40 വര്‍ഷങ്ങള്‍ നീണ്ട വിലക്കിന് വിരാമം; ഇറാനിലെ വനിതാ ഫുട്‌ബോള്‍ ആരാധകര്‍ സ്‌റ്റേഡിയങ്ങളിലേക്ക്

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇറാനിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി
40 വര്‍ഷങ്ങള്‍ നീണ്ട വിലക്കിന് വിരാമം; ഇറാനിലെ വനിതാ ഫുട്‌ബോള്‍ ആരാധകര്‍ സ്‌റ്റേഡിയങ്ങളിലേക്ക്

ടെഹ്‌റാന്‍: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇറാനിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി. സ്റ്റേഡിയങ്ങളില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കാന്‍ ടെഹ്‌റാന്‍ തീരുമാനിച്ചു. നാളെ നടക്കുന്ന ഇറാന്‍- കമ്പോഡിയ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരം കാണാന്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാം. ഏതാണ്ട് 40 വര്‍ഷത്തോളം നീണ്ട വിലക്കിനാണ് ഇതോടെ വിരാമമായിരിക്കുന്നത്.

വിലക്ക് നീങ്ങിയ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ നാളെ നടക്കുന്ന പോരാട്ടം കാണാനായി നിരവധി സ്ത്രീകളാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. പ്രഖ്യാപനം വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ആയിരത്തോളം വനിതാ ആരാധകരാണ് തങ്ങളുടെ ടിക്കറ്റ് ഉറപ്പാക്കിയത്. 

നേരത്തെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിച്ച കുറ്റത്തിന്റെ പേരില്‍ ഒരു യുവതിക്ക് എതിരെ ജയില്‍ ശിക്ഷ പ്രഖ്യാപിക്കുകയും യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്യുകയും ചെയ്തത് ഇറാനില്‍ വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. സംഭവം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായതോടെ വിഷയത്തില്‍ ഫിഫ കര്‍ശനമായി തന്നെ ഇടപെട്ടു. ഇനിയും വനിതകളെ സ്‌റ്റേഡിയങ്ങളില്‍ വിലക്കിയാല്‍ അംഗത്വം റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഫ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ഫിഫയുടെ ഇടപെടലുകളുടെ ഫലമായാണ് ഇറാന്‍ സ്ത്രീകള്‍ക്കായും സ്‌റ്റേഡിയം തുറന്ന് കൊടുക്കാന്‍ തീരുമാനിച്ചത്. നാളെ നടക്കുന്ന മത്സരം കാണാം 3500ല്‍ അധികം വനിതാ ആരാധകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com