കൂടുതല്‍ കരുത്തനാവണം! വിയര്‍പ്പൊഴുക്കി സഞ്ജുവിന്റെ വര്‍ക്ക്ഔട്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th November 2019 10:49 AM |
Last Updated: 28th November 2019 10:49 AM | A+A A- |
വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്ന് പേര് ഒഴിവാക്കപ്പെട്ടപ്പോള്‍ സഞ്ജുവിനേക്കാള്‍ വേദനിച്ചത് ആരാധകര്‍ക്കായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പേജിലും, ബിസിസിഐയ്‌ക്കെതിരേയും, ഗാംഗുലിക്ക് മുന്‍പിലുമായി ആരാധകര്‍ സഞ്ജുവിന് വേണ്ടി വാദിച്ചെത്തി. ഒടുവില്‍ സഞ്ജുവിന്റെ കഴിവിനെ തേടി അവസരം ഒരിക്കല്‍ കൂടി എത്തി. ആ അവസരം മുതലെടുക്കാനുള്ള കഠിനാധ്വാനത്തിലാണ് സഞ്ജു ഇപ്പോള്‍...
ജിമ്മിലെ വര്‍ക്ക്ഔട്ടിന്റെ ഫോട്ടോയുമായാണ് സഞ്ജു സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ക്ക് മുന്‍പിലേക്ക് എത്തുന്നത്. കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുക, കരുത്തനായിക്കൊണ്ടിരിക്കുക എന്ന വാക്കുകളോടെ വര്‍ക്ക്ഔട്ടിന് ഇടയിലെ ഫോട്ടോ സഞ്ജു പങ്കുവയ്ക്കുന്നു.
Work harder and harder & become stronger and stronger#stronger&stronger#samson pic.twitter.com/jrcHKOEuDB
— Sanju Samson (@IamSanjuSamson) 28 November 2019
ധവാന് പരിക്കില്‍ നിന്നും പുറത്തുവരാന്‍ സമയമെടുക്കും എന്ന് വന്നതോടെയാണ് സഞ്ജുവിനെ പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ പ്ലേയിങ് ഇലവനില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താനുള്ള സാധ്യത വിരളമാണ്. സ്ഥിരത നിലനിര്‍ത്താനായി ബാറ്റിങ് ശൈലി മാറ്റാന്‍ തയ്യാറല്ലെന്ന് കഴിഞ്ഞ ദിവസം സഞ്ജു പറഞ്ഞിരുന്നു.
അഞ്ച് ഇന്നിങ്‌സുകളില്‍ അവസരം ലഭിച്ചാല്‍ ഒന്നോ രണ്ടോ കളിയില്‍ മികച്ച ഇന്നിങ്‌സ് പുറത്തെടുക്കാനാവും ശ്രമം. ഞാന്‍ സ്ഥിരത കാണിച്ചത് കൊണ്ട് എന്റെ ടീമിന് ജയിക്കാനാവില്ല. ജയിക്കണം എങ്കില്‍ വിശിഷ്ടമായ കളി തന്നെ എന്നില്‍ നിന്നും വരണം. അതിനാണ് ശ്രമം. ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി20 ലോകകപ്പ് ജയിക്കുക എന്നതാണ് സ്വപ്നം. അതിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും സഞ്ജു പറഞ്ഞു.