'ഇടി'മുഴക്കം തീര്‍ത്ത് വീണ്ടും മേരി കോം; റെക്കോര്‍ഡ് തിരുത്തി, മെഡലുറപ്പിച്ച് ലോക ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍

ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യന്‍ ഇതിഹാസം മേരി കോം
'ഇടി'മുഴക്കം തീര്‍ത്ത് വീണ്ടും മേരി കോം; റെക്കോര്‍ഡ് തിരുത്തി, മെഡലുറപ്പിച്ച് ലോക ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍

ഉലന്‍ ഉഡെ (റഷ്യ): ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യന്‍ ഇതിഹാസം മേരി കോം. ആറ് തവണ ലോക കിരീടം സ്വന്തമാക്കിയിട്ടുള്ള മേരി ഏഴാം കിരീടത്തിലേക്കുള്ള യാത്ര തുടരുന്നു. ഒപ്പം ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡലുകളെന്ന സ്വന്തം റെക്കോര്‍ഡും തിരുത്തി. എട്ട് മെഡലുകള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് മേരി ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. 

റഷ്യയില്‍ നടക്കുന്ന വനിതാ ലോക ചാമ്പ്യന്‍ഷിപ്പിന്റെ സെമിയിലേക്ക് മുന്നേറിയാണ് മേരി മെഡല്‍ ഉറപ്പിച്ചത്. 51 കിലോ ഫ്‌ളൈവെയ്റ്റ് വിഭാഗത്തില്‍ മത്സരിക്കുന്ന മേരി ക്വാര്‍ട്ടറില്‍ കൊളംബിയയുടെ വലന്‍സിയ വിക്ടോറിയയെ കീഴടക്കിയാണ് സെമിയിലേക്ക് കുതിച്ചത്. എതിരാളിക്ക് ഒരു പഴുതും അനുവദിക്കാതെ തന്റെ കരുത്തും പരിചയ സമ്പത്തും സമാസമം ചേര്‍ത്തായിരുന്നു 36കാരിയുടെ മുന്നേറ്റം. 

ശനിയാഴ്ച നടക്കുന്ന സെമിയില്‍ രണ്ടാം സീഡ് തുര്‍ക്കിയുടെ തുര്‍ക് ബുസെനസ് കകിരോഗ്ലുവാണ് മേരിയുടെ എതിരാളി. നിലവിലെ യൂറോപ്യന്‍ ചാമ്പ്യയാണ് കകിരോഗ്ലു.

ലോക പോരില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങളെന്ന പെരുമയുമായി ചരിത്രമെഴുതിയാണ് മേരിയുടെ മുന്നേറ്റം. മെഡലുറപ്പാക്കിയതോടെ ലോക പോരിലെ എട്ടാം മെഡലാണ് മേരിക്ക് ലഭിക്കാന്‍ പോകുന്നത്. 

2001ല്‍ തന്റെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയാണ് മേരി ജൈത്ര യാത്രക്ക് തുടക്കമിട്ടത്. പിന്നീട് ആറ് തവണയും സുവര്‍ണ നേട്ടമാണ് ഇതിഹാസ താരം സ്വന്തമാക്കിയത്. ഈ നേട്ടങ്ങളെല്ലാം 48 കിലോ വിഭാഗത്തിലായിരുന്നു. 51 കിലോയില്‍ ഒരു മെഡല്‍ ഉറപ്പാക്കി കഴിഞ്ഞ മേരി ഈ വിഭാഗത്തിലെ ആദ്യ ലോക കിരീടമാണ് ലക്ഷ്യമിടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com