രണ്ട് പതിറ്റാണ്ടിന്റെ തിളക്കം; അവിസ്മരണീയ നേട്ടങ്ങള്‍; മിതാലി ഇനി സച്ചിനൊപ്പം 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ ഇന്ത്യയെ നയിച്ചതോടെയാണ് രണ്ട് പതിറ്റാണ്ട് താരം പൂര്‍ത്തിയാക്കിയത്
രണ്ട് പതിറ്റാണ്ടിന്റെ തിളക്കം; അവിസ്മരണീയ നേട്ടങ്ങള്‍; മിതാലി ഇനി സച്ചിനൊപ്പം 

വഡോദര: അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ വനിതാ താരമെന്ന തിളങ്ങുന്ന നേട്ടവുമായി ഇന്ത്യയുടെ മിതാലി രാജ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ ഇന്ത്യയെ നയിച്ചതോടെയാണ് രണ്ട് പതിറ്റാണ്ട് താരം പൂര്‍ത്തിയാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം കളിക്കുന്ന ലോകത്തിലെ നാലാമത്തെ താരമായും മിതാലി മാറി. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സനത് ജയസൂര്യ, ജാവേദ് മിയാന്‍ദാദ് എന്നിവരാണ് മിതാലിക്ക് മുന്‍പ് ഈ നേട്ടത്തിലെത്തിയവര്‍. 

1999 ജൂണ്‍ 26ന് 16 വയസുള്ളപ്പോള്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചാണ് മിതാലി തന്റെ ക്രിക്കറ്റ് യാത്രയ്ക്ക് തുടക്കമിട്ടത്. അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി (114) നേടി അരങ്ങേറ്റം അവിസ്മരണീയമാക്കാനും മിതാലിക്ക് സാധിച്ചു.

രാജസ്ഥാന്‍ സ്വദേശിയായ മിതാലി കരിയറിലെ 204ാം ഏകദിന പോരാട്ടമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ചത്. 10 ടെസ്റ്റുകളിലും 89 ടി20 കളിലും കളിച്ച മിതാലി കഴിഞ്ഞ മാസം അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.

വനിതാ ക്രിക്കറ്റിലെ നിരവധി റെക്കോര്‍ഡുകളുടെ ഉടമയാണ് മിതാലി. വനിതാ ക്രിക്കറ്റില്‍ കൂടുതല്‍ മത്സരം കളിച്ച താരം, വനിതാ ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം (16 വയസും 205 ദിവസവും), ടി20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം (2364 റണ്‍സ്) തുടങ്ങിയ റെക്കോര്‍ഡുകള്‍ മിതാലിക്ക് സ്വന്തമാണ്. 2004ല്‍ വിന്‍ഡീസിനെതിരായ പോരില്‍ ടീമിനെ നയിച്ച് ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും മിതാലി സ്വന്തമാക്കി. 

2004നും 2013നും ഇടയില്‍ തുടര്‍ച്ചയായി 109 ഏകദിനങ്ങള്‍ കളിച്ച് മിതാലി, ഈ നേട്ടത്തിലെത്തുന്ന ആദ്യ വനിതാ താരമായി മാറി. വനിതാ ഏകദിനത്തില്‍ 18 തവണ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡുകള്‍ സ്വന്തമാക്കി മിതാലി രണ്ടാം സ്ഥാനത്തുണ്ട്. 20 മാന്‍ ഓഫ് ദി മാച്ചുമായി വിന്‍ഡീസിന്റെ ടെയ്‌ലര്‍ സ്റ്റഫാനിയാണ് ഒന്നാം സ്ഥാനത്ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com