ആദ്യം എല്‍ഗറിന്റേയും ഡികോക്കിന്റേയും കളി; പിന്നാലെ അശ്വിനിലൂടെ തിരിച്ചുവന്ന് ഇന്ത്യ

മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ശകര്‍
ആദ്യം എല്‍ഗറിന്റേയും ഡികോക്കിന്റേയും കളി; പിന്നാലെ അശ്വിനിലൂടെ തിരിച്ചുവന്ന് ഇന്ത്യ

മൂന്നാം ദിനം ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വലിയ ആനുകൂല്യം നല്‍കാതെ സൗത്ത് ആഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍. അഞ്ച് വിക്കറ്റ് നേട്ടത്തിലേക്ക് അശ്വിന്‍ എത്തിയെങ്കിലും ഡികോക്കിന്റേയും, എല്‍ഗറിന്റേയും സെഞ്ചുറിയും, ഡുപ്ലസിസിന്റെ അര്‍ധശതകവും സൗത്ത് ആഫ്രിക്കയെ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചു.

മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ശകര്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ മറികടക്കാന്‍ അവര്‍ക്കിനി 117 റണ്‍സ് കൂടി വേണം. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സ് എന്ന പരുങ്ങിയ നിലയില്‍ മൂന്നാം ദിനം കളി തുടങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് കരുത്തായത് ഡുപ്ലസിസ്-എല്‍ഗര്‍ കൂട്ടുകെട്ടായിരുന്നു.

ഇന്ത്യന്‍ മണ്ണില്‍ തന്റെ ഉയര്‍ന്ന സ്‌കോറായ 55 റണ്‍സ് അക്കൗണ്ടില്‍ ചേര്‍ത്താണ് ഡുപ്ലസിസ് മടങ്ങിയത്. എല്‍ഗറിനൊപ്പം ചേര്‍ന്ന് ഡുപ്ലസിസ് 100 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്തു. നിര്‍ണായകമായ കൂട്ടുകെട്ട് പൊളിച്ച് അശ്വിന്‍ എത്തിയപ്പോള്‍ തലവേദനയായി എല്‍ഗര്‍-ഡികോക്ക് കൂട്ടുകെട്ട് ഉയര്‍ന്നു. 164 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്.

സെഞ്ചുറിയോടെ 9 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ സെഞ്ചുറി നേടുന്ന ആദ്യ സൗത്ത് ആഫ്രിക്കന്‍ താരവുമായി എല്‍ഗര്‍. 160 റണ്‍സ് എടുത്ത എല്‍ഗറിനെ ജഡേജയാണ് കൂടാരം കയറ്റിയത്. എല്‍ഗറിനെ പുറത്താക്കിയതിലൂടെ ടെസ്റ്റിലൈ വിക്കറ്റ് നേട്ടം ജഡേജ 200ലേക്ക് എത്തിക്കുകയും ചെയ്തു. എല്‍ഗറും മടങ്ങിയതിന് ശേഷം ഡികോക്കാണ് ഇന്ത്യയ്ക്ക് ഭീഷണി തീര്‍ത്ത് നിന്നത്. എന്നാലവിടെ അശ്വിന്‍ വീണ്ടും സ്‌ട്രൈക്ക് ചെയ്തതോടെ 111 റണ്‍സ് എടുത്ത ഡികോക്കും മടങ്ങി.

നാലാം ദിനം ആദ്യ സെഷനില്‍ തന്നെ വേഗത്തില്‍ സൗത്ത് ആഫ്രിക്കയെ ഓള്‍ ഔട്ട് ആക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. രണ്ട് ദിവസം മാത്രം ഇനി ശേഷിക്കെ കളി സമനിലയിലേക്ക് കുരുങ്ങാനുള്ള സാധ്യതയാണ് മുന്‍പില്‍ വരുന്നത്. മഴ പ്രവചനം ശരിയാവുമെങ്കില്‍ സമനിലയിലേക്ക് എത്തുന്നതിനുള്ള സാധ്യതകള്‍ കൂടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com