ഇനി കാല്‍പ്പന്തുകളിയുടെ ആവേശത്തിലേക്ക് ; ഐഎസ്എല്ലിന് ഇന്ന് കിക്കോഫ് ; ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്തയ്‌ക്കെതിരെ

നാലു മാസത്തോലം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ 10 ടീമുകളാണ് മാറ്റുരയ്ക്കുന്നത്
ഇനി കാല്‍പ്പന്തുകളിയുടെ ആവേശത്തിലേക്ക് ; ഐഎസ്എല്ലിന് ഇന്ന് കിക്കോഫ് ; ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്തയ്‌ക്കെതിരെ

കൊച്ചി : രാജ്യം ഇനി കാല്‍പ്പന്തുകളിയുടെ ആവേശത്തിലേക്ക്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോല്‍ ടൂര്‍ണമെന്റിന്റെ ആറാം പതിപ്പിന് ഇന്ന് കൊച്ചിയില്‍ കിക്കോഫ്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്ത എടികെയെ നേരിടും. വൈകീട്ട് 7.30 നാണ് കിക്കോഫ്. 

നാലു മാസത്തോലം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ 10 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 10 സംസ്ഥാനങ്ങളിലെ നഗരങ്ങളിലാണ മല്‍സരങ്ങള്‍. ലീഗ് ഘട്ടത്തില്‍ ആകെ 90 മല്‍സരങ്ങള്‍ നടക്കും. രാജ്യാന്തര മല്‍സരങ്ങല്‍ ഉള്ളതിനാല്‍ നവംബര്‍ 10 മുതല്‍ 22 വരെ ഐഎസ്എല്ലിന് ഇടവേളയാണ്. 2020 ഫെബ്രുവരി 23 നാണ് ലീഗ് ഘട്ടം അവസാനിക്കുന്നത്.

ഇക്കുറി ഐഎസ്എല്ലില്‍ രണ്ട് ടീമുകളാണ് പുതുമുഖം. പൂനെ എഫ്‌സിക്ക് പകരം ഹൈദരാബാദ് എഫ്‌സിയും, ഡല്‍ഹി ഡൈനാമോസിന് പകരം ഒഡീഷ എഫ്‌സിയും. ലീഗിലെ അവസാനമല്‍സരം ബ്ലാസ്റ്റേഴ്‌സും ഒഡീഷ എഫ്‌സിയും തമ്മില്‍ ഭുവനേസ്വറിലാണ്. ബംഗലൂരു എഫ്‌സിയാണ് നിലവിലെ ചാമ്പ്യന്മാര്‍.

പുതിയ കോച്ചിനും നായകനും കീഴിലാണ് കേരളത്തിന്റെ മഞ്ഞപ്പട കിരീടം തേടി പന്തുതട്ടാനിറങ്ങുന്നത്. നൈജീരിയന്‍ താരമായ ബെര്‍ത്തലോമി ഒഗ്ബച്ചെയാണ് ഇത്തവണ ബ്ലാസ്‌റ്റേഴ്‌സിന്റെ നായകന്‍. എല്‍ക്കോ ഷട്ടേരിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകന്‍. മുന്‍ നായകനും പ്രതിരോധ നിരയിലെ വിശ്വസ്തനുമായ സന്ദേസ് ജിംഗാന്‍ ഇല്ലാതെയാണ് മഞ്ഞപ്പട ഇന്ന് കളത്തിലിറങ്ങുന്നത്. പരിക്കാണ് ജിംഗാന് വില്ലനായത്. ജിംഗാന് പകരം ഡച്ച് താരം ജിയാനി സുവര്‍ലൂണ്‍ പ്രതിരോധകോട്ടയുടെ കാവല്‍ക്കാരനായേക്കും. മലയാളി താരങ്ങളായ അബ്ദുല്‍ ഹക്കു, സഹല്‍ അബ്ദുള്‍ സമദ്, കെപി രാഹുല്‍ തുടങ്ങിയവരും മഞ്ഞപ്പടയുടെ കരുത്താണ്. 

വിദേശപരിശീലകന്‍ അന്‍രോണിയോ ഹെബാസിന്റെ പരിശീലനത്തിലാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. മലയാളി താരങ്ങളായ അനസ് എടത്തൊടികയും ജോബി ജസ്റ്റിനും ഇന്ന് കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കില്ല. വിലക്കാണ് ഇരുവര്‍ക്കും വിനയായത്. മല്‍സരത്തിന്റെ ടിക്കറ്റ് വില്‍പ്പന തുടരുകയാണ്. കലൂര്‍ സ്‌റ്റേഡിയത്തിലെ കൗണ്ടറുകളില്‍ നിന്ന് രാവിലെ 11 മുതല്‍ ടിക്കറ്റ് തീരുന്നതുവരെ ലഭിക്കും. ഇന്ന് വൈകീട്ട് നാലു മണി മുതല്‍ കാണികളെ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും. ഉദ്ഘാടനച്ചടങ്ങ് ആറുമണിക്ക് ആരംഭിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com