വെളിച്ചക്കുറവ് തല്‍ക്കാലത്തേക്ക് രക്ഷിച്ചു, 9/2ലേക്ക് വീണ് സൗത്ത് ആഫ്രിക്ക; മൂന്നാം ദിനം കടുകട്ടിയാവും

വെളിച്ചക്കുറവിനെ തുടര്‍ന്ന് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 9 റണ്‍സ് എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക
വെളിച്ചക്കുറവ് തല്‍ക്കാലത്തേക്ക് രക്ഷിച്ചു, 9/2ലേക്ക് വീണ് സൗത്ത് ആഫ്രിക്ക; മൂന്നാം ദിനം കടുകട്ടിയാവും

റാഞ്ചി ടെസ്റ്റിന്റെ രണ്ടാം ദിനം വെളിച്ചക്കുറവ് സൗത്ത് ആഫ്രിക്കയെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. വെളിച്ചക്കുറവിനെ തുടര്‍ന്ന് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 9 റണ്‍സ് എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക.

തന്റെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ എല്‍ഗറിനെ രണ്ട് ബോളില്‍ മുഹമ്മദ് ഷമി ഡക്കാക്കി. പന്ത് ലീവ് ചെയ്യാന്‍ എല്‍ഗര്‍ ശ്രമിച്ചപ്പോഴേക്കും വൈകിയിരുന്നു. ബാറ്റിന്റെ പിറകില്‍ ഉരസി പന്ത് സാഹയുടെ കൈകളിലേക്ക്. ഇതോടെ ഒരു വിക്കറ്റ് നഷ്ടത്തില്‍ നാല് റണ്‍സ് എന്ന നിലയില്‍ സൗത്ത് ആഫ്രിക്കയ്ക്ക് പ്രഹരമേറ്റു.

പിന്നാലെ ഉമേഷ് യാദവിന്റെ ഈഴമായിരുന്നു. ഓപ്പണിങ്ങിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ ഡി കോക്കിനെ ഉമേഷ് യാദവ് മടക്കി. ആറ് പന്തില്‍ നിന്ന് ഒരു ബൗണ്ടറിയിലൂടെ നേടിയ നാല് റണ്‍സ് മാത്രമായിരുന്നു ഈ സമയം ഡികോക്കിന്റെ സമ്പാദ്യം. ലെഗ് സ്റ്റംപ് ലൈനിലേക്ക് എത്തിയ ഉമേഷ് യാദവിന്റെ ഷോര്‍ട്ട് ഡെലിവറിയില്‍ എഡ്ജ് ചെയ്ത് പന്ത് സാഹയുടെ കൈകളിലേക്കെത്തി.

ഇതോടെ സൗത്ത് ആഫ്രിക്കയുടെ ഓപ്പണിങ് പരിക്ഷണം പൊളിഞ്ഞ് രണ്ട് ഓപ്പണര്‍മാരും ഡ്രസിങ് റൂമിലേക്ക് മടങ്ങി. രണ്ടാം ദിനം മുഹമ്മദ് ഷമി എറിഞ്ഞ ഒരേയൊരു ഓവര്‍ വിക്കറ്റ് മെയ്ഡനായിരുന്നു. ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ഷഹ്ബാസ് നദീം രണ്ട് ഓവര്‍ എറിഞ്ഞതില്‍ രണ്ടും മെയ്ഡന്‍. പുനെ, വിശാഖപട്ടണം ടെസ്റ്റുകളിലേത് പോലെ അതിജീവിക്കുക എന്നത് റാഞ്ചിയിലും സൗത്ത് ആഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കടുത്ത വെല്ലുവിളിയാണ്.

രണ്ടാം ദിനം രഹാനെയുടെ സെഞ്ചുറിയോടെയാണ് ഇന്ത്യ തുടങ്ങിയത്. മൂന്ന് വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ രഹാനെ സെഞ്ചുറി നേടി. 250ന് മുകളില്‍ രഹാനെ-രോഹിത് കൂട്ടുകെട്ട് തീര്‍ത്തതാണ് ഇന്ത്യയ്ക്ക് തുണയായത്. പിന്നാലെ രോഹിത്ത് ടെസ്റ്റ് കരിയറിലെ തന്റെ ആദ്യ ഇരട്ട ശതകത്തിലേക്ക് എത്തി. രോഹിത്തും സാഹയും മടങ്ങിയതോടെ ഇന്ത്യന്‍ വാലറ്റത്തെ വിക്കറ്റുകള്‍ വേഗത്തില്‍ വീണു. അഞ്ച് സിക്‌സ് പറത്തി ഉമേഷ് യാദവ് തകര്‍ത്തടിച്ചത് സ്‌കോറിങ്ങിന്റെ വേഗം കൂട്ടി. ഒടുവില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 497ല്‍ നില്‍ക്കെ കോഹ് ലി ഡിക്ലയര്‍ ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com