വാര്‍ണര്‍ 400ന് അടുത്ത് നില്‍ക്കെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത പെയ്ന്‍; ഓസീസ് നായകനെ പുറത്താക്കണമെന്ന് ആരാധകര്‍

ഇരട്ട ശതകത്തില്‍ നിന്ന് മുന്നൂറിലേക്ക് എത്തിയതിനേക്കാള്‍ വേഗത്തില്‍ മുന്നൂറില്‍ നിന്ന് വാര്‍ണര്‍ നാന്നൂറിലേക്ക് എത്തുമെന്ന് തോന്നിച്ചു
വാര്‍ണര്‍ 400ന് അടുത്ത് നില്‍ക്കെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത പെയ്ന്‍; ഓസീസ് നായകനെ പുറത്താക്കണമെന്ന് ആരാധകര്‍

ടെസ്റ്റില്‍ 400 തൊടുന്ന രണ്ടാമത്തെ മാത്രം ക്രിക്കറ്റ് താരമാവും താനെന്ന സൂചനയാണ് അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ രണ്ടാം ദിനം രണ്ടാം സെഷനില്‍ ഡേവിഡ് വാര്‍ണര്‍ നല്‍കിയത്. ഇരട്ട ശതകത്തില്‍ നിന്ന് മുന്നൂറിലേക്ക് എത്തിയതിനേക്കാള്‍ വേഗത്തില്‍ മുന്നൂറില്‍ നിന്ന് വാര്‍ണര്‍ നാന്നൂറിലേക്ക് എത്തുമെന്ന് തോന്നിച്ചു. പക്ഷേ ആ സമയം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാനായിരുന്നു ഓസീസ് നായകന്‍ പെയ്‌നിന്റെ തീരുമാനം. 

418 പന്തില്‍ നിന്ന് വാര്‍ണര്‍ 39 ഫോറിന്റേയും ഒരു സിക്‌സിന്റേയും അകമ്പടിയോടെ 335 റണ്‍സ് എടുത്ത് നില്‍ക്കെ പെയ്ന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 589 റണ്‍സ് എന്നതായിരുന്നു ഈ സമയം ഓസ്‌ട്രേലിയയുടെ സ്‌കോര്‍. ഒരു മണിക്കൂര്‍ സമയം പോലും നാന്നൂറിലേക്ക് എത്താന്‍ അവിടെ വാര്‍ണര്‍ക്ക് വേണ്ടിവരില്ലായിരുന്നു എന്ന് ചൂണ്ടിക്കാട്ടി, ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാനുള്ള പെയ്‌നിന്റെ തീരുമാനത്തെ വിമര്‍ശിക്കുകയാണ് ആരാധകര്‍. 

വ്യക്തിഗത നേട്ടങ്ങളെ പിന്നില്‍ വെച്ച് ഓസ്‌ട്രേലിയ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമോ എന്ന തന്റെ ചോദ്യത്തിന് ഇവിടെ ഉത്തരമായെന്നും ഹര്‍ഷ ബോഗ് ലെ ട്വീറ്റ് ചെയ്തു. ഡിക്ലയര്‍ ചെയ്യാനുള്ള തീരുമാനത്തോടെ പെയ്‌നിന്റെ നായകത്വത്തെ വിമര്‍ശിച്ചും ആരാധകര്‍ രംഗത്തെത്തുന്നുണ്ട്. 

എന്നാല്‍ വ്യക്തിഗത നേട്ടങ്ങളെ പിന്നില്‍ നിര്‍ത്തുന്ന ഓസീസ് ടീമിന്റെ മഹത്വം ഇവിടെ ഒരിക്കല്‍ കൂടി കാണാമെന്നും, ബ്രാഡ്മാന്റെ ഉയര്‍ന്ന സ്‌കോര്‍ അഡ്‌ലെയ്ഡില്‍ മറികടന്ന് തന്നെ വാര്‍ണറുടെ എക്കാലത്തേയും മികച്ച നേട്ടമായി കാണണമെന്നും ആരാധകര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com