കുറ്റം സമ്മതിക്കരുതെന്ന് സച്ചിനും ദാദയും പറഞ്ഞു, പക്ഷേ ഞാന്‍ സത്യം പറഞ്ഞു; വിലക്ക് വാങ്ങിത്തന്നത് ഗാരിയെന്ന് ഗംഭീര്‍

2008ലെ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന് ഇടയിലെ സംഭവമാണ് ഗംഭീറിന് വിലക്ക് നേടിക്കൊടുത്തത്
കുറ്റം സമ്മതിക്കരുതെന്ന് സച്ചിനും ദാദയും പറഞ്ഞു, പക്ഷേ ഞാന്‍ സത്യം പറഞ്ഞു; വിലക്ക് വാങ്ങിത്തന്നത് ഗാരിയെന്ന് ഗംഭീര്‍

2008ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്കിടയില്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന് ഒരു ടെസ്റ്റില്‍ നിന്ന് വിലക്ക് നേരിട്ടിരുന്നു. ആ വിലക്കിന് കാരണമായത് ആ സമയം പരിശീലകനായിരുന്ന ഗാരി കിര്‍സ്റ്റനാണെന്ന് വെളിപ്പെടുത്തുകയാണ് ഗംഭീര്‍ ഇപ്പോള്‍. 

സച്ചിന്റേയും ഗാംഗുലിയുടേയും വാക്ക് മറികടന്ന്, പരിശീലകന്റെ വാക്കുകള്‍ അനുസരിച്ചതോടെയാണ് തനിക്ക് വിലക്ക് നേരിട്ടത് എന്ന് താരം പറയുന്നു. 2008ലെ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന് ഇടയിലെ സംഭവമാണ് ഗംഭീറിന് വിലക്ക് നേടിക്കൊടുത്തത്. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ ഗംഭീര്‍ നില്‍ക്കുന്ന സമയമായിരുന്നു അത്. 

ഗംഭീറിനെ ക്രീസില്‍ നിന്ന് മടക്കുക ബുദ്ധിമുട്ടാണെന്ന് തിരിച്ചറിഞ്ഞ ഓസീസ് താരങ്ങള്‍ ഗംഭീറിനെ സ്ലെഡ്ജ് ചെയ്തു. ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ ഉള്‍പ്പെടെയുള്ളവരുടെ സ്ലെഡ്ജിങ്ങില്‍ പ്രകോപിതനായ ഗംഭീര്‍ പരിധി വിട്ടു. സിംഗിള്‍ എടുക്കാന്‍ ഓടുന്നതിന് ഇടയില്‍ കൈമുട്ട് കൊണ്ട് വാട്‌സനെ തള്ളുകയായിരുന്നു ഗംഭീര്‍. 

ഇതിന്റെ പേരില്‍ ഗംഭീറിന് ഒരു ടെസ്റ്റില്‍ നിന്ന് അമ്പയര്‍ വിലക്ക് വിധിച്ചു. എന്നാല്‍ മാച്ച് റഫറിക്ക് മുന്‍പില്‍ തെറ്റ് സമ്മതിക്കരുത് എന്ന് സച്ചിനും, ഗാംഗുലിയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ എന്നോട് പറഞ്ഞു. എന്നാല്‍ തെറ്റ് സമ്മതിക്കാനാണ് കോച്ച് ഗാരി കിര്‍സ്റ്റണ്‍ മാച്ച് റഫറിയുടെ മുറിയിലേക്ക് കയറുന്നതിന് തൊട്ടുമുന്‍പ് എന്നോട് പറഞ്ഞത്. മാച്ച് റഫറി നല്ല വ്യക്തിയാണെന്നും, കടുത്ത ശിക്ഷയൊന്നും നല്‍കില്ലെന്നും കോച്ച് തന്നോട് പറഞ്ഞു, ഗംഭീര്‍ പറയുന്നു. 

എന്നാല്‍ ഗാരി കിര്‍സ്റ്റണിന്റെ വാക്കുകള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നടന്നില്ല. കുറ്റം സമ്മതിച്ച ഗംഭീറിന് നാഗ്പൂര്‍ ടെസ്റ്റില്‍ കളിക്കുന്നതില്‍ മാച്ച് റഫറി വിലക്കേര്‍പ്പെടുത്തി.  വിലക്കിനെ തുടര്‍ന്ന് അവസാന ടെസ്റ്റ് നഷ്ടമായെങ്കിലും 463 റണ്‍സോടെ ഗംഭീറായിരുന്നു ടോപ് റണ്‍ സ്‌കോറര്‍. രണ്ട് സെഞ്ചുറിയും ഒരു അര്‍ധശതകവുമാണ് മൂന്ന് ടെസ്റ്റില്‍ നിന്ന് അന്ന് ഗംഭീര്‍ നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com