ഡോര്‍ട്ട്മുണ്ടിനെതിരെ കളിച്ചത് 'അസാധാരണ മെസി'; റെക്കോര്‍ഡുകള്‍ തിരുത്തി എഴുതി മിശിഹ

700ാം മത്സരത്തില്‍ ഗോള്‍ വല കുലുക്കിയ മെസി തന്റെ ക്ലബ് കരിയറിലെ ഗോള്‍ നേട്ടം 613ലേക്ക് എത്തിച്ചു. അസിസ്റ്റുകള്‍ 236
ഡോര്‍ട്ട്മുണ്ടിനെതിരെ കളിച്ചത് 'അസാധാരണ മെസി'; റെക്കോര്‍ഡുകള്‍ തിരുത്തി എഴുതി മിശിഹ

ചാമ്പ്യന്‍സ് ലീഗിലെ അവസാന പതിനാറ് ഉറപ്പിച്ച് ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്ത് വിട്ട കളിയില്‍ റെക്കോര്‍ഡുകളും പിന്നിട്ട് സൂപ്പര്‍ താരം മെസി. ബാഴ്‌സയ്ക്ക് വേണ്ടി 700ാം മത്സരത്തിന് ഇറങ്ങിയ മിശിഹയുടെ ടച്ചോടെയായിരുന്നു ബാഴ്‌സ വല കുലുക്കിയ മൂന്ന് ഗോളുകളും. 

700ാം മത്സരത്തില്‍ ഗോള്‍ വല കുലുക്കിയ മെസി തന്റെ ക്ലബ് കരിയറിലെ ഗോള്‍ നേട്ടം 613ലേക്ക് എത്തിച്ചു. അസിസ്റ്റുകള്‍ 236. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ടീമുകള്‍ക്കെതിരെ ഗോള്‍ വല കുലുക്കുന്ന താരവുമായി മെസി. ചാമ്പ്യന്‍സ് ലീഗില്‍ 34 വ്യത്യസ്ത ടീമുകള്‍ക്കെതിരെയാണ് മെസി ഗോള്‍വല കുലുക്കിയിട്ടുള്ളത്. 

40 വട്ടമാണ് മെസി ബാഴ്‌സയ്ക്ക് വേണ്ടി ഹാട്രിക് കുറിച്ചത്. ഒരു കളിയില്‍ നാല് ഗോള്‍ എന്ന നേട്ടം അഞ്ച് വട്ടവും, അഞ്ച് ഗോള്‍ നേട്ടം ഒരു തവണയും. 125 വട്ടം ബാഴ്‌സ കുപ്പായത്തില്‍ മെസി ഇരട്ട ഗോളുകള്‍ നേടി. ബാഴ്‌സയുടെ ചരിത്രത്തില്‍ 700 എന്ന സംഖ്യ തൊടുന്ന രണ്ടാമത്തെ മാത്രം താരമാണ് മെസി. 767 മത്സരങ്ങളില്‍ ബാഴ്‌സ കുപ്പായത്തില്‍ ഇറങ്ങിയ സാവിയാണ് മെസിക്ക് മുന്‍പിലുള്ളത്. 

2018-19 സീസണില്‍ ക്ലബ് വിട്ട ഇനിയെസ്റ്റയാണ് മെസിക്ക് പിന്നിലുള്ളത്. ബാഴ്‌സയ്ക്ക് വേണ്ടി ഇനിയെസ്റ്റ ഇറങ്ങിയത് 674 മത്സരങ്ങളില്‍.  ഈ 15 വര്‍ഷത്തിന് ഇടയില്‍ 34 പ്രധാന കിരീടങ്ങളാണ് മെസിയിലൂടെ ബാഴ്‌സ നേടിയെടുത്തത്. ക്ലബ് ചരിത്രത്തില്‍ മറ്റൊരു കളിക്കാരനും ഇത് അവകാശപ്പെടാനില്ല. 10 ലാലിഗ കിരീടവും, നാല് ചാമ്പ്യന്‍സ് ലീഗും ഇതില്‍ ഉള്‍പ്പെടുന്നു. 

ഡോര്‍ട്ട്മുണ്ടിനെതിരായ കളി കഴിഞ്ഞതോടെ ബാലന്‍ ദി ഓറിലേക്ക് മെസി കൂടുതല്‍ അടുത്തുവെന്ന വിലയിരുത്തലാണ് ഉയരുന്നത്. ബാഴ്‌സ ഗോള്‍ കീപ്പര്‍ സ്റ്റെഗനും, മധ്യനിര താരം ഡെ ജോങ് ഉള്‍പ്പെടെയുള്ളവരും മെസിയെ പുകഴ്ത്തിയെത്തി. ഡോര്‍ട്ട്മുണ്ടിനെതിരെ അസാധാരണ മെസിയാണ് കളിച്ചത് എന്നായിരുന്നു സ്‌റ്റെഗന്റെ വാക്കുകള്‍. 

സീസണിന്റെ തുടക്കം നഷ്ടമായെങ്കിലും 10 ഗോളും, എട്ട് അസിസ്റ്റുമാണ് മെസിയുടെ അക്കൗണ്ടില്‍ ഇപ്പോഴുള്ളത്. തോല്‍വിയറിയാതെയാണ് ബാഴ്‌സ ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് ഘട്ടം ഉറപ്പിക്കുന്നത്. അഞ്ച് കളിയില്‍ മൂന്നെണ്ണം ജയിച്ചപ്പോള്‍ രണ്ട് കളി സമനിലയിലായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com