പാതി മീശയും താടിയും കളഞ്ഞ് കാലിസ്; ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th November 2019 12:47 PM |
Last Updated: 28th November 2019 12:47 PM | A+A A- |
ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടറാണ് സൗത്ത് ആഫ്രിക്കയുടെ ജാക് കാലിസ്. ബാറ്റുകൊണ്ടും ബോളുകൊണ്ടും കാലിസ് എഴുതിക്കൂട്ടിയ മാന്ത്രിക സംഖ്യകള്‍ ഇന്നും ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുന്നു. ഇപ്പോള്‍ പക്ഷേ കളിക്കളത്തിന് പുറത്ത് നിന്നും ഒരു ചലഞ്ച് ഏറ്റെടുത്താണ് കാലിസ് ആരാധകരെ ഞെട്ടിക്കുന്നത്.
പാതി മീശയും താടിയും കളഞ്ഞാണ് ഇന്‍സ്റ്റഗ്രാമില്‍ കാലിസ് കഴിഞ്ഞ ദിവസം എത്തിയത്. വെറുതെ കളഞ്ഞതല്ല, ഒരു നല്ല കാര്യത്തിനായാണ് വ്യത്യസ്തമായ ചലഞ്ച് ഏറ്റെടുത്ത് കാലിസ് എത്തുന്നത്. സൗത്ത് ആഫ്രിക്കയിലെ കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ് ഇത്.
കണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്നതിന് പണം സ്വരൂപിക്കുന്നതിനായും, ബോധവത്കരണം നടത്തുന്നതിനുമായാണ് ഇതുപോലൊരു ചലഞ്ച്. ഈ കുറച്ച് ദിവസങ്ങള്‍ വളരെ രസകരമായിരിക്കും എന്നാണ് ഫോട്ടോ ഷെയര്‍ ചെയ്ത് കാലിസ് കുറിച്ചത്.
ഏകദിനത്തില്‍ 11579 റണ്‍സ് വാരിക്കൂട്ടിയാണ് കാലിസ് കരിയര്‍ അവസാനിപ്പിച്ചത്. 328 ഏകദിനങ്ങളില്‍ നിന്ന് കാലിസ് വാരിക്കൂട്ടിയത് 17 സെഞ്ചുറിയും 86 അര്‍ധ ശതകങ്ങളും. ടെസ്റ്റിലും ഏകദിനത്തിലും 10000 റണ്‍സ് പിന്നിട്ട ഏക സൗത്ത് ആഫ്രിക്കന്‍ താരവും കാലിസ് ആണ്. ഏകദിനത്തില്‍ 273 വിക്കറ്റും, ടെസ്റ്റില്‍ 292 വിക്കറ്റും കാലിസ് പിഴുതിട്ടുണ്ട്.