ഫ്ലാറ്റിൽ അതിക്രമിച്ചു കയറി കൂട്ടുകാരെ താമസിപ്പിച്ചു; മനോജ് പ്രഭാകർക്കെതിരെ കേസ്

വ്യാജ രേഖകള്‍ ചമച്ച് ഫ്‌ലാറ്റ് കൈക്കലാക്കിയെന്ന പരാതിയുമായി  സന്ധ്യാ ശര്‍മ എന്ന ലണ്ടനില്‍ കഴിയുന്ന യുവതിയാണ് രംഗത്തെത്തിയത്
ഫ്ലാറ്റിൽ അതിക്രമിച്ചു കയറി കൂട്ടുകാരെ താമസിപ്പിച്ചു; മനോജ് പ്രഭാകർക്കെതിരെ കേസ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം മനോജ് പ്രഭാകറിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു. വഞ്ചന, അനധികൃതമായി കടന്നു കയറല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. വ്യാജ രേഖകള്‍ ചമച്ച് ഫ്‌ലാറ്റ് കൈക്കലാക്കിയെന്ന പരാതിയുമായി  സന്ധ്യാ ശര്‍മ എന്ന ലണ്ടനില്‍ കഴിയുന്ന യുവതിയാണ് രംഗത്തെത്തിയത്. 

സൗത്ത് ഡല്‍ഹിയിലെ സര്‍വപ്രിയ വിഹാര്‍ എന്ന ഫ്‌ലാറ്റില്‍ തന്റെ അപ്പാര്‍ട്ട്‌മെന്റ് മനോജ് പ്രഭാകര്‍ അനധികൃതമായി കയ്യടക്കി 
സുഹൃത്തുക്കളെ താമസിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.  1995ല്‍ തന്റെ ഭര്‍ത്താവ് ലക്ഷ്മി ചന്ദ് പണ്ഡിറ്റിന്റെ പേരില്‍ തങ്ങള്‍ വാങ്ങിയ അപ്പാര്‍ട്ട്‌മെന്റാണ് അതെന്ന് യുവതി പറയുന്നു. തങ്ങളുടെ ബന്ധുക്കളില്‍ ചിലര്‍ അവിടെ കഴിഞ്ഞിരുന്നു. 2018ല്‍ ബന്ധുക്കള്‍ അവിടം വിട്ടതോടെ ആ അപ്പാര്‍ട്ട്‌മെന്റ് അടച്ചിട്ടിരിക്കുകയാണ്. 

എന്നാല്‍ അവര് പോയതിന് പിന്നാലെ അതേ ഫ്‌ലാറ്റിലെ ഒന്നാം നിലയില്‍ താമസിക്കുന്ന മനോജ് പ്രഭാകര്‍ അയാളുടെ സുഹൃത്തുക്കളെ താമസിപ്പിച്ചു. ഫ്‌ലാറ്റിലെ മറ്റ് കുടുംബങ്ങളാണ് ഇക്കാര്യം തന്നെ അറിയിച്ചത്. ഈ വര്‍ഷം സെപ്തംബറില്‍ ഡല്‍ഹിയില്‍ വന്നപ്പോള്‍ ഫ്‌ലാറ്റിലേക്ക് താന്‍ വന്നുവെന്നും, എന്നാല്‍ അവിടെ താമസിച്ചിരുന്നവര്‍ എന്നെ ഫ്‌ലാറ്റിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നും യുവതി പറയുന്നു. 

വ്യാജരേഖകള്‍ തയ്യാറാക്കിയാണ് ഫ്‌ലാറ്റ് കൈക്കലാക്കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി. പ്രഭാകറിനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നും പൊലീസ് പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ മനോജ് പ്രഭാകര്‍ തള്ളി. കഴിഞ്ഞ 23 വര്‍ഷമായി താന്‍ ആ ഫ്‌ലാറ്റില്‍ കഴിയുകയാണെന്നും, ഒരിക്കല്‍ പോലും അങ്ങനെയൊരു യുവതിയെ അവിടെ കണ്ടിട്ടില്ലെന്നും മനോജ് പ്രഭാകര്‍ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com