199ല്‍ നില്‍ക്കുമ്പോ പോലും സിക്‌സ് പറത്താനുള്ള ധൈര്യം; നഷ്ടപ്പെട്ട സെവാഗിനെ സെവാഗിന്റെ ജന്മദിനത്തില്‍ തിരികെ കിട്ടി

199 റണ്‍സില്‍ നില്‍ക്കുമ്പോ പോലും റബാഡയെ പോലൊരു ബൗളരെ മിഡ് വിക്കറ്റിന് മുകളിലൂടെ ബൗണ്ടറി ലൈന്‍ തൊടീക്കാതെ പറത്താനുള്ള ധൈര്യം
199ല്‍ നില്‍ക്കുമ്പോ പോലും സിക്‌സ് പറത്താനുള്ള ധൈര്യം; നഷ്ടപ്പെട്ട സെവാഗിനെ സെവാഗിന്റെ ജന്മദിനത്തില്‍ തിരികെ കിട്ടി

സിക്‌സ് പറത്തി സെഞ്ചുറി, സിക്‌സ് പറത്തി ഇരട്ട ശതകം. വീരേന്ദര്‍ സെവാഗ് കളിക്കളം വിട്ടതോടെ നമ്മുടെ കണ്ണില്‍ നിന്ന് മറന്ന ആ തകര്‍ത്തടിക്കാന്‍ ഇതാ വീണ്ടുമെത്തുന്നു. ടെസ്റ്റിലെ ഓപ്പണറായി രോഹിത് ശര്‍മ എത്തുമ്പോള്‍ അടുത്ത വീരേന്ദര്‍ സെവാഗ് എന്ന് പ്രവചിച്ചവര്‍ക്ക് പിഴച്ചില്ല. 199 റണ്‍സില്‍ നില്‍ക്കുമ്പോ പോലും റബാഡയെ പോലൊരു ബൗളരെ മിഡ് വിക്കറ്റിന് മുകളിലൂടെ ബൗണ്ടറി ലൈന്‍ തൊടീക്കാതെ പറത്താനുള്ള ധൈര്യം...സെവാഗിന് ശേഷം ആ ധൈര്യം നമ്മള്‍ കാണുന്നത് രോഹിത്തില്‍ മാത്രം...

കളിക്കാരുടെ ജന്മദിനങ്ങളില്‍ തകര്‍ത്തടിച്ച് സമ്മാനം നല്‍കുന്ന പതിവ് അറിഞ്ഞോ അറിയാതേയോ രോഹിത്തിനൊപ്പം കൂടുന്നുണ്ട്. റാഞ്ചിയില്‍ ഇരട്ട ശതകത്തിലേക്ക് എത്തിയപ്പോഴും ആ പതിവില്‍ മാറ്റമില്ല. സെവാഗിന്റെ ജന്മദിനമായ ഒക്ടോബര്‍ 20ലാണ് തന്റെ ടെസ്റ്റിലെ ആദ്യ ഇരട്ട സെഞ്ചുറിയിലേക്ക് രോഹിത് എത്തിയത്.

ലിഡ്റ്റിനെ സിക്‌സ് പറത്തിയായിരുന്നു മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം രോഹിത് സെഞ്ചുറി കുറിച്ചത്. ഇരട്ട ശതകത്തിലേക്ക് എത്തിയ രോഹിത് ക്രീസ് വിടുമ്പോള്‍ ആകെ പറത്തിയത് ആറ് സിക്‌സും 28 ഫോറും. സ്‌ട്രൈക്ക് റേറ്റ് 83. 43 സിംഗിളുകളും 10 ഡബിള്‍സുമാണ് 212 റണ്‍സിലേക്ക് എത്തിയ രോഹിത്തിന്റെ ഇന്നിങ്‌സില്‍ നിറഞ്ഞത്. അപ്പോഴും 121ല്‍ 148 റണ്‍സും നേടിയത് ബൗണ്ടറിയിലൂടെ.

ടെസ്റ്റിലും ഏകദിനത്തിലും ഇരട്ട ശതകം നേടുന്ന നാലാമത്തെ മാത്രം താരവുമായി രോഹിത്. സച്ചിന്‍, സെവാഗ്, ഗെയ്ല്‍ എന്നിവര്‍ക്ക് ശേഷമാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കുന്നത്. റാഞ്ചിയില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സ് എന്ന നിലയില്‍ നിന്നാണ് രഹാനെയെ കൂട്ടുപിടിച്ച് രോഹിത് ഇന്ത്യയ്ക്ക് തുണയായത്. 267 റണ്‍സിന്റെ കൂട്ടുകെട്ട് ഇരുവരും ചേര്‍ന്ന് തീര്‍ത്തു.

ടെസ്റ്റ് ഓപ്പണറുടെ റോളില്‍ അരങ്ങേറ്റം കുറിച്ച വിശാഖപട്ടണം ടെസ്റ്റില്‍ തന്നെ സെഞ്ചുറി ഇരട്ട ശതകത്തിലേക്ക് എത്തിക്കുമെന്ന് രോഹിത് തോന്നിച്ചിരുന്നു. എന്നാല്‍ 176 റണ്‍സിന് അവിടെ ഇന്നിങ്‌സ് അവസാനിപ്പിക്കേണ്ടി വന്നു.റാഞ്ചി ടെസ്റ്റിന്റെ ആദ്യ സെഷനില്‍ തന്നെ രോഹിത് ഇരട്ട ശതകത്തിലേക്ക് എത്തേണ്ടതായിരുന്നു. എന്നാല്‍, ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുന്‍പുള്ള അവസാന ഓവറില്‍ റബാഡയ്ക്ക് മുന്‍പില്‍ രോഹിത് അല്‍പ്പമൊന്ന് പതറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com