മാറ്റമൊന്നുമില്ല, രണ്ടാം ഇന്നിങ്‌സിലും തകര്‍ച്ച തന്നെ; ദക്ഷിണാഫ്രിക്ക ഫോളോ ഓണ്‍ ചെയ്യുന്നു; മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഷമി

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും ദക്ഷിണാഫ്രിക്ക തകരുന്നു
മാറ്റമൊന്നുമില്ല, രണ്ടാം ഇന്നിങ്‌സിലും തകര്‍ച്ച തന്നെ; ദക്ഷിണാഫ്രിക്ക ഫോളോ ഓണ്‍ ചെയ്യുന്നു; മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഷമി

റാഞ്ചി: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും ദക്ഷിണാഫ്രിക്ക തകരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 497 റണ്‍സിന് ഡിക്ലയര്‍ ചെയ്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് 162 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യ അവരെ ഫോളോ ഓണിന് വിട്ടു. 

335 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കടവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം കിട്ടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലാണ് തുടക്കത്തില്‍ തന്നെ. ക്വിന്റണ്‍ ഡി കോക്ക് (അഞ്ച്), സുബയര്‍ ഹംസ (പൂജ്യം), ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് (നാല്), ടെംബ ബവുമ (പൂജ്യം) എന്നിവരാണ് പുറത്തായത്.

ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നും ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. ആറ് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യയുടെ സ്‌കോറിനൊപ്പമെത്താന്‍ സന്ദര്‍ശകര്‍ക്ക് ഇനിയും 309 റണ്‍സ് കൂടി വേണം. ഓപണര്‍ ഡീന്‍ എല്‍ഗര്‍ 16 റണ്‍സോടെ ക്രീസിലുണ്ട്. ക്ലാസനാണ് എല്‍ഗാറിന് കൂട്ടായി ക്രീസിലുള്ളത്. 

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 162 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷമി, ജഡേജ, ഷഹബാസ് നദീം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സുബയര്‍ ഹംസ (62), ടെംബ ബവുമ (32), ജോര്‍ജ് ലിന്‍ഡെ (37) എന്നിവര്‍ക്ക് മാത്രമാണ് ഇന്ത്യന്‍ ബൗളിങ്ങിനെ അല്‍പ്പമെങ്കിലും പ്രതിരോധിക്കാനായത്.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പത് റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയെ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും ഷഹബാസ് നദീമും ചേര്‍ന്നാണ് പ്രതിരോധത്തിലാക്കിയത്. ഇരുവരുടെയും പന്തുകള്‍ മനസിലാക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ കഷ്ടപ്പെട്ടു.

മൂന്നാം ദിനത്തിലെ തുടക്കത്തില്‍ തന്നെ ഉമേഷ് യാദവ് ദക്ഷിണാഫ്രിക്കന്‍ ഡുപ്ലെസിസിന്റെ (1) കുറ്റി തെറിപ്പിച്ചു. പിന്നാലെ ഹംസയും (62), ബവുമയും (32) ചേര്‍ന്ന് നാലാം വിക്കറ്റില്‍ 91 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഹംസയെ ജഡേജ മടക്കിയപ്പോള്‍ ബവുമയെ നദീം പുറത്താക്കി. പിന്നാലെ ഹെന്റിക് ക്ലാസനും (6) പുറത്തായി.

ഡീന്‍ എല്‍ഗര്‍ (0), ഡി കോക്ക് (4), ഡെയ്ന്‍ പിഡെറ്റ് (4), കഗിസോ റബാഡ (0), ആന്റിച്ച് നോര്‍ഹെ (4) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

നേരത്തെ ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി നേടിയ രോഹിത് ശര്‍മയുടെയും സെഞ്ച്വറി സ്വന്തമാക്കിയ അജിന്‍ക്യ രഹാനെയുടെയും മികവില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 497 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു. രോഹിത് 212 റണ്‍സും രഹാനെ 115 റണ്‍സുമെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com