അന്ന് നാലാം സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് സഞ്ജുവിനെ, ഇന്ന് മറ്റൊരു താരവുമായി ഹര്‍ഭജന്‍; പരിഹാസവുമായി യുവരാജ് വീണ്ടും

'ഡൊമസ്റ്റിക് സീസണില്‍ ഇത്രമാത്രം മികച്ച കളി പുറത്തെടുത്തിട്ടും എന്തുകൊണ്ട് താരത്തെ നാലാം സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ല' 
അന്ന് നാലാം സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് സഞ്ജുവിനെ, ഇന്ന് മറ്റൊരു താരവുമായി ഹര്‍ഭജന്‍; പരിഹാസവുമായി യുവരാജ് വീണ്ടും

സൗത്ത് ആഫ്രിക്ക എയ്‌ക്കെതിരായ കളിയിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസണെ നാലാം നമ്പറിലേക്ക് പരിഗണിക്കണം എന്നായിരുന്നു ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിങ് ചൂണ്ടിക്കാട്ടിയത്. ഇപ്പോഴിതാ, മറ്റൊരു താരത്തിന് നേര്‍ക്കാണ് ഹര്‍ഭജന്‍ വിരല്‍ ചൂണ്ടുന്നത്. രണ്ട് തവണയും കോഹ് ലിയേയും സംഘത്തേയും പരിഹസിച്ച് യുവരാജ് സിങ് എത്തി. 

അന്ന് സഞ്ജുവിനെ നാലാം സ്ഥാനത്തേക്ക് നിര്‍ദേശിച്ച ഹര്‍ഭജന്‍ ഇന്ന് സൂര്യകുമാര്‍ യാദവിനെയാണ് നിര്‍ദേശിക്കുന്നത്. ഡൊമസ്റ്റിക് സീസണില്‍ ഇത്രമാത്രം മികച്ച കളി പുറത്തെടുത്തിട്ടും എന്തുകൊണ്ട് താരത്തെ നാലാം സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ല എന്ന ചോദ്യമാണ് ഹര്‍ഭജന്‍ ഉയര്‍ത്തിയത്. നിന്റെ സമയം എത്തുമെന്ന് സൂര്യകുമാറിനോട് ഹര്‍ഭജന്‍ പറയുകയും ചെയ്യുന്നു. 

സഞ്ജുവിന് വേണ്ടി വാദിച്ച് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തപ്പോഴും സൂര്യകുമാറിന് വേണ്ടി എത്തിയപ്പോഴും ഒരു കാര്യമെ യുവിക്ക് പറയാനുള്ളു, അവര്‍ക്ക് നാലാം സ്ഥാനത്തേക്ക് ആളെ വേണ്ട. ടോപ് 3 ശക്തമാണ് എന്ന്....തന്നെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തിയതിലേക്കും യുവി ഇവിടെ വിരല്‍ ചൂണ്ടുന്നുണ്ടെന്ന് വ്യക്തം. 

രോഹിത്, ധവാന്‍, കോഹ് ലി എന്നിങ്ങനെ ഇന്ത്യയുടെ ടോപ് 3യാണ് ഏകദിനത്തില്‍ ഇന്ത്യയുടെ ബാറ്റിങ് ശക്തികേന്ദ്രം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ടോപ് 3 സ്‌കോര്‍ കണ്ടെത്തുന്നതിന്റെ ബലത്തിലാണ് ഇന്ത്യ കരകയറി പോരുന്നതെന്ന് വ്യക്തമാണ്. ടോപ് 3 പരാജയപ്പെട്ടാല്‍ മത്സരങ്ങള്‍ ഇന്ത്യയുടെ കയ്യില്‍ നിന്ന് പോവുന്ന കാഴ്ചയുമാണുള്ളത്. ഇത് ചൂണ്ടിക്കാട്ടിയാണ് യുവിയുടെ പരിഹാസം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com