ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം; വിജയം ആവര്‍ത്തിച്ച് പരമ്പര പിടിക്കാന്‍ കൊഹ് ലി പട

ഈ മത്സരത്തില്‍ ജയിച്ചാല്‍ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാം
ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം; വിജയം ആവര്‍ത്തിച്ച് പരമ്പര പിടിക്കാന്‍ കൊഹ് ലി പട


പൂനെ: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് തുടക്കമാകും. ആദ്യ മത്സരത്തിലെ വമ്പന്‍ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം കളിക്കാന്‍ ഇറങ്ങുന്നത്. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ രാവിലെ ഒന്‍പതരയ്ക്കാണ് കളി ആരംഭിക്കുക. ഈ മത്സരത്തില്‍ ജയിച്ചാല്‍ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാം. 

വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റില്‍ 203 റണ്‍സിന്റെ മിന്നും വിജയമാണ് വിരാട് കോലിയും സംഘവും സ്വന്തമാക്കിയത്. കഴിഞ്ഞ കളിയിലെ ബാറ്റിങ്ങിലേയും ബോളിങ്ങിലേയും മികവ് തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. അതേസമയം, വിജയമോ സമനിലയോ നേടി പിടിച്ചു നില്‍ക്കാനാവും ദക്ഷിണാഫ്രിക്ക ശ്രമിക്കുക. 

ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ എന്ന നിലയിലുള്ള കൊഹ് ലിയുടെ 50ാമത്തെ മത്സരമെന്ന പ്രത്യേകതയും രണ്ടാം ടെസ്റ്റിനുണ്ട്. ഇതുവരെ 49 മത്സരങ്ങളില്‍ നിന്ന് 29 വിജയങ്ങള്‍ സ്വന്തമാക്കാന്‍ കൊഹ് ലിക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ വിജയം നേടിയാല്‍ നാട്ടില്‍ തുടര്‍ച്ചയായ 11ാം പരമ്പര വിജയവും ഇന്ത്യക്ക് ആഘോഷിക്കാനാകും.

ആദ്യ ടെസ്റ്റിലെ മികച്ച വിജയം പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. വിരാട് കൊഹ് ലിക്കൊപ്പം കുല്‍ദീപ് യാദവ് പിച്ച് പരിശോധിക്കാനായി എത്തിയെങ്കിലും ആര്‍ അശ്വിന്‍-രവീന്ദ്ര ജഡേജ കോംബോയെ തന്നെ വിശ്വസിക്കാനാണ് ടീം ഇന്ത്യ താത്പര്യപ്പെടുക. ഇരുവരുടെയും ബാറ്റിംഗ് മികവും നിര്‍ണായകമാണ്. അതേസമയം, ഹനുമാന്‍ വിഹാരിക്ക് പകരം സാഹചര്യങ്ങള്‍ പരിഗണിച്ച് ഒരു ബൗളറെ കൂടി ഉള്‍പ്പെടുത്താനുള്ള നീക്കത്തിനും സാധ്യതയുണ്ട്.

വിശാഖപട്ടണത്ത് വിജയം കണ്ട രോഹിക്മായങ്ക് അഗര്‍വാള്‍ കൂട്ട് തന്നെയാകും ഓപ്പണിംഗില്‍ ഇന്ത്യയുടെ ശക്തി. ഒപ്പം ചേതേശ്വര്‍ പൂജാരയും വിരാട് കൊഹ് ലിയും അജിങ്ക്യ രഹാനെയും ചേരുമ്പോള്‍ മധ്യനിരയും കരുത്തുറ്റതാകും. ദക്ഷിണാഫ്രിക്കന്‍ നിരയിലേക്ക് പേസര്‍ ലുഗി എന്‍ഗിഡി തിരിച്ചെത്തും. സ്പിന്നിനെ തുണയ്ക്കുന്ന വിക്കറ്റാണ് പൂനെയില്‍ ഒരുക്കിയിരിക്കുന്നത്. മഴയ്ക്ക് നേരിയ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com