'സൂപ്പര്‍ ഹിറ്റ് മാന്‍' രോഹിത്; രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി; ഇന്ത്യ മികച്ച ലീഡിലേക്ക്

ടെസ്റ്റ് ഓപണറായി സ്ഥാനക്കയറ്റം കിട്ടിയത് ഹിറ്റ്മാന്‍ രോഹിത് ശര്‍മ ശരിക്കും ആഘോഷിക്കുകയാണ്
'സൂപ്പര്‍ ഹിറ്റ് മാന്‍' രോഹിത്; രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി; ഇന്ത്യ മികച്ച ലീഡിലേക്ക്

വിശാഖപട്ടണം: ടെസ്റ്റ് ഓപണറായി സ്ഥാനക്കയറ്റം കിട്ടിയത് ഹിറ്റ്മാന്‍ രോഹിത് ശര്‍മ ശരിക്കും ആഘോഷിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി ഇന്ത്യന്‍ സ്‌കോര്‍ 500 കടത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച രോഹിത് രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി നേടി തന്റെ ക്ലാസ് എന്തെന്ന് കാണിച്ചു. 133 പന്തുകള്‍ നേരിട്ട് ഒന്‍പത് ഫോറും നാല് സിക്‌സും സഹിതമാണ് രോഹിതിന്റെ രണ്ടാം ഇന്നിങ്‌സിലെ ശതകം. 135 പന്തുകള്‍ നേരിട്ട് പത്ത് ഫോറുകളും നാല് സിക്‌സും സഹിതം രോഹിത് 104 റണ്‍സുമായി ബാറ്റിങ് തുടരുന്നു.

ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 502 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് 431 റണ്‍സില്‍ അവസാനിച്ചു. 71 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യക്ക് ഇപ്പോള്‍ 279 റണ്‍സ് ലീഡ്.

ഏഴ് റണ്‍സെടുത്ത ഓപണര്‍ മായങ്ക് അഗര്‍വാളിനെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ ഒത്തുചേര്‍ന്ന രോഹിത്- ചേതേശ്വര്‍ പൂജാര സഖ്യമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന പൂജാര 81 റണ്‍സുമായി മടങ്ങി. നിലവില്‍ രോഹിതിനൊപ്പം ഏഴ് റണ്‍സുമായി രവീന്ദ്ര ജഡേജയാണ് ക്രീസില്‍.

നേരത്തെ നാലാം ദിനം മത്സരം പുനഃരാരംഭിച്ചപ്പോള്‍ സെനുരന്‍ മുത്തുസാമി 12 റണ്‍സോടെയും കേശവ് മഹാരാജ് മൂന്ന് റണ്‍സോടെയും ക്രീസിലുണ്ടായിരുന്നു. 11 റണ്‍സ് ചേര്‍ക്കുമ്പോഴേയ്ക്കും മഹാരാജിനെ അശ്വിന്‍ പുറത്താക്കിയെങ്കിലും 10ാം വിക്കറ്റില്‍ കഗീസോ റബാഡയെ കൂട്ടുപിടിച്ച് മുത്തുസാമി നടത്തിയ പോരാട്ടമാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 431ല്‍ എത്തിച്ചത്. മഹാരാജ് 31 പന്തില്‍ ഒരു ഫോര്‍ സഹിതം ഒന്‍പത് റണ്‍സെടുത്തു. സാമാന്യം നീണ്ട കൂട്ടുകെട്ടിനൊടുവില്‍ റബാഡയെയും പുറത്താക്കി അശ്വിനാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന് തിരശീലയിട്ടത്.

റബാഡ 17 പന്തില്‍ മൂന്ന് ഫോര്‍ സഹിതം 15 റണ്‍സെടുത്തു. മുത്തുസാമി 106 പന്തില്‍ നാല് ഫോര്‍ ഉള്‍പ്പെടെ 33 റണ്‍സുമായി പുറത്താകാതെ നിന്നു. പത്താം വിക്കറ്റില്‍ മുത്തുസ്വാമി- റബാഡ സഖ്യം 35 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

കരിയറിലെ 27ാം അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച അശ്വിന്‍ തന്നെയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്. മത്സരത്തിലാകെ 46.2 ഓവര്‍ ബൗള്‍ ചെയ്ത അശ്വിന്‍ 145 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റെടുത്ത് മികച്ച പിന്തുണ നല്‍കി. ഇഷാന്ത് ശര്‍മയ്ക്കാണ് ശേഷിച്ച വിക്കറ്റ്.

ഡീന്‍ എല്‍ഗാറും (160) ക്വിന്റന്‍ ഡി കോക്കും (111) പിച്ച് പിടിച്ചടക്കിയതോടെയാണ് ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം സന്ദര്‍ശകര്‍ എട്ടിന് 385 റണ്‍സ് എന്ന നിലയിലെത്തിയത്. രണ്ടാം ദിനം ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞപ്പോഴും ആത്മവിശ്വാസത്തോടെ ബാറ്റു വീശിയ എല്‍ഗാര്‍ തന്നെയാണ് മൂന്നാം ദിനവും ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. ക്യാപ്റ്റന്‍ ഫാഫ്ഡുപ്ലെസിസിനൊപ്പവും (55) ഡി കോക്കിനൊപ്പവും എല്‍ഗാര്‍ പടുത്തുയര്‍ത്തിയ കൂട്ടുകെട്ടുകള്‍ ദക്ഷിണാഫ്രിക്കയെ ഫോളോ ഓണില്‍ നിന്നു രക്ഷപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com