രോഹിത് വീണു; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി
രോഹിത് വീണു; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം

പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഒന്നാം ടെസ്റ്റില്‍ ഓപണറായിയ സ്ഥാനക്കയറ്റം ലഭിച്ച് കളിക്കാനിറങ്ങി രണ്ടിന്നിങ്‌സിലും സെഞ്ച്വറി നേടിയ രോഹിത് 14 റണ്‍സുമായി മടങ്ങി. 35 പന്തുകളാണ് രോഹിത് നേരിട്ടത്. റബാഡയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡി കോക്കിന് പിടി നല്‍കിയാണ് രോഹിത് മടങ്ങിയത്.

ടോസ് നേടി ഇന്ത്യ ബാറ്റിങിനിറങ്ങിനിറങ്ങുകയായിരുന്നു. പത്തോവര്‍ മത്സരം പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സെന്ന നിലയിലാണ്.

ഓപണര്‍ മായങ്ക് അഗര്‍വാള്‍ (13), റണ്ണൊന്നുമെടുക്കാതെ ചേതേശ്വർ പൂജാര എന്നിവരാണ് ക്രീസില്‍. ഈ മത്സരത്തില്‍ ജയിച്ചാല്‍ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാം. 

വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റില്‍ 203 റണ്‍സിന്റെ മിന്നും വിജയമാണ് വിരാട് കോഹ്‌ലിയും സംഘവും സ്വന്തമാക്കിയത്. കഴിഞ്ഞ കളിയിലെ ബാറ്റിങ്ങിലേയും ബൗളിങ്ങിലേയും മികവ് തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. അതേസമയം, വിജയമോ സമനിലയോ നേടി പിടിച്ചു നില്‍ക്കാനാവും ദക്ഷിണാഫ്രിക്ക ശ്രമിക്കുക. 

ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ എന്ന നിലയിലുള്ള കൊഹ്‌ലിയുടെ 50ാമത്തെ മത്സരമെന്ന പ്രത്യേകതയും രണ്ടാം ടെസ്റ്റിനുണ്ട്. ഇതുവരെ 49 മത്സരങ്ങളില്‍ നിന്ന് 29 വിജയങ്ങള്‍ സ്വന്തമാക്കാന്‍ കൊഹ്‌ലിക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ വിജയം നേടിയാല്‍ നാട്ടില്‍ തുടര്‍ച്ചയായ 11ാം പരമ്പര വിജയവും ഇന്ത്യക്ക് ആഘോഷിക്കാനാകും.

ആദ്യ ടെസ്റ്റിലെ മികച്ച വിജയം പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. വിരാട് കൊഹ് ലിക്കൊപ്പം കുല്‍ദീപ് യാദവ് പിച്ച് പരിശോധിക്കാനായി എത്തിയെങ്കിലും ആര്‍ അശ്വിന്‍രവീന്ദ്ര ജഡേജ കോംബോയെ തന്നെ വിശ്വസിക്കാനാണ് ടീം ഇന്ത്യ താത്പര്യപ്പെടുക. ഇരുവരുടെയും ബാറ്റിംഗ് മികവും നിര്‍ണായകമാണ്. അതേസമയം, ഹനുമ വിഹാരിക്ക് പകരം ഉമേഷ് യാദവ് ടീമിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com