അഞ്ചാം പോരിൽ ആദ്യ ​ഗോളും ആദ്യ ജയവും; നാടകീയം അവിശ്വസനീയം ചെന്നൈയിൻ

ഐഎസ്എല്‍ പുതിയ സീസണില്‍ ജയമറിയാത്ത ഒരേയൊരു ടീമെന്ന നാണക്കേട് ഇതുവരെ ഉണ്ടായിരുന്നവരാണ് ചെന്നൈയിൻ എഫ്സി. ആ അപവാദം ഏതായാലും അവർ ഇന്ന് മാറ്റി
അഞ്ചാം പോരിൽ ആദ്യ ​ഗോളും ആദ്യ ജയവും; നാടകീയം അവിശ്വസനീയം ചെന്നൈയിൻ

ചെന്നൈ: ഐഎസ്എല്‍ പുതിയ സീസണില്‍ ജയമറിയാത്ത ഒരേയൊരു ടീമെന്ന നാണക്കേട് ഇതുവരെ ഉണ്ടായിരുന്നവരാണ് ചെന്നൈയിൻ എഫ്സി. ആ അപവാദം ഏതായാലും അവർ ഇന്ന് മാറ്റി. അതും സ്വന്തം ആരാധകരെ സാക്ഷി നിര്‍ത്തി. ഹൈദരാബാദ് എഫ്സിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയിന്‍ വീഴ്ത്തിയത്. ഈ സീസണിലെ അവരുടെ ആദ്യ ജയം.

നിശ്ചിത 90 മിനുട്ടും ഗോളൊഴിഞ്ഞ അവസ്ഥയായിരുന്നു. മത്സരം വിരസമായ സമനിലയിലേയ്ക്ക് നീങ്ങുമെന്നും തോന്നി. എന്നാൽ ഇഞ്ച്വറി ടൈം അതി നാടകീയ രം​ഗങ്ങളാൽ സമ്പന്നമായതോടെ മത്സരം ചെന്നൈയിൻ പിടിച്ചെടുക്കുകയായിരുന്നു. ഇഞ്ച്വറി ടൈമിലാണ് ഗോളുകള്‍ മൂന്നും പിറന്നത്.

ഇഞ്ച്വറി ടൈമിന്റെ ആദ്യ മിനുട്ടില്‍ ഷെബ്രിയാണ് ചെന്നൈയിന്റെ ആദ്യ ഗോള്‍ വലയിലാക്കിയത്. ഈ സീസണിലെ ചെന്നൈയിന്റെ ആദ്യ ഗോള്‍. എന്നാല്‍ ഈ ആഹ്ലാദം ഏറെ നീണ്ടില്ല. അടുത്ത മിനുട്ടില്‍ കില്‍ഗാല്ലണിലൂടെ നാടകീയമായി ഹൈദരാബാദ് തിരിച്ചടിച്ചു. നാടകം തീര്‍ന്നില്ല. അടുത്ത മിനുട്ടിൽ വാല്‍സ്‌കിസ് അവിശ്വസനീയമായി ചെന്നൈയിനു  വേണ്ടി വല കുലുക്കിയപ്പോള്‍ സന്തോഷത്തേക്കാളുപരി ഞെട്ടലായിരുന്നു കാണികള്‍ക്കും ടീമിനും. അടുത്ത ക്ഷണം റഫറി ഫൈനല്‍ വിസിലൂതിയതോടെ സന്തോഷം കൊണ്ട് പൊട്ടിത്തെറിച്ചു ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം.

ഈ ജയത്തോടെ ഏറ്റവും അവസാന സ്ഥാനത്ത് നിന്ന് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുകയാണ് ചെന്നൈയിന്. അഞ്ച് കളികളില്‍ നിന്ന് നാല് പോയിന്റുള്ള അവര്‍ ഒന്‍പതാം സ്ഥാനത്താണ്. മൂന്ന് പോയിന്റുള്ള ഹൈദരാബാദ് എഫ്സി പത്താം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com