'അഞ്ചില്‍ രണ്ട് ഇന്നിങ്‌സിലെങ്കിലും മികവ് കാണിക്കാനാണ് നോക്കുക, സ്ഥിരതയ്ക്ക് പിന്നാലെ പോവില്ല''; നിലപാട് വ്യക്തമാക്കി സഞ്ജു

'ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം ഉറപ്പിച്ച് കളിക്കുന്ന രീതിയിലെ വ്യത്യസ്തനായ ഒരു കളിക്കാരനാണ് ഞാന്‍'
'അഞ്ചില്‍ രണ്ട് ഇന്നിങ്‌സിലെങ്കിലും മികവ് കാണിക്കാനാണ് നോക്കുക, സ്ഥിരതയ്ക്ക് പിന്നാലെ പോവില്ല''; നിലപാട് വ്യക്തമാക്കി സഞ്ജു

തിരുവനന്തപുരം: സ്ഥിരത കണ്ടെത്താനായി ബാറ്റിങ് ശൈലിയില്‍ മാറ്റം വരുത്തില്ലെന്ന് ആവര്‍ത്തിച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയില്‍ ഇടംലഭിച്ചതിന് പിന്നാലെയാണ് സഞ്ജു വീണ്ടും തന്റെ നിലപാട് ആവര്‍ത്തിച്ചത്. 

സ്ഥിരത നിലനിര്‍ത്തുക എന്നത് ഒരു പ്രശ്‌നമായി ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം ഉറപ്പിച്ച് കളിക്കുന്ന രീതിയിലെ വ്യത്യസ്തനായ ഒരു കളിക്കാരനാണ് ഞാന്‍. ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം നേടാന്‍ സാധിക്കുകയും, എനിക്കൊരു ശൈലി ഉണ്ടാവുകയും ചെയ്യുന്ന സമയം, സ്ഥിരത നിലനിര്‍ത്തുക ലക്ഷ്യമിട്ട് പോയാല്‍ എനിക്കെന്റെ ബാറ്റിങ് ശൈലി നഷ്ടപ്പെടും, സഞ്ജു പറയുന്നു. 

കാര്യങ്ങളെ ലളിതമായി കാണാനാണ് എനിക്കിഷ്ടം. അവസരം ലഭിക്കുമ്പോള്‍ വലിയ സ്‌കോര്‍ കണ്ടെത്താനാണ് ശ്രമം. അഞ്ച് ഇന്നിങ്‌സ് ലഭിച്ചാല്‍ ഒന്നോ രണ്ടോ കളിയില്‍ ബിഗ് സ്‌കോര്‍ കണ്ടെത്താനും, ടീമിനെ ജയിപ്പിക്കാനുമാവും എന്റെ ശ്രമം. എന്റെ സ്ഥിരത ടീമിന് ജയം നേടിത്തരില്ല. ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ വിശിഷ്ടമായ ഇന്നിങ്‌സ് തന്നെ വേണം. അതാണ് എന്റെ ആശയം എന്നും സഞ്ജു പറഞ്ഞു. 

കേരളത്തിന് വേണ്ടി കഴിഞ്ഞ അഞ്ച് ആറ് വര്‍ഷമായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ വിക്കറ്റിന് പിന്നില്‍ ഞാനുണ്ട്. രഞ്ജിയിലും. ടീം എന്താണോ ആവശ്യപ്പെടുന്നത് ഞാന്‍ അത് നല്‍കും. ഐപിഎല്ലില്‍ വിക്കറ്റിന് പിന്നില്‍ നില്‍ക്കണം എന്ന് പറഞ്ഞപ്പോള്‍ അതും, ഫീല്‍ഡില്‍ മികവ് കാണിക്കണം എന്ന് പറഞ്ഞപ്പോള്‍ അതും ഞാന്‍ ചെയ്തു. ഫീല്‍ഡറായും, വിക്കറ്റ് കീപ്പറായും മികവ് കാണിക്കാന്‍ ഞാന്‍ പരിശിലിക്കുന്നു. കാരണം ടീം എന്താണ് ആവശ്യപ്പെടുക എന്ന് നമുക്കറിയില്ലല്ലോ...

ഇന്ത്യയ്ക്ക് വേണ്ടി ഓസ്‌ട്രേലിയയില്‍ കിരീടം ഉയര്‍ത്തുകയാണ് ലക്ഷ്യം. അതിന് വേണ്ടി പരിശീലിക്കുന്നു. ടീമിന്റെ ഭാഗമായിരിക്കുക മാത്രമല്ല ലക്ഷ്യം. രാജ്യത്തിന് വേണ്ടി ലോകകപ്പ് ജയിക്കുക എന്ന ചിന്തയിലൂന്നിയാണ് എന്റെ പദ്ധതികള്‍. കിരീടം നേടാന്‍ എന്നെക്കൊണ്ട് സാധിക്കുന്നതെല്ലാം നല്‍കും, സഞ്ജു പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com