സര്‍ഫറാസിനെ നീക്കി, പിന്നാലെ പോസ്റ്റ് ചെയ്ത വീഡിയോ വിവാദത്തില്‍ ; പുലിവാല് പിടിച്ച് പിസിബി ; പ്രതിഷേധം

ചെറിയ കുട്ടി ആണോ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്ന് ഒരു ആരാധകന്‍ ചോദിച്ചു
സര്‍ഫറാസിനെ നീക്കി, പിന്നാലെ പോസ്റ്റ് ചെയ്ത വീഡിയോ വിവാദത്തില്‍ ; പുലിവാല് പിടിച്ച് പിസിബി ; പ്രതിഷേധം

ഇസ്ലാമാബാദ് : പാകിസ്ഥാന്‍ ക്രിക്കറ്റ് നായകസ്ഥാനത്തു നിന്നും സര്‍ഫറാസ് അഹമ്മദിനെ നീക്കിയതിന് പിന്നാലെ പാക് ക്രിക്കറ്റ് ബോര്‍ഡ് ഇട്ട ട്വീറ്റ് വിവാദത്തില്‍. പാക് ക്രിക്കറ്റ് താരങ്ങള്‍ നൃത്തം ചെയ്യുന്ന വീഡിയോയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ട്വിറ്റര്‍ പേജില്‍ പിസിബി പോസ്റ്റ് ചെയ്തത്. മറ്റൊരു സന്ദര്‍ഭത്തിലെ വീഡിയോ, സര്‍ഫറാസിനെ നീക്കിയ വാര്‍ത്തകള്‍ക്ക് പിന്നാലെ പോസ്റ്റ് ചെയ്തതാണ് വിവാദമായത്. 

പരിശീലന സമയത്ത് പാക് താരങ്ങള്‍ നൃത്തം ചെയ്യുന്ന വിഡിയോ ആയിരുന്നു പിസിബി ട്വിറ്ററില്‍ പങ്കുവച്ചത്. മറ്റൊരു ട്വീറ്റിനു മറുപടിയായിട്ടായിരുന്നു ഈ പ്രതികരണം. വീഡിയോ വിവാദമായതോടെ ട്വിറ്ററില്‍ നിന്നും പിന്‍വലിച്ചു. തെറ്റായ സമയത്തു വിഡിയോ പങ്കുവച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പിന്നീട് പ്രതികരിച്ചു.

ട്വന്റി20 ലോകകപ്പിന്റെ പ്രൊമോഷന്റെ ഭാഗമായി വിഡിയോ പങ്കുവയ്ക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍ സര്‍ഫറാസിന് പകരം പുതിയ ക്യാപ്റ്റനെ തീരുമാനിച്ച വേളയില്‍ത്തന്നെ വീഡിയോ പങ്കുവെച്ചതാണ് വിവാദത്തിന് കാരണം. അസമയത്ത് വീഡിയോ പങ്കുവെച്ചത് ഉചിതമായില്ലെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 

എന്നാല്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടിയില്‍ പ്രതിഷേധം ശക്തമാണ്. പിസിബിയുടെ പ്രതികരണം ദയനീയമാണെന്നും, ഒട്ടും ബഹുമാനമില്ലാത്തതാണെന്നും ആരാധകര്‍ ആരോപിച്ചു. രണ്ടു വയസ്സുള്ള ചെറിയ കുട്ടി ആണോ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്ന് ഒരു ആരാധകന്‍ ചോദിച്ചു.  ട്വന്റി20, ടെസ്റ്റ് മല്‍സരങ്ങളുടെ ക്യാപ്റ്റന്‍ സ്ഥാനങ്ങളില്‍ നിന്നും സര്‍ഫറാസ് അഹമ്മദിനെ മാറ്റി, ട്വന്റി20യില്‍ ബാബര്‍ അസമിനെയും ടെസ്റ്റില്‍ അസ്ഹര്‍ അലിയെയുമാണ് പുതിയ നായകന്മാരായി പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com