മുന്നൂറടിച്ച് വാര്‍ണര്‍ ആകാശത്തേക്ക് നോക്കി ബാറ്റുയര്‍ത്തി, ഹ്യൂസിന് ജന്മദിന സമ്മാനം!

119ാം ഓവറിലെ ആദ്യ ഡെലിവറിയില്‍ അബ്ബാസിനെ ബൗണ്ടറി കടത്തി വീണ്ടും വാര്‍ണര്‍ ബാറ്റുയര്‍ത്തി
മുന്നൂറടിച്ച് വാര്‍ണര്‍ ആകാശത്തേക്ക് നോക്കി ബാറ്റുയര്‍ത്തി, ഹ്യൂസിന് ജന്മദിന സമ്മാനം!

അഡ്‌ലെയ്ഡില്‍ പാകിസ്ഥാനെതിരെ ഇരട്ട ശതകം കുറിച്ചതിന് പിന്നാലെ ഡേവിഡ് വാര്‍ണര്‍ ആകാശത്തേക്ക് നോക്കി ബാറ്റുയര്‍ത്തി...മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കും ആ ഇരട്ട ശതകം മുന്നൂറിലേക്കെത്തി. ഓസീസ് ഇന്നിങ്‌സിന്റെ 119ാം ഓവറിലെ ആദ്യ ഡെലിവറിയില്‍ അബ്ബാസിനെ ബൗണ്ടറി കടത്തി വീണ്ടും വാര്‍ണര്‍ ബാറ്റുയര്‍ത്തി. നവംബര്‍ 30 എന്ന ദിനത്തിലാണ് വാര്‍ണറുടെ ബാറ്റില്‍ നിന്നും ചരിത്രം തിരുത്തിയെഴുതുന്ന ഈ റണ്‍മഴ പിറന്നത് എന്നതാണ് പ്രത്യേകത. ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി കടന്നു കളഞ്ഞ ഉറ്റ സുഹൃത്ത് ഫില്‍ ഹ്യൂസിന്റെ ജന്മദിനത്തില്‍.

1988 നവംബര്‍ 30നാണ് ഫില്‍ ഹ്യൂസ് ജനിച്ചത്. ഹ്യൂസിന്റെ ജീവനെടുത്ത നവംബര്‍ 27ന്റെ ഓര്‍മകളിലൂടെ ക്രിക്കറ്റ് ലോകം കടന്നു പോയതിന് പിന്നാലെയാണ് താരത്തിന്റെ ജന്മദിനം ഏവരുടേയും ഓര്‍മയിലേക്ക് കൊണ്ടുവന്ന് വാര്‍ണറുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് വരുന്നത്. പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ആദ്യ സെഷനില്‍ ഇരട്ട ശതകത്തിലേക്ക് എത്തിയ വാര്‍ണര്‍, രണ്ടാം സെഷനില്‍ തന്റെ സ്‌കോര്‍ മുന്നൂറ് കടത്തി. 

390 പന്തില്‍ നിന്ന് 37 ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു വാര്‍ണറുടെ ഇന്നിങ്‌സ്. ട്രിപ്പിള്‍ സെഞ്ചുറിയിലേക്കെത്തുന്ന ഏഴാമത്തെ ഓസ്‌ട്രേലിയന്‍ താരമായി ഇവിടെ വാര്‍ണര്‍. അഡ്‌ലെയ്ഡില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറും വാര്‍ണര്‍ സ്വന്തമാക്കി. ബ്രാഡ്മാന്റെ 299 റണ്‍സാണ് വാര്‍ണര്‍ ഇവിടെ മറികടന്നത്. നേരത്തെ, ലാബുഷാഗ്നെയുമായി ചേര്‍ന്ന് 361 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തീര്‍ക്കും വാര്‍ണര്‍ റെക്കോര്‍ഡ് മഴ സൃഷ്ടിച്ചിരുന്നു. 

പന്ത് ചുരണ്ടലില്‍ നേരിട്ട വിലക്കിന് ശേഷം കളിച്ച ആദ്യ ടെസ്റ്റ് പരമ്പരയായ ആഷസില്‍ വാര്‍ണര്‍ക്ക് മികവ് കാണിക്കാനായിരുന്നില്ല. എന്നാല്‍ ആ നിരാശയെല്ലാം വാര്‍ണര്‍ ഇവിടെ തീര്‍ക്കുന്നു. ലാറ കയ്യടക്കി വെച്ചിരിക്കുന്ന നാന്നൂറിലേക്ക് വാര്‍ണര്‍ കുതിച്ചെത്തുമെന്ന് തോന്നിച്ചെങ്കിലും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 589 റണ്‍സില്‍ നിന്ന് ഓസ്‌ട്രേലിയ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com