാണ് ബംഗളൂരു. ആദ്യം ഐ ലീഗിലും ഇപ്പോള്‍ ഐഎസ്എല്ലിലും കളിച്ച അവര്‍ പ്രൊഫഷണലിസത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ മറ്റ് ടീമുകളെ ബഹദൂരം പിന്നിലാക്കുന്നു. ഇപ്പോഴിതാ ആരാധകരെ കൂടെ നിര്‍ത്തുന്ന അവരുടെ മനോഭാവത്തിന്റെ മറ്റൊരു ഉദാഹരണം. 

ഐഎസ്എല്ലില്‍ നാളെ ദക്ഷിണേന്ത്യന്‍ നാട്ടങ്കത്തില്‍ ബംഗളൂരു എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും നേര്‍ക്കുനേര്‍ വരും. സ്വന്തം ടീമിന്റെ കളി കാണാന്‍ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഒരു ആരാധിക അയച്ച കുറിപ്പിന് മറുപടിയുമായി ക്ലബ് രംഗത്തെത്തിയതാണ് ശ്രദ്ധേയം. 

മത്സരം നേരിട്ട് കാണാനെത്തുമ്പോള്‍ സ്‌റ്റേഡിയത്തിലേക്ക് ചൂടുവെള്ളം കൊണ്ടുവന്നോട്ടെ എന്ന ചോദ്യവുമായി ഗര്‍ഭിണിയായ മലയാളി ആരാധികയാണ് രംഗത്തെത്തിയത്. മേഘ്‌ന നായര്‍ എന്ന ആരാധികയാണ് ചോദ്യവുമായി വന്നത്. 

ആരാധികയുടെ അപേക്ഷ ക്ലബിനെ അമ്പരപ്പിച്ചു. ട്വിറ്റര്‍ പേജിലൂടെയാണ് മേഘ്‌ന ഇക്കാര്യം ചോദിച്ചത്. ''ഇപ്പോള്‍ 33 ആഴ്ച ഗര്‍ഭിണിയാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനായി ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. ഇതിനായി സ്‌റ്റേഡിയത്തില്‍ ചൂടുവെള്ളം കൊണ്ടുവരാന്‍ അനുവദിക്കാമോ? കഴിഞ്ഞ മത്സരങ്ങള്‍ കാണാന്‍ വന്നപ്പോള്‍ ഏറെ ബുദ്ധിമുട്ടി.'' - ട്വിറ്ററില്‍ അവര്‍ വ്യക്തമാക്കി.

ചോദ്യത്തിന് മറുപടിയുമായി ക്ലബ് രംഗത്തെത്തി. മത്സരം കാണാനായി ഓണേഴ്‌സ് ബോക്‌സിലേക്ക് അവരെ സ്വാഗതം ചെയ്തിരിക്കുകയാണ് ബംഗളൂരു എഫ്‌സി. ഓണേഴ്‌സ് ബോക്‌സിലിരുന്ന് കളി കാണാമെന്നും അവിടെ ചൂടുവെള്ളമടക്കം എല്ലാ സൗകര്യങ്ങളും ലഭ്യമാണെന്നും ക്ലബ് മറുപടിയില്‍ വ്യക്തമാക്കി. 

എന്തായാലും ആരാധികയുടെയും ക്ലബിന്റെയും ആശയ വിനിമയം സാമൂഹിക മാധ്യമങ്ങളിലും വൈറലായി.  മൂന്ന് സമനിലയുമായിട്ടാണ് ബംഗളൂരു എഫ്‌സി  ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2019- 20 സീസണ്‍ തുടങ്ങിയത്. ബ്ലാസ്റ്റേഴ്‌സിനും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല ഇതുവരെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com