കളി തുടങ്ങി 13ാം സെക്കന്‍ഡില്‍ തന്നെ ചുവപ്പ് കാര്‍ഡ്! നാണക്കേടിന്റെ റെക്കോര്‍ഡ്; ചരിത്രത്തില്‍ ആദ്യം

13ാം സെക്കന്‍ഡില്‍ തന്നെ ചുവപ്പ് കാര്‍ഡ് വാങ്ങി താരം നാണക്കേടിന്റെ ഒരു റെക്കോര്‍ഡും സ്വന്തമാക്കി
കളി തുടങ്ങി 13ാം സെക്കന്‍ഡില്‍ തന്നെ ചുവപ്പ് കാര്‍ഡ്! നാണക്കേടിന്റെ റെക്കോര്‍ഡ്; ചരിത്രത്തില്‍ ആദ്യം

ഇസ്താംബുള്‍: മത്സരം ആരംഭിക്കുന്നതിനുള്ള വിസില്‍ മുഴങ്ങി. തൊട്ടുപിന്നാലെ കിക്കോഫ്. പന്ത് എതിര്‍ ടീമിന്റെ പോസ്റ്റിന് സമീപത്തേക്ക് അടിക്കുന്നു. പന്ത് പിടിച്ച ഗോള്‍ കീപ്പര്‍ ഉടന്‍ തന്നെ അത് നിലത്തിട്ട് പുറത്തേക്ക് നടക്കുന്നു. തൊട്ടു പിന്നാലെ റഫറി പോക്കറ്റില്‍ നിന്ന് ചുവപ്പ് കാര്‍ഡ് കാണിക്കുന്നു. ഒരെതിര്‍പ്പും പ്രകടിപ്പിക്കാതെ ജേഴ്‌സി കൊണ്ട് മുഖം പൊത്തി ഗോള്‍ കീപ്പര്‍ പുറത്തേക്ക്.

ഇത്രയും സംഭവങ്ങള്‍ നിമിഷങ്ങള്‍ കൊണ്ടു തന്നെ അരങ്ങേറി. തുര്‍ക്കി സൂപ്പര്‍ ലിഗ് പോരാട്ടത്തില്‍ കോന്യസ്‌പോറിന്റെ ഗോള്‍ കീപ്പര്‍ സെര്‍കന്‍ കിരിന്റിലിയാണ് ഈ ഹതഭാഗ്യന്‍. കളി തുടങ്ങി 13ാം സെക്കന്‍ഡില്‍ തന്നെ ചുവപ്പ് കാര്‍ഡ് വാങ്ങി താരം നാണക്കേടിന്റെ ഒരു റെക്കോര്‍ഡും സ്വന്തമാക്കി. തുര്‍ക്കിഷ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ഇത്ര സമയത്തിനുള്ളില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോകുന്നത്.

കോന്യസ്‌പോര്‍- മറ്റിയസ്‌പോര്‍ മത്സരത്തിന്റെ തുടക്കത്തിലാണ് ഈ നാടകീയ സംഭവം അരങ്ങേറിയത്. 34കാരനായ പരിചയ സമ്പത്ത് ഏറെയുള്ള സെര്‍കന്‍ എതിര്‍ താരം കിക്കോഫിന് പിന്നാലെ പോസ്റ്റിന് നേരെ അടിച്ച പന്ത് താരം 18 യാര്‍ഡുള്ള ബോക്‌സിന് പുറത്ത് വന്ന് കൈകൊണ്ടു തൊട്ടതിനാണ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായത്. തുര്‍ക്കിക്കായി മൂന്ന് മത്സരങ്ങള്‍ കളിച്ച താരം കൂടിയാണ് സെര്‍കന്‍. മത്സരത്തില്‍ 2-0ത്തിന് കോന്യസ്‌പോര്‍ പരാജയപ്പെടുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com