'ലോകകപ്പിന് ശേഷം സംസാരിച്ചിട്ടേയില്ല, ടീമിലെത്തുന്ന കാര്യം ധോനി തന്നെ തീരുമാനിക്കട്ടെ'; രവി ശാസ്ത്രി

ലോകകപ്പ് സെമി ഫൈനലിലെ തോല്‍വിക്ക് ശേഷം താന്‍ മഹേന്ദ്ര സിങ് ധോണിയുമായി സംസാരിച്ചിട്ടില്ലെന്നും രവി ശാസ്ത്രി
'ലോകകപ്പിന് ശേഷം സംസാരിച്ചിട്ടേയില്ല, ടീമിലെത്തുന്ന കാര്യം ധോനി തന്നെ തീരുമാനിക്കട്ടെ'; രവി ശാസ്ത്രി

മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയുടെ വിരമിക്കല്‍ സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകളും അഭ്യൂഹങ്ങളും അഭിപ്രായ പ്രകടനങ്ങളും ഇപ്പോഴും തുടരുകയാണ്. ലോകകപ്പിന് ശേഷം മുന്‍ ക്യാപ്റ്റന്‍ വിരമിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നെങ്കിലും അദ്ദേഹം ഇടവേളയെടുത്ത് സൈനിക സേവനത്തിന് പോയി. പിന്നീട് വെസ്റ്റിന്‍ഡീസ് പര്യടനത്തിനും ഇപ്പോള്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പോരാട്ടത്തിലുമൊന്നും തന്നെ പരിഗണിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ധോനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ധോനി തന്നെയാണെന്ന് രവി ശാസ്ത്രി പറഞ്ഞു. ലോകകപ്പ് സെമി ഫൈനലിലെ തോല്‍വിക്ക് ശേഷം താന്‍ മഹേന്ദ്ര സിങ് ധോണിയുമായി സംസാരിച്ചിട്ടില്ലെന്നും ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടണമെങ്കില്‍ ധോനി കളി പുനരാരംഭിക്കണം എന്നും ശാസ്ത്രി പറഞ്ഞു. ലോകകപ്പിന് ശേഷം ധോനി ഇതുവരെ കളിച്ചിട്ടില്ല. ടീമിലേക്ക് തിരിച്ച് വരാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് സെലക്ടര്‍മാരെ ധോനി അറിയിക്കണം. ഇന്ത്യയുടെ എക്കാലത്തേയും മഹാന്‍മാരായ താരങ്ങളിലൊരാളാണ് ധോനിയെന്നും ശാസ്ത്രി വ്യക്തമാക്കി. 

അടുത്ത നവംബറിന് ശേഷം മാത്രമേ ധോനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യതയുള്ളൂ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഡിസംബറില്‍ ഇന്ത്യയില്‍ പര്യടനം നടത്തുന്ന വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ ധോണി ഇടം കണ്ടെത്തുമെന്നാണ് കരുതപ്പെടുന്നത്. ധോനിയുടെ പകരക്കാരനായി യുവ താരം റിഷഭ് പന്താണ് ഏകദിന മത്സരങ്ങളിലും ടി20യിലും ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ റിഷഭ് പന്തിന് പകരം വൃദ്ധിമാന്‍ സാഹയാണ് വിക്കറ്റ് കീപ്പര്‍ ആയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com