ആദ്യം വിഷ്ണു അടിച്ചൊതുക്കി; പിന്നെ നിധീഷും സന്ദീപും എറിഞ്ഞു വീഴ്ത്തി; കേരളത്തിന് തകര്‍പ്പന്‍ ജയം

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ചത്തീസ്ഗഢിനെ 65 റണ്‍സിന് തകര്‍ത്താണ് കേരളം വിജയം ആഘോഷിച്ചത്
ആദ്യം വിഷ്ണു അടിച്ചൊതുക്കി; പിന്നെ നിധീഷും സന്ദീപും എറിഞ്ഞു വീഴ്ത്തി; കേരളത്തിന് തകര്‍പ്പന്‍ ജയം

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ചത്തീസ്ഗഢിനെ 65 റണ്‍സിന് തകര്‍ത്താണ് കേരളം വിജയം ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് 296 റണ്‍സെടുത്തു. കേരള ഉയര്‍ത്തിയ 297 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഛത്തീസ്ഗഢ് 46 ഓവറില്‍ 231 റണ്‍സിന് എല്ലാവരും പുറത്തായി. ഒരുഘട്ടത്തില്‍ രണ്ടിന് 159 റണ്‍സെന്ന നിലയിലായിരുന്ന ഛത്തീസ്ഗഡ് പിന്നീട് തകര്‍ന്നടിയുകയായിരുന്നു. 

നാല് വിക്കറ്റെടുത്ത എംഡി നിധീഷും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സന്ദീപ് വാര്യര്‍, കെഎം ആസിഫ് എന്നിവരാണ് ഛത്തീസ്ഗഢിനെ എറിഞ്ഞിടുകയായിരുന്നു. ജിവാന്‍ജോത് സിങ് (56), അഷുതോഷ് സിങ് (77) എന്നിവര്‍ അര്‍ധ സെഞ്ച്വറികളുമായി പൊരുതിയെങ്കിലും ഛത്തീസ്ഗഢിന് വിജയത്തിലെത്താനായില്ല. വിജയ് ഹസാരെ ട്രോഫിയില്‍ കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ കേരളത്തിന്റെ രണ്ടാം ജയമാണിത്.

നേരത്തെ ഓപണര്‍ വിഷ്ണു വിനോദ് നേടിയ ഉജ്ജ്വല ശതകത്തിന്റെ കരുത്തിലാണ് കേരളം നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെടുത്തത്. 91 പന്തുകള്‍ നേരിട്ട വിഷ്ണു 11 സിക്‌സും അഞ്ച് ബൗണ്ടറികളുമടക്കം 123 റണ്‍സെടുത്തു. വിജയ് ഹസാരെ ട്രോഫിയില്‍ ഇത്തവണ വിഷ്ണുവിന്റെ രണ്ടാം സെഞ്ച്വറിയാണിത്. നേരത്തെ കര്‍ണാടകയ്‌ക്കെതിരെയും താരം ശതകം (104) നേടിയിരുന്നു.

ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പ (ആറ്) വീണ്ടും നിരാശപ്പെടുത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ അര്‍ധ സെഞ്ച്വറി നേടി. 53 പന്തുകള്‍ നേരിട്ട അസ്ഹര്‍ മൂന്ന് വീതം സിക്‌സും ബൗണ്ടറികളും സഹിതം 56 റണ്‍സെടുത്തു. സച്ചിന്‍ ബേബി (34), ജലജ് സക്‌സേന (34) എന്നിവരും കേരളത്തിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സഞ്ജു സാംസണ്‍ (16), പൊന്നം രാഹുല്‍ (ഒന്ന്), അക്ഷയ് ചന്ദ്രന്‍ (18), എംഡി നിധീഷ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com