ഇത് താന്‍ടാ ഇന്ത്യ! 25 ജയം, ഒരു തോല്‍വി; സ്വന്തം മണ്ണില്‍ തുടരെ 11ാം പരമ്പര ജയം, കോഹ് ലിപ്പടയുടെ മാസ് 

10 ടെസ്റ്റ് പരമ്പരകള്‍ സ്വന്തം മണ്ണില്‍ തുടരെ ജയിച്ച് ഓസ്‌ട്രേലിയ സ്വന്തമാക്കി വെച്ചിരുന്ന റെക്കോര്‍ഡാണ് കോഹ് ലിയും സംഘവും പൊളിച്ചത്
ഇത് താന്‍ടാ ഇന്ത്യ! 25 ജയം, ഒരു തോല്‍വി; സ്വന്തം മണ്ണില്‍ തുടരെ 11ാം പരമ്പര ജയം, കോഹ് ലിപ്പടയുടെ മാസ് 

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയും സ്വന്തമാക്കിയതോടെ സ്വന്തം മണ്ണിലെ തുടര്‍ പരമ്പര ജയങ്ങളില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ. പൂനെ ടെസ്റ്റിലും ജയം പിടിച്ച് സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റിന്റെ പരമ്പര 2-0ന് ഉറപ്പിച്ചതോടെ ഇന്ത്യയുടെ ഇന്ത്യന്‍ മണ്ണിലെ തുടര്‍ച്ചയായ 11ാം പരമ്പര ജയമായി ഇത്. 

10 ടെസ്റ്റ് പരമ്പരകള്‍ സ്വന്തം മണ്ണില്‍ തുടരെ ജയിച്ച് ഓസ്‌ട്രേലിയ സ്വന്തമാക്കി വെച്ചിരുന്ന റെക്കോര്‍ഡാണ് കോഹ് ലിയും സംഘവും പൊളിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ 275 റണ്‍സിന് പുറത്തായ സൗത്ത് ആഫ്രിക്കയെ ഫോളോ ഓണ്‍ ചെയ്യിച്ചതോടെ 11 വര്‍ഷത്തിന് ഇടയില്‍ സൗത്ത് ആഫ്രിക്കയെ ഫോളോ ഓണ്‍ ചെയ്യിക്കുന്ന ആദ്യ ടീമുമായി ഇന്ത്യ. 

2018ല്‍ സൗത്ത് ആഫ്രിക്കന്‍ പരമ്പരയില്‍ 1-2ന് തോറ്റതോടെ ഇന്ത്യയുടെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ട ഫ്രീഡം ട്രോഫിയാണ് കോഹ് ലിയും സംഘവും ഇപ്പോള്‍ തിരികെയെടുത്തത്. ഇന്ത്യയും ഓസ്‌ട്രേലിയയുമല്ലാതെ സ്വന്തം മണ്ണില്‍ എട്ട് തുടര്‍ പരമ്പര ജയം നേടിയ മറ്റൊരു ടീമില്ല. 1994നും 2001നും ഇടയില്‍ തുടരെ 10 പരമ്പര ജയങ്ങളും, 2004നും 2008നും ഇടയില്‍ 10 പരമ്പര ജയങ്ങളുമായി ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. 

2012ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര തോറ്റതാണ് ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യ നേരിട്ട അവസാന തോല്‍വി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി രവീന്ദ്ര ജഡേജയും, ഉമേഷ് യാദവുമാണ് 326 റണ്‍സ് ഫോളോഓണ്‍ ചെയ്ത സൗത്ത് ആഫ്രിക്കയെ നാലാം ദിനം തകര്‍ത്തത്. ഇന്ത്യയുടെ 11 പരമ്പര ജയങ്ങള്‍ ഇങ്ങനെ...

ഇന്ത്യ-സൗത്ത് ആഫ്രിക്ക 2019- 2-0
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് 2018-2-0
ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ 2018- 1-0
ഇന്ത്യ-ശ്രീലങ്ക 2017- 1-0(3)
ഇന്ത്യ-ഓസ്‌ട്രേലി 2017 2-1(4)
ഇന്ത്യ-ബംഗ്ലാദേശ് 2017 1-0
ഇന്ത്യ-ഇംഗ്ലണ്ട് 2016 4-0
ഇന്ത്യ-ന്യൂസിലാന്‍ഡ് 2016 3-0
ഇന്ത്യ-സൗത്ത് ആഫ്രിക്ക 2015 3-0
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് 2013- 2-0
ഇന്ത്യ-ഓസ്‌ട്രേലിയ 2013- 4-0

2013ന് ശേഷമുള്ള ഇന്ത്യയുടെ 25ാം ടെസ്റ്റ് ജയമാണ് ഇത്. ഇതിനിടയില്‍ തോറ്റത് 2017ല്‍ ഒരു മത്സരം. 2013 മുതല്‍ ഇന്ത്യയെ പോലെ ആധിപത്യം പുലര്‍ത്തിയ മറ്റൊരു ടെസ്റ്റ് ടീമില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com