'തിരുമ്പി വന്തിട്ടേന്‍ ഡാ'... ആ റെക്കോര്‍ഡിനൊപ്പമെത്താന്‍ അശ്വിന് വേണ്ടത് ഒരു വിക്കറ്റ് മാത്രം

ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ ടീമിലേക്കുള്ള മടങ്ങി വരവിനെ അവിസ്മരണീയം എന്നു തന്നെ വിശേഷിപ്പിക്കാം
'തിരുമ്പി വന്തിട്ടേന്‍ ഡാ'... ആ റെക്കോര്‍ഡിനൊപ്പമെത്താന്‍ അശ്വിന് വേണ്ടത് ഒരു വിക്കറ്റ് മാത്രം

വിശാഖപട്ടണം: തിരിച്ചു വരവ് എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ ടീമിലേക്കുള്ള മടങ്ങി വരവിനെ അവിസ്മരണീയം എന്നു തന്നെ വിശേഷിപ്പിക്കാം. 10 മാസത്തെ ഇടവേളയ്ക്കു ശേഷമുള്ള വരവ് അശ്വിന്‍ ശരിക്കുമങ്ങോട്ട് ആഘോഷിച്ചപ്പോള്‍ പെട്ടുപോയത് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റുകളാണ് താരം കറക്കി വീഴ്ത്തിയത്. ഒപ്പം ഒരു റെക്കോര്‍ഡിന് തൊട്ടരികിലെത്താനും അശ്വിന് സാധിച്ചു.

സ്പിന്‍ ഇതിഹാസം ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനൊപ്പം റെക്കോര്‍ഡ് പങ്കിടാനുള്ള തയ്യാറെടുപ്പിലാണ് അശ്വിന്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് കൂടി നേടിയാല്‍ ഏറ്റവും വേഗത്തില്‍ 350 ടെസ്റ്റ് വിക്കറ്റുകള്‍ തികയ്ക്കുന്ന താരമെന്ന മുത്തയ്യ മുരളീധരന്റെ നേട്ടത്തിനൊപ്പമെത്താന്‍ അശ്വിനാകും.

തന്റെ 66ാം ടെസ്റ്റിലാണ് മുരളി 350 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടത്. 2001ല്‍ ബംഗ്ലാദേശിനെതിരേ കളിക്കുമ്പോഴായിരുന്നു ഈ നേട്ടം. നിലവില്‍ 66 ടെസ്റ്റില്‍ നിന്ന് അശ്വിന്‍ 349 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. നിലവിലെ ഫോം വെച്ച് രണ്ടാം ഇന്നിങ്‌സില്‍ അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

ഒപ്പം ഏറ്റവും വേഗത്തില്‍ 350 ടെസ്റ്റ് വിക്കറ്റുകള്‍ തികയ്ക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും അശ്വിന് സ്വന്തമാകും. 77 ടെസ്റ്റുകളില്‍ നിന്ന് 350 വിക്കറ്റുകളെന്ന നേട്ടത്തിലെത്തിയ മുന്‍ താരവും പരിശീലകനുമായ അനില്‍ കുംബ്ലെയുടെ പേരിലാണ് നിലവിലെ ഇന്ത്യന്‍ റെക്കോര്‍ഡ്.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അശ്വിന്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ടെസ്റ്റില്‍ അശ്വിന്റെ 27ാം അഞ്ച് വിക്കറ്റ് പ്രകടനമാണിത്. ഇന്ത്യന്‍ മണ്ണില്‍ ഇത് 21ാം തവണയും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അഞ്ചാം തവണയും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേടിയതും അശ്വിന്‍ തന്നെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com