ഡുപ്ലസിസിന്റെ കാലന്‍ പട്ടം ജഡേജയ്ക്ക് നഷ്ടമാവും? കൂട്ടുകെട്ട് ഉയര്‍ത്താന്‍ പൊരുതി സൗത്ത് ആഫ്രിക്ക

84 പന്തില്‍ നിന്ന് 48 റണ്‍സോടെ ഡുപ്ലസിസും, 141 പന്തില്‍ നിന്ന് 76 റണ്‍സോടെ എല്‍ഗറുമാണ് ക്രീസില്‍ നിലയുറപ്പിക്കുന്നത്
ഡുപ്ലസിസിന്റെ കാലന്‍ പട്ടം ജഡേജയ്ക്ക് നഷ്ടമാവും? കൂട്ടുകെട്ട് ഉയര്‍ത്താന്‍ പൊരുതി സൗത്ത് ആഫ്രിക്ക

വലിയ തകര്‍ച്ചയിലേക്ക് വീഴാതെ സൗത്ത് ആഫ്രിക്കയെ പിടിച്ചു കയറ്റാന്‍ പൊരുതി ഡുപ്ലസിസും എല്‍ഗറും. മൂന്നാം ദിനം ആദ്യ സെഷനില്‍ സൗത്ത് ആഫ്രിക്കയ്ക്ക് നഷ്ടമായത് ഒരു വിക്കറ്റ് മാത്രം. ഇഷാന്ത് ശര്‍മ 18 റണ്‍സ് മാത്രം എടുത്ത് നിന്ന് ബവുമയെ വിക്കറ്റിന് മുന്‍പില്‍ കുടുക്കുകയായിരുന്നു. 

ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് എന്നതാണ് സൗത്ത് ആഫ്രിക്കയുടെ സ്‌കോര്‍.  84 പന്തില്‍ നിന്ന് 48 റണ്‍സോടെ ഡുപ്ലസിസും, 141 പന്തില്‍ നിന്ന് 76 റണ്‍സോടെ എല്‍ഗറുമാണ് ക്രീസില്‍ നിലയുറപ്പിക്കുന്നത്. ഇവരുടെ കൂട്ടുകെട്ട് 90 റണ്‍സിലേക്കെത്തി. ആദ്യ സെഷനില്‍ 114 റണ്‍സാണ് സൗത്ത് ആഫ്രിക്ക നേടിയത്. 

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ സ്‌കോര്‍ മറികടക്കാന്‍ സൗത്ത് ആഫ്രിക്കയ്ക്ക് ഇനി 349 റണ്‍സ് കൂടി വേണം. ജഡേജയ്ക്കും അശ്വിനും എതിരെ തുടരെ ബൗണ്ടറികള്‍ അടിച്ച് സമ്മര്‍ദ്ദം തീര്‍ക്കാന്‍ ഡുപ്ലസിസിനും എല്‍ഗറിനുമായി. ജഡേജയുടെ ഒരു ഓവറില്‍ ഒരു ഫോറും സിക്‌സും ഉള്‍പ്പെടെ 16 റണ്‍സാണ് എല്‍ഗര്‍ അടിച്ചെടുത്തത്. 

അശ്വിനേയും എല്‍ഗര്‍ ബൗണ്ടറികള്‍ കണ്ടെത്തി ആക്രമിച്ചു. എല്‍ഗറിന്റെ സ്‌കോര്‍ 74ല്‍ നില്‍ക്കെ താരത്തെ വീഴ്ത്താനുള്ള അവസരം സാഹ നഷ്ടപ്പെടുത്തി. എഡ്ജ് ചെയ്ത എത്തിയ പന്ത് കൈപ്പിടിയില്‍ ഒതുക്കാന്‍ സാഹയ്ക്കായില്ല. ഇന്ത്യന്‍ മണ്ണില്‍ തന്റെ ഉയര്‍ന്ന സ്‌കോറും ഡുപ്ലസിസ് ഇപ്പോള്‍ കണ്ടെത്തി. 2015 പര്യടനത്തില്‍ നേടിയ 39 റണ്‍സായിരുന്നു ഇന്ത്യയില്‍ കളിച്ച ടെസ്റ്റിലെ ഡുപ്ലസിസിന്റെ ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍.  

സന്ദര്‍ശകര്‍ കൂട്ടുകെട്ട് ഉയര്‍ത്തുമ്പോള്‍ ജഡേജയാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. വിശാഖപട്ടണത്തേക്ക് എത്തുന്നതിന് മുന്‍പ് ടെസ്റ്റ് ക്രിക്കറ്റില്‍ ഡുപ്ലസിസിനെതിരെ ജഡേജ എറിഞ്ഞത് 149 ഡെലിവറിയാണ്. അതില്‍ സൗത്ത് ആഫ്രിക്കന്‍ നായകന് നേടാനായത് 35 റണ്‍സ് മാത്രം. നാല് വട്ടം ഡുപ്ലസിസിനെ ജഡേജ വീഴ്ത്തിയിട്ടുമുണ്ട്. ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ക്കെതിരെ ഡുപ്ലസിസിന്റെ ശരാശരി 8.74 മാത്രം. എന്നാല്‍, വിശാഖപട്ടണത്ത് ജഡേജയെ അതിജീവിക്കാന്‍ തനിക്കാകുമെന്നതിന്റെ സൂചനയാണ് ഡുപ്ലസിസ് നല്‍കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com