''ചെറുപ്പത്തില്‍ ഒരു ടീ ഷര്‍ട്ട് മാത്രമായിരുന്നു ഉണ്ടായിരുന്നത്, അലക്കിയെടുത്ത് വീണ്ടും വീണ്ടും ഉപയോഗിക്കും''- കഠിന വഴികള്‍ താണ്ടിയതിനെക്കുറിച്ച് ബുമ്‌റ

ബുമ്‌റയെക്കുറിച്ച് ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് പുറത്തു വിട്ട ഒരു വീഡിയോ ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്
''ചെറുപ്പത്തില്‍ ഒരു ടീ ഷര്‍ട്ട് മാത്രമായിരുന്നു ഉണ്ടായിരുന്നത്, അലക്കിയെടുത്ത് വീണ്ടും വീണ്ടും ഉപയോഗിക്കും''- കഠിന വഴികള്‍ താണ്ടിയതിനെക്കുറിച്ച് ബുമ്‌റ

മുംബൈ: സമീപ കാലത്ത് ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് പേസര്‍ ജസ്പ്രിത് ബുമ്‌റ. വ്യത്യസ്തമായ ആക്ഷനും സ്ഥിരതയുള്ള ബൗളിങുമായി ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലും സ്ഥിര സാന്നിധ്യമായി മാറാന്‍ കുറഞ്ഞ കാലം കൊണ്ടു തന്നെ ബുമ്‌റയ്ക്ക് സാധിച്ചു. നിലവില്‍ ഇന്ത്യയുടെ ബൗളിങ് പടയുടെ കുന്തമുനയാണ് ബുമ്‌റയെന്ന് നിസംശയം പറയാം. പരുക്കിനെ തുടര്‍ന്ന് താരമിപ്പോള്‍ ലണ്ടനില്‍ ചികിത്സയിലാണ്.

ബുമ്‌റയെക്കുറിച്ച് ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് പുറത്തു വിട്ട ഒരു വീഡിയോ ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. ''കഴിവ് എവിടെ നിന്ന് വന്നാലും അത് വിജയത്തിന്റെ പരകോടിയിലെത്തിക്കും'' എന്ന കുറിപ്പോടെയാണ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ മുംബൈ ഇന്ത്യന്‍സ് വീഡിയോ പങ്കിട്ടിരിക്കുന്നത്. 

കൗമാരക്കാരനായ ഒരു കുട്ടിയുടെ പരിവര്‍ത്തന യാത്ര നിങ്ങളുമായി പങ്കിടുകയാണെന്ന് ലണ്ടനില്‍ നടന്ന ഒരു സ്‌പോര്‍ട്‌സ് ബിസിനസ് യോഗത്തില്‍ നിത അംബാനി പ്രസംഗിച്ച് തുടങ്ങുന്നതാണ് വീഡിയോയുടെ തുടക്കം. മുംബൈ ഇന്ത്യന്‍സാണ് താരത്തെ കണ്ടെത്തിയതെന്നും നിത പറയുന്നു. 
പിന്നീടാണ് ബുമ്‌റയുടെ ഇന്ത്യന്‍ താരമായുള്ള വളര്‍ച്ചയെക്കുറിച്ചാണ് പറയുന്നത്. 

കുട്ടിക്കാലത്തെ കഷ്ടപ്പാടുകള്‍ ബുമ്‌റയും അമ്മ ദല്‍ജിത്ത് ബുമ്‌റയും ചേര്‍ന്ന് വിവരിക്കുന്നുണ്ട് വീഡിയോയില്‍. ബുമ്‌റയ്ക്ക് അഞ്ച് വയസുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അതോടെയാണ് കുടുംബത്തിന്റെ കഷ്ടപ്പാട് ആരംഭിക്കുന്നതെന്ന് ദല്‍ജിത്ത് പറയുന്നു. 

''അച്ഛന്റെ മരണ ശേഷം ഞാനും അമ്മയും ഒരുപാട് കഷ്ടപ്പെട്ടു. എനിക്ക് ഒരു ജോഡി ഷൂസ് മാത്രമാണുണ്ടായിരുന്നത്. ഒരു ടീ ഷര്‍ട്ടും. എല്ലാ ദിവസവും അത് അലക്കി വീണ്ടും വീണ്ടും ഉപയോഗിക്കുകയാണ് ചെയ്തിരുന്നത്. കഠിനമായ ദിവസങ്ങള്‍ മുന്‍പ് തന്നെ കണ്ടതിനാല്‍ ദുഷ്‌കരമായ സമയങ്ങളെല്ലാം നിങ്ങളെ ശക്തരാക്കുന്നു.''- ബുമ്‌റ പറഞ്ഞു. 

''അവന്‍ ആദ്യമായി ഐപിഎല്ലില്‍ പന്തെറിയുന്നത് ടെലിവിഷനില്‍ കണ്ടപ്പോള്‍ എനിക്ക് കരച്ചില്‍ നിര്‍ത്താന്‍ സാധിച്ചില്ല. സാമ്പത്തികമായും ശാരീരികമായും ഞാന്‍ കഷ്ടപ്പെടുന്നത് അവന്‍ കണ്ടിട്ടുണ്ട്''- ദല്‍ജിത്ത് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com