'ഡല്‍ഹി മുഖ്യമന്ത്രിയാകണം'; താത്പര്യം തുറന്നു പറഞ്ഞ് ഗൗതം ഗംഭീര്‍

പാര്‍ട്ടി പറഞ്ഞാല്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ ഒരുക്കമാണെന്ന് ബിജെപി എംപി ഗൗതം ഗംഭീര്‍
'ഡല്‍ഹി മുഖ്യമന്ത്രിയാകണം'; താത്പര്യം തുറന്നു പറഞ്ഞ് ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: പാര്‍ട്ടി പറഞ്ഞാല്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ ഒരുക്കമാണെന്ന് ബിജെപി എംപി ഗൗതം ഗംഭീര്‍. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഗംഭീര്‍ രാഷ്ട്രീയത്തിന്റെ പിച്ചിലേക്കിറങ്ങുകയായിരുന്നു. ബിജെപിയില്‍ ചേര്‍ന്ന് കിഴക്കന്‍ ഡല്‍ഹിയില്‍ നിന്ന് മത്സരിച്ച് വിജയിച്ചാണ് ഗംഭീര്‍ പാര്‍ലമെന്റ് അംഗമായത്. ഡല്‍ഹിയുടെ മുഖ്യമന്ത്രി ആകുന്നതടക്കമുള്ള ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ ഒരുക്കമാണെന്ന സൂചനയാണ് ഗംഭീര്‍ പങ്കിടുന്നത്.

'മുഖ്യമന്ത്രി സ്ഥാനമെന്നത് കേവലമൊരു സ്വപ്‌നം മാത്രമായിരിക്കും. എങ്കിലും അത്തരമൊരു അവസരം വന്നാല്‍ അതൊരു ബഹുമതിയാണ്. വലിയ ഉത്തരവാദിത്വവുമാണ്'- ഗംഭീര്‍ പറയുന്നു.  ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിയായ യോഗി ആദിത്യനാഥ് യുപി നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റത് പോലെ തന്നോടും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഡല്‍ഹി മുഖ്യമന്ത്രിയാകുമെന്നും ഗംഭീര്‍ വ്യക്തമാക്കി.

നിലവില്‍ തന്റെ മണ്ഡലം നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാനുള്ള ശ്രമവുമായി ഗംഭീര്‍ മുന്നോട്ട് പോകുകയാണ്. ഗാസിയപൂരിലെ മാലിന്യ സംസ്‌കരണമാണ് അതില്‍ പ്രധാനം. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുതിയ പദ്ധതിക്ക് തന്റെ മണ്ഡലത്തില്‍ അദ്ദേഹം തുടക്കമിടുകയും ചെയ്തു. മാലിന്യങ്ങള്‍ വേര്‍തിരിക്കാനും കൂടുതല്‍ ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കാനുമുള്ള പദ്ധതിയാണ് അദ്ദേഹം നടപ്പിലാക്കുന്നത്.

മണ്ഡലത്തില്‍ സിസിടിവി സ്ഥാപിക്കല്‍, കൂടുതല്‍ ആംബുലന്‍സ് സൗകര്യം തുടങ്ങിയവയൊക്കെ കിഴക്കന്‍ ഡല്‍ഹിയില്‍ നടപ്പാക്കാന്‍ ഗംഭീറിന് സാധിച്ചു. അതേസമയം ആംആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com