പുതിയ ഓപണിങ് സഖ്യം 'ക്ലിക്കായി'; രോഹിതും മായങ്കും ക്രീസ് വിട്ടത് റെക്കോര്‍ഡുകളുടെ പെരുമഴ പെയ്യിച്ച്

ഇന്ത്യ പരീക്ഷിച്ച പുതിയ ഓപണിങ് സഖ്യം ക്ലിക്കായപ്പോള്‍ നിരവധി റെക്കോര്‍ഡുകളും ഇരുവരുടേയും കൂട്ടുകെട്ടില്‍ പിറന്നു
പുതിയ ഓപണിങ് സഖ്യം 'ക്ലിക്കായി'; രോഹിതും മായങ്കും ക്രീസ് വിട്ടത് റെക്കോര്‍ഡുകളുടെ പെരുമഴ പെയ്യിച്ച്

വിശാഖപട്ടണം: ടെസ്റ്റില്‍ ഏറെക്കാലം മാറ്റി നിര്‍ത്തിയവര്‍ക്കുള്ള മറുപടിയെന്നോണം സമഗ്രവും ആധികാരികവുമായ ഇന്നിങ്‌സിലൂടെ സെഞ്ച്വറി പടുത്തുയര്‍ത്തി രോഹിത് ശര്‍മ തന്റെ ക്ലാസ് തെളിയിച്ചപ്പോള്‍ മറ്റൊരു അറ്റത്ത് വിസ്മയം തീര്‍ത്ത് മായങ്ക് അഗര്‍വാളും മുന്നേറുന്നുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ രോഹിത് മടങ്ങിയപ്പോഴും അചഞ്ചലനായി ക്രീസില്‍ നിന്ന് തന്റെ കന്നി സെഞ്ച്വറി തന്നെ ഇരട്ട ശതകത്തിലെത്തിച്ചാണ് മായങ്ക് മടങ്ങിയത്. 

ഇന്ത്യ പരീക്ഷിച്ച പുതിയ ഓപണിങ് സഖ്യം ക്ലിക്കായപ്പോള്‍ നിരവധി റെക്കോര്‍ഡുകളും ഇരുവരുടേയും കൂട്ടുകെട്ടില്‍ പിറന്നു. ഓപണിങ് വിക്കറ്റില്‍ 317 റണ്‍സ് കുറിച്ച ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.

ടെസ്റ്റ് ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സെഞ്ച്വറി നേടുന്ന ആദ്യ ഓപണിങ് ജോഡിയാണ് രോഹിത്- മായങ്ക് സഖ്യം. ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരകളിലെ ഉയര്‍ന്ന ഓപണിങ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡും ഈ സഖ്യം സ്വന്തമാക്കി. 1996ല്‍ കൊല്‍ക്കത്തയില്‍ ഗാരി കേസ്റ്റണും ആന്‍ഡ്രു ഹഡ്‌സണും കൂട്ടിച്ചേര്‍ത്ത 236 റണ്‍സിന്റെ റെക്കോഡാണ് രോഹിത്- മായങ്ക് സഖ്യം മറികടന്നത്. 

ഓപണിങ് വിക്കറ്റില്‍ 317 റണ്‍സ് കൂട്ടിച്ചേര്‍ത്ത രോഹിത്-  മായങ്ക് സഖ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏതു വിക്കറ്റിലും ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോര്‍ഡും സ്വന്തമാക്കി. 2007ല്‍ ചെന്നൈ ടെസ്റ്റില്‍ വീരേന്ദര്‍ സെവാഗും രാഹുല്‍ ദ്രാവിഡും ചേര്‍ന്നെടുത്ത 268 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ മറികടന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 300 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ആദ്യ ഇന്ത്യന്‍ ഓപണിങ് സഖ്യവും ഇതുതന്നെ. ടെസ്റ്റ് ചരിത്രത്തില്‍ ഇത് മൂന്നാം തവണ മാത്രമാണ് ഇന്ത്യന്‍ ഓപണിങ് സഖ്യം 300നു മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്. വിനു മങ്കാദ്- പങ്കജ് റോയ് സഖ്യവും രാഹുല്‍ ദ്രാവിഡ്- വീരേന്ദര്‍ സെവാഗ് സഖ്യവുമാണ് ഇതിനു മുന്‍പ് ഇന്ത്യയ്ക്കായി ടെസ്റ്റില്‍ 300 പിന്നിട്ട ഓപണിങ് സഖ്യങ്ങള്‍.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ഒരു ഇന്ത്യന്‍ ഓപണിങ് സഖ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോര്‍ഡും ഈ സഖ്യം സ്വന്തമാക്കി. 2004ല്‍ കാണ്‍പൂരില്‍ സെവാഗും ഗംഭീറും ചേര്‍ന്നെടുത്ത 218 റണ്‍സാണ് ഇവര്‍ മറികടന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com