നോര്‍ത്ത് ലണ്ടനില്‍ ടോട്ടനത്തിന്റെ നെഞ്ചത്ത് ബയേണിന്റെ സെവന്‍ അപ്പ്; നാല് ഗോളുകളുമായി ഗനാബ്രി; ഇരട്ട ഗോളുകളുമായി ലെവന്‍ഡോസ്‌കി

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ബിയിലെ രണ്ടാം പോരാട്ടത്തില്‍ എവേ പോരിനിറങ്ങിയ ബയേണ്‍ മ്യൂണിക്ക് ടോട്ടനത്തെ രണ്ടിനെതിരെ ഏഴ് ഗോളുകള്‍ക്ക് തകര്‍ത്തു
നോര്‍ത്ത് ലണ്ടനില്‍ ടോട്ടനത്തിന്റെ നെഞ്ചത്ത് ബയേണിന്റെ സെവന്‍ അപ്പ്; നാല് ഗോളുകളുമായി ഗനാബ്രി; ഇരട്ട ഗോളുകളുമായി ലെവന്‍ഡോസ്‌കി

ലണ്ടന്‍: ടോട്ടനം ഹോട്‌സ്പര്‍ മറക്കാനാഗ്രഹിക്കുന്ന ഒരു രാത്രിയായിരുന്നു അത്. 90 മിനുട്ടുകള്‍ കഴിഞ്ഞപ്പോള്‍ സ്വന്തം മൈതാനത്ത് ഏഴ് ഗോളുകള്‍ വഴങ്ങി അവര്‍ ഹതാശരായി നിന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ബിയിലെ രണ്ടാം പോരാട്ടത്തില്‍ എവേ പോരിനിറങ്ങിയ ബയേണ്‍ മ്യൂണിക്ക് ടോട്ടനത്തെ രണ്ടിനെതിരെ ഏഴ് ഗോളുകള്‍ക്ക് തകര്‍ത്തു. ആദ്യ പകുതിയില്‍ രണ്ടും രണ്ടാം പകുതിയില്‍ അഞ്ചും ഗോളുകളാണ് ബയേണ്‍ ടോട്ടനത്തിന്റെ വലയില്‍ നിക്ഷേപിച്ചത്. 

സെര്‍ജെ ഗനാബ്രി നാല് ഗോളുകളും റോബര്‍ട്ട് ലെവന്‍ഡോസ്‌കി രണ്ട് ഗോളുകളും ജോഷ്വാ കിമ്മിച് ഒരു ഗോളും നേടിയാണ് ബയേണിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. ടോട്ടനത്തിന്റെ ഗോളുകള്‍ സന്‍ ഹ്യുങ് മിന്‍, ഹാരി കെയ്ന്‍ എന്നിവര്‍ നേടി. 

കളിയുടെ ആദ്യ പകുതിയില്‍ മികച്ച ആക്രമണ ഫുട്‌ബോള്‍ ഇരു ഭാഗത്തും കണ്ടു. എന്നാല്‍ രണ്ടാം പകുതിയില്‍ ടോട്ടനത്തെ ചിത്രത്തില്‍ നിന്നു തന്നെ ബയേണ്‍ വെട്ടിമാറ്റുകയായിരുന്നു. 

12ാം മിനുട്ടില്‍ സന്‍ ഹ്യുങ് മിന്‍ ടോട്ടനത്തെ മുന്നിലെത്തിച്ചു. എന്നാല്‍ മൂന്ന് മിനുട്ടുകള്‍ക്കുള്ളില്‍ കിമ്മിച്ചിന്റെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഹ്യൂഗോ ലോറിസിന് ഒരു പഴുതും നല്‍കാതെ വലയില്‍ കയറിയതോടെ ബയേണ്‍ സമനില പിടിച്ചു. പിന്നീട് നിരന്തരം ടോട്ടനത്തിന്റെ ആക്രമണം. വലയ്ക്ക് മുന്നില്‍ മികച്ച ഫോമില്‍ നിന്ന മാനുവല്‍ നൂയറിനെ കീഴ്‌പ്പെടുത്താന്‍ മാത്രം അവര്‍ക്ക് സാധിച്ചില്ല. ഒന്നാം പകുതി അവസാനിക്കാനിരിക്കെ ലെവന്‍ഡോസ്‌കിയിലൂടെ ബയേണ്‍ രണ്ടാം ഗോളുമായി ലീഡെടുത്താണ് ഇടവേളയ്ക്ക് പിരിഞ്ഞത്. ടോട്ടനം ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ പോളണ്ട് നായകന്റെ ബ്രില്ല്യന്‍സാണ് ബാവേറിയന്‍സിന് ലീഡ് സമ്മാനിച്ചത്. 

രണ്ടാം പകുതിയില്‍ മത്സരം തന്റേത് മാത്രമാക്കി മാറ്റുന്ന ഗനാബ്രിയെ ആണ് ഫുട്‌ബോള്‍ ലോകം കണ്ടത്. രണ്ടാം പകുതിയില്‍ 53, 55 മിനുട്ടുകളില്‍ തന്റെ ആദ്യ രണ്ട് ഗോളുകള്‍ ഗനാബ്രി നേടി. 61 മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തില്‍ എത്തിച്ച് ഹാരി കെയ്ന്‍ ടോട്ടനത്തിന് പ്രതീക്ഷ നല്‍കി. എന്നാല്‍ ബയേണ്‍ ഒരുങ്ങി തന്നെയായിരുന്നു. 

83ാം മിനുട്ടില്‍ തിയോഗ അല്‍ക്കാന്റാര നല്‍കിയ മനോഹരമായ പന്ത് ലക്ഷ്യത്തില്‍ എത്തിച്ച് ഗനാബ്രി തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി. 87ാം മിനുട്ടില്‍ ലെവന്‍ഡോസ്‌കി ഒരിക്കല്‍ കൂടി ലക്ഷ്യം കണ്ടപ്പോള്‍ ടോട്ടനം നാണക്കേടിന്റെ പടുകുഴിയിലേക്ക് വീണു. തൊട്ടടുത്ത നിമിഷം തന്റെ നാലാം ഗോളും ബയേണിന്റെ ഏഴാം ഗോളും നേടിയ ഗനാബ്രി ടോട്ടനത്തിന്റെ നെഞ്ചില്‍ അവസാന ആണിയും അടിച്ചു. 

സമീപ കാലത്ത് മോശം ഫോമിലുള്ള ടോട്ടനവും പരിശീലകന്‍ മൗറീസിയോ പൊചെറ്റിനോയും കടുത്ത സമ്മര്‍ദ്ദത്തില്‍ ആവും എന്നുറപ്പായി. ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ ഒളിമ്പിയാകോസിനെതിരെ സമനിലയും വഴങ്ങിയിരുന്നു ടോട്ടനം. പൊചെറ്റിനോയുടെ ഭാവി എന്താവും എന്നാണ് ഇനി അറിയാനുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com