'അച്ഛാ ആരെയാണ് ഇത്ര ദേഷ്യത്തോടെ നോക്കുന്നത്; അനുസരണക്കേട് കാട്ടുന്ന നിന്നെ'യെന്ന് ഗാംഗുലി; ഉരുളയ്ക്കുപ്പേരി മറുപടിയുമായി മകൾ
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th November 2019 10:23 PM |
Last Updated: 25th November 2019 10:23 PM | A+A A- |

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റെന്ന നിലയിൽ സൗരവ് ഗാംഗുലിയെ സംബന്ധിച്ച് അഭിമാന പ്രശ്നമായിരുന്നു ഇന്ത്യ- ബംഗ്ലാദേശ് ഡേ നൈറ്റ് ടെസ്റ്റ്. ടെസ്റ്റിൽ ഉജ്ജ്വല വിജയമാണ് ഇന്ത്യ നേടിയത്. സ്റ്റേഡിയത്തിലെ നിറഞ്ഞ കാണികളുടെ സാന്നിധ്യവും ടെസ്റ്റിനെ ശ്രദ്ധേയമാക്കി. എന്തായാലും ഗാംഗുലി ഇപ്പോൾ ഹാപ്പി.
മത്സര ശേഷം നടന്ന സമ്മാനദാന ചടങ്ങിനിടെ ഇരുകൈയും കെട്ടി അല്‍പം ദേഷ്യത്തോടെ ആരെയോ നോക്കി നില്‍ക്കുന്ന ചിത്രം ഗാംഗുലി കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. ആ ചിത്രത്തിന് താഴെ ഗാംഗുലിയുടെ മകള്‍ സന പോസ്റ്റ് ചെയ്തൊരു കമന്റിന് ദാദ നല്‍കിയ മറുപടിയും അതിന് മകള്‍ നല്‍കിയ ഉത്തരവും ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ആരെയാണ് ഇത്ര ദേഷ്യത്തോടെ നോക്കുന്നത് എന്നായിരുന്നു അച്ഛന്റെ ചിത്രത്തിന് താഴെ മകളുടെ കമന്റ്. അനുസരണക്കേട് കാട്ടുന്ന നിന്നെ തന്നെ എന്നായിരുന്നു ഇതിന് ഗാംഗുലി നല്‍കിയ മറുപടി. എന്നാല്‍ അത് താങ്കളില്‍ നിന്ന് പഠിച്ചതാണെന്നായിരുന്നു ഇതിന് മകള്‍ നല്‍കിയ മറുപടി.