വാഴ്ത്തിപ്പാടലുകാരുടെ ശ്രദ്ധയ്ക്ക്, ബൂമ്രയേക്കാള്‍ മികവ്, കണക്കുകളില്‍ അത് വ്യക്തം

വാഴ്ത്തിപ്പാടലുകാരുടെ ശ്രദ്ധയ്ക്ക്, ബൂമ്രയേക്കാള്‍ മികവ്, കണക്കുകളില്‍ അത് വ്യക്തം

രണ്ടാം ഇന്നിങ്‌സില്‍ തകര്‍ത്ത് അഞ്ച് വിക്കറ്റ് നേട്ടം കയ്യടക്കിയതോടെ 2018 മുതല്‍ ഇതുവരെ 5 വിക്കറ്റ് നേട്ടം മൂന്നോ അതില്‍ അധികമോ തവണ സ്വന്തമാക്കുന്ന ഒരേയൊരു താരമായി ഷമി

വിശാഖപട്ടണം ടെസ്റ്റിലെ അവസാന ദിനം ഇന്ത്യന്‍ ജയം വേഗത്തിലാക്കിയത് മുഹമ്മദ് ഷമിയുടെ പേസ് ആണ്. ഡുപ്ലസിസിനേയും, ഡികോക്കിനേയും ബൗള്‍ഡ് ചെയ്ത ഷമിയുടെ മികവ് കണ്ട് കയ്യടിക്കാത്തവരുണ്ടാവില്ല. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റോടെ ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച പേസര്‍ എന്ന പേര് സ്വന്തമാക്കിയ ബൂമ്രയെ തന്നെ മറികടക്കുകയാണ് ഷമി.

സെക്കന്‍ഡ് ഇന്നിങ്‌സിലാണ് മുഹമ്മദ് ഷമി തന്റെ മികവ് പുറത്തെടുക്കുന്നത്. സൗത്ത് ആഫ്രിക്കയെ രണ്ടാം ഇന്നിങ്‌സില്‍ തകര്‍ത്ത് അഞ്ച് വിക്കറ്റ് നേട്ടം കയ്യടക്കിയതോടെ 2018 മുതല്‍ ഇതുവരെ 5 വിക്കറ്റ് നേട്ടം മൂന്നോ അതില്‍ അധികമോ തവണ സ്വന്തമാക്കുന്ന ഒരേയൊരു താരമായി ഷമി.

അഞ്ച് വിക്കറ്റ് നേട്ടത്തില്‍ നാലും സ്റ്റംപ് ഇളക്കിയാണ് ഷമി വിക്കറ്റ് വീഴ്ത്തിയത്. 2018 മുതല്‍ ഇതുവരെ രണ്ട് വട്ടമാണ് ബൂമ്ര അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. പാറ്റ് കമിന്‍സും രണ്ട് വട്ടം ഇതേ കാലയളവില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. 2018 ജനുവരി മുതല്‍ കളിച്ച 15 ഇന്നിങ്‌സില്‍ 40 വിക്കറ്റാണ് ഷമി വീഴ്ത്തിയത്. എറിഞ്ഞത് 214.2 ഓവറും.

11ാം ഓവറിലെ മൂന്നാം പന്തില്‍ ബവുമയെ ബൗള്‍ഡ് ചെയ്ത ഷമി, തകര്‍പ്പന്‍ ഡെലിവറിയിലൂടെ ഡുപ്ലസിസിനെ മടക്കി. ഷമിയുടെ ഔട്ട്‌സൈഡ് ഓഫായി കുത്തിത്തിരിഞ്ഞെത്തിയ പന്തിലെ ലെങ്ത് കണക്കു കൂട്ടുന്നതില്‍ ഡുപ്ലസിസിന് പിഴച്ചപ്പോഴാണ് ഷമി രണ്ടാം ഇന്നിങ്‌സിലെ രണ്ടാം വിക്കറ്റ് നേടിയത്. പന്ത് ലീവ് ചെയ്യാനായിരുന്നു ഡുപ്ലസിസിന്റെ ശ്രമം. എന്നാല്‍ ഓഫ് സ്റ്റംപ് പന്ത് ഇളക്കിയതോടെ സൗത്ത് ആഫ്രിക്കന്‍ നായകന് പവലിയനിലേക്ക് മടങ്ങേണ്ടി വന്നു.

അവിടം കൊണ്ടും തീര്‍ന്നില്ല. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ഡി കോക്ക് ആയിരുന്നു ഷമിയുടെ അടുത്ത ഇര. പിച്ച് ചെയ്ത ശേഷം നേരെ എത്തിയ പന്തില്‍ ഡികോക്കിന്റെ കണക്കു കൂട്ടലും തെറ്റി. പ്രതിരോധിക്കാനായിരുന്നു ഡികോക്കിന്റെ ശ്രമം. എന്നാല്‍, പന്ത് ഓഫ് സ്റ്റംപ് ഇളക്കി ഡികോക്കിനെ പൂജ്യത്തിന് പവലിയനിലേക്ക് മടക്കി

സ്‌ട്രെയ്റ്റ് ലൈനില്‍, സ്റ്റംപ് ടാര്‍ഗറ്റ് ചെയ്ത് എറിയുക എന്നതായിരുന്നു രണ്ടാം ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ തങ്ങളുടെ പ്ലാന്‍ എന്ന് ഷമി പറയുന്നു. രണ്ടാം ഇന്നിങ്‌സില്‍ ബൗണ്‍സിലെ വ്യതിയാനവും, റിവേഴ്‌സും ഉപകാരപ്പെട്ടു. സ്റ്റംപ് ലൈന്‍ ആണ് ബാറ്റ്‌സ്മാനെ അലോസരപ്പെടുത്തുന്നത് എന്ന് വ്യക്തമായിരുന്നു. ആദ്യ നാല്-അഞ്ച് ബാറ്റ്‌സ്മാന്മാരെ വേഗത്തില്‍ പുറത്താക്കുക എന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ടത് എന്നും ഷമി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com